കാസർകോട് ∙ പ്രായമായ അച്ഛനും അമ്മയും തനിച്ചുള്ള വീടുകളിൽ ഇവരുടെ പരിചരണം, മാതാപിതാക്കൾ ജോലിക്കാരായ വീടുകളിൽ കുട്ടികളുടെ പരിചരണം, കിടപ്പുരോഗികൾക്കുള്ള പരിചരണം, 40 ദിവസത്തോളം വരുന്ന പ്രസവാനന്തര ശുശ്രൂഷ, ആശുപത്രികളിൽ കൂട്ടിരിപ്പ് അടക്കമുള്ള സേവനം തുടങ്ങിയവയെല്ലാം നിർവഹിക്കാൻ പ്രയാസപ്പെടുന്നുണ്ടോ? വിളിക്കാം കുടുംബശ്രീയുടെ ‘കെ4 കെയർ’ പദ്ധതി അംഗങ്ങളെ.
ജില്ലയിൽ ഇതുവരെ പദ്ധതി പ്രകാരം വയോജനങ്ങൾക്കും കുട്ടികൾക്കും രോഗികൾക്കുമുള്ള പരിചരണത്തിനുള്ള പ്രത്യേക പരിശീലനം പൂർത്തിയാക്കിയത് 74 പേരാണ്. വയോജന- ശിശു പരിപാലനം, രോഗീപരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോർ കെയർ മുഖേന പരിശീലനം നേടിയ എകേസിക്യൂട്ടീവുകൾ സേവനം നൽകുന്നത്.
ആരോഗ്യകരമായ ജീവിതം, വ്യക്തിഗത ശുചിത്വം, രോഗിയുടെ അവകാശങ്ങൾ, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും, നേത്ര സംരക്ഷണം, മുറിവുകൾ ഡ്രസ് ചെയ്യുന്നവിധം, കത്തീട്രൽ കെയർ, വ്യായാമ മുറകൾ, ഇൻസുലിൻ ഇഞ്ചക്ഷൻ നൽകുന്ന വിധം, പേഷ്യന്റ് ട്രാൻസ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളിൽ പരിശീലനം നേടിയ പ്രഫഷനലുകളാണ് ഇവർ.
‘കെ4 കെയർ’ പദ്ധതിയിൽ സംസ്ഥാനത്ത് ഇതുവരെ പരിശീലനം പൂർത്തിയാക്കിയത് 823 പേരാണ്.
ആയിരം വനിതകൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലനം കഴിഞ്ഞാൽ ഏജൻസികൾ കുടുംബശ്രീ മിഷന്റെ അംഗീകാരത്തോടെ പ്ലേസ്മെന്റ് നടത്തുന്നു.
ചിലർ സ്വന്തം നിലയ്ക്കു തന്നെ കെ കെയർ യൂണിറ്റുകൾ രൂപീകരിച്ച് ആവശ്യമായവരുടെ സേവനം നൽകുന്നുമുണ്ട്. വിദേശങ്ങളിലടക്കം ജോലി നേടിയവർ ഉണ്ട് ഇവരിൽ.
എസ്എസ്എൽസി പാസായ 25 നും 45 നും മധ്യേ പ്രായമുള്ളവർക്ക് അതത് ജില്ലകളിൽ 15 ദിവസവും തൃശൂരിൽ 30 ദിവസവുമാണ് പരിശീലനം നൽകുന്നത്.
തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് താമസം, ഭക്ഷണം, പരിശീലനം എന്നിവയുടെയെല്ലാം ചെലവ് കുടുംബശ്രീ തന്നെയാണ് വഹിക്കുന്നത്.
ഡിഗ്രി, നഴ്സിങ് യോഗ്യത നേടിയവരും പരിശീലനത്തിനെത്തുന്നുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കു മാത്രമാണ് പരിശീലനം.കെ4 കെയർ സേവനം ആവശ്യമുള്ളവർക്ക് 8593088066 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ചാർജ് ചുവടെ:
∙വയോജന പരിപാലനം: 1 മണിക്കൂർ 200, 2 മണിക്കൂർ 350 രൂപ, 4 മണിക്കൂർ 500, 8 മണിക്കൂർ 750, 24 മണിക്കൂർ 1000, 15 ദിവസത്തേക്ക് 12500, 30 ദിവസത്തേക്ക് 25000
∙ കിടപ്പു രോഗി പരിചരണം: 1 ഒരു മണിക്കൂർ 250, രണ്ട് മണിക്കൂർ 400,4 മണിക്കൂർ 750, 8 മണിക്കൂർ 1000, 24 മണിക്കൂർ 1200, 15 ദിവസത്തേക്ക് 15000, 30 ദിവസത്തേക്ക് 30000
∙കുട്ടികളുടെ പരിചരണം: 1 മണിക്കൂർ 250, 2 മണിക്കൂർ 400, 4 മണിക്കൂർ 750, 8 മണിക്കൂർ 1000, 24 മണിക്കൂർ 1200, 15 ദിവസം 15000, 30 ദിവസം 30000
∙പ്രസവാനന്തര ശുശ്രൂഷ: 1 മണിക്കൂർ 350, 2 മണിക്കൂർ 500, 4 മണിക്കൂർ 700, 8 മണിക്കൂർ 1000, 24 മണിക്കൂർ 1200, 15 ദിവസം 18000, 30 ദിവസം 30000
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

