കൊല്ലം∙ കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിൽ നിന്ന് ഇന്ധനം മാറ്റുന്ന ദൗത്യം പൂർത്തിയായി. സാൽവേജ് ഓപ്പറേഷനിൽ (രക്ഷാദൗത്യം) പങ്കെടുത്ത സതേൺ നോവ, ഓഫ്ഷോർ മൊണാർക്, കാനറ മേഘ് എന്നീ 3 വെസലുകളും കൊല്ലം തീരത്ത് മടങ്ങിയെത്തി.
ദൗത്യസംഘത്തിലുണ്ടായിരുന്ന അറുപത്തിയഞ്ചോളം വിദേശികൾ ഇമിഗ്രേഷൻ നടപടികൾക്കു ശേഷം ഇന്നലെ കൊല്ലം വിട്ടു.
മുങ്ങിയ കപ്പലിന്റെ ടാങ്കുകളിൽ നിന്ന് നീക്കം ചെയ്ത ഇന്ധനം ഓഫ്ഷോർ മൊണാർക്കിലാണ് ശേഖരിച്ചിരിക്കുന്നത്. ഇത് ഇന്നു കൊച്ചിൻ പോർട്ടിലെത്തിക്കും.
സതേൺനോവ ഇന്ന് സിംഗപ്പൂരിലേക്കും കാനറ മേഘ് മുംബൈയിലേക്കും മടങ്ങും. ഒരു മാസത്തിലേറെയായി സാൽവേജ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു.
കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് പല തവണ സാൽവേജ് ഓപ്പറേഷൻ സംഘത്തിന് കൊല്ലം തീരത്തേക്ക് മടങ്ങിയെത്തേണ്ടി വന്നെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.
സ്മിറ്റ് എന്ന വിദേശകമ്പനിയും മെർക് എന്ന ഇന്ത്യൻ കമ്പനിയുമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നിർദേശ പ്രകാരം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡായിരുന്നു കൊല്ലം പോർട്ട് ഏജന്റ്. അമേരിക്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നെതർലൻഡ്സ്, ഫിലിപ്പീൻസ്, തായ്ലൻഡ്, ഇന്തൊനീഷ്യ, മ്യാൻമർ, സിംഗപ്പൂർ, മലേഷ്യ, ബൽജിയം, തെക്കേ ആഫ്രിക്ക, ബൾഗേറിയ, യുകെ, ജപ്പാൻ എന്നീ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 65 പേരാണ് സാൽവേജ് പ്രവർത്തനത്തിൽ പങ്കാളികളായത്.
ഇതിൽ പാലക്കാട്, കോഴിക്കോട് സ്വദേശികളായ മലയാളികൾ ഉൾപ്പെടെ 8 ഇന്ത്യക്കാരുമുണ്ടായിരുന്നു.
എൻജിനീയർ, സൂപ്പർവൈസേഴ്സ്, ടെക്നിഷ്യൻസ് എന്നിവർക്കു പുറമേ കടലിന്റെ അടിത്തട്ടിലുള്ള കപ്പലിൽ നിന്ന് എണ്ണ സുരക്ഷിതമായി ഊറ്റിയെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സാച്ചുറേഷൻ ഡൈവിങ് വിദഗ്ധരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. കൊച്ചി തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ അകലെ മേയ് 24 ന് ആണ് എംഎസ്സി എൽസ കപ്പൽ മുങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]