കല്ലൂപ്പാറ ∙ ഇരവിപേരൂർ, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ പ്രയാറ്റുകടവ് നീർപ്പാലത്തിന്റെ ഉപരിതലത്തിലെ കോൺക്രീറ്റ് ഇളകി. ഇരവിപേരൂർ പഞ്ചായത്ത് കരയോടു ചേർന്നുള്ള ഭാഗത്താണ് തകർച്ചയുണ്ടായിരിക്കുന്നത്.
കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികളും പുറത്ത് കാണാവുന്ന നിലയിലാണിപ്പോൾ. കമ്പികൾ ഉയർന്നുനിൽക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും അപകടമുണ്ടാകുന്നതിനുമുള്ള സാധ്യതയേറെയാണ്.
തകർച്ചയുണ്ടായ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കാരണം കൂടുതൽ ഭാഗത്തേക്കു കേടുപാടുകൾ വ്യാപിക്കാനും സാധ്യതയുണ്ട്.
നീർപ്പാലത്തോടു ചേർന്ന് കല്ലൂപ്പാറ പഞ്ചായത്ത് കരയിൽ മണിമലയാറിന്റെ തീരം ഇടിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. പാലവും സമീപനപാതയും അപകടഭീഷണിയിലാണ്.
2021 ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിലാണ് കരയുടെ ഭാഗങ്ങൾ ഇടിഞ്ഞത്. പാലവും സമീപനപാതയും സംരക്ഷിക്കുന്നതിനു നിർമാണ പ്രവൃത്തികൾ നടത്തുന്നതിനാവശ്യമായ നടപടിയെടുക്കുമെന്ന് 2023 ജനുവരിയിൽ പാലം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു.
എന്നാൽ, നാളിതുവരെയായി പ്രവൃത്തികളൊന്നും നടന്നിട്ടില്ല. 2023 ജൂലൈയിലെ പ്രളയത്തിലും കരയുടെ ഭാഗങ്ങൾ ഇടിഞ്ഞിരുന്നു.
നീർപ്പാലത്തിലേക്ക് എത്തുന്ന റോഡുകളുടെ ശോച്യാവസ്ഥയും വാഹനയാത്ര ദുഷ്കരമാക്കുന്നു.
ഇരവിപേരൂർ പഞ്ചായത്ത് പ്രദേശത്തെ റോഡ് പുനരുദ്ധരിക്കാൻ നിലവിലുണ്ടായിരുന്ന ടാറിങ് ഇളക്കിയിട്ടിരിക്കുന്നതും ദുരിതമാകുന്നു. കല്ലൂപ്പാറ പഞ്ചായത്ത് കരയിലെ റോഡിൽ വിവിധയിടങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ പലതുകഴിഞ്ഞു.
കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹനയാത്രയ്ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നീർപ്പാലത്തിലെയും ഇവിടേക്ക് എത്തുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]