വിതുര ∙ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ 10 വയസ്സുകാരനായ കാൻസർ രോഗബാധിതനായ കുട്ടിയടക്കം ആറംഗ കുടുംബത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം വീട്ടിൽനിന്ന് ഇറക്കിവിട്ടു നോട്ടിസ് പതിച്ചതായി പരാതി. വിതുര കൊപ്പം ജംക്ഷനിൽ ഗ്ലാസ് ഹൗസ് കട
നടത്തുന്ന കൊപ്പം സന്ദീപ് ഭവനിൽ സന്ദീപിനെയും കുടുംബത്തിനെതിരയാണ് തിരുവനന്തപുരത്തെ കമ്പനിയുടെ നടപടി. കുട്ടിയുടെ മരുന്നടക്കം വീട്ടിനുള്ളിലായതോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തുകയറ്റി.
ജപ്തിയിൽനിന്ന് തൽക്കാലത്തേക്ക് പിന്മാറണമെന്നും വീട് വിൽക്കുന്നതു വരെ സാവകാശം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടെങ്കിലും ധനകാര്യ സ്ഥാപനം വഴങ്ങിയില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പൊലീസിന്റെ സഹായത്തോടെ എത്തി വൈദ്യുതി ബന്ധം വിഛേദിച്ച് ഫ്യൂസ് വീടിനുള്ളിൽ വച്ച ശേഷം ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ വീട് പൂട്ടിയത്.
നോട്ടിസും പതിച്ചു. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാനസിക വിഷമത്തിലും സാമ്പത്തിക ബാധ്യതയിലും ആയതിനാൽ വീട് ഒഴിയാൻ സാധിക്കില്ലെന്നും പണം തിരിച്ചടയ്ക്കാൻ സാവകാശം നൽകണമെന്നും അഭ്യർഥിച്ചെങ്കിലും വഴങ്ങിയില്ല.
2019ലാണ് സന്ദീപ് ഇൗ സ്ഥാപനത്തിൽ 10 സെന്റ് വീടും സ്ഥലവും പണയപ്പെടുത്തി ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപ വായ്പ എടുത്തത്. കോവിഡ് വന്ന് ബിസിനസ് നഷ്ടത്തിലായതോടെ തിരിച്ചടവ് മുടങ്ങി. പിന്നീട് ബിസിനസ് പച്ചപിടിച്ചതോടെ വീണ്ടും വായ്പ അടച്ചു തുടങ്ങി. ഒരു വർഷം മുൻപ് കുട്ടിക്ക് കാൻസർ സ്ഥിരീകരിച്ചതോടെയാണ് വീണ്ടും തിരിച്ചടവ് താളം തെറ്റിയത്.
വീട് വിറ്റു പണം നൽകാമെന്ന് അറിയിച്ചെങ്കിലും ജപ്തി നടപടികളിലേക്ക് ബാങ്ക് കടക്കുകയായിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം എസ്.സഞ്ജയന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പൂട്ട് പൊളിച്ചത്. സന്ദീപിന്റെ കുടുംബത്തിന് നിയമ സഹായം ഉറപ്പാക്കുമെന്ന് സഞ്ജയൻ ‘മനോരമ’യോടു പറഞ്ഞു.
ധനകാര്യ സ്ഥാപന അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

