ഭോപാൽ∙
പതിനേഴുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ കെട്ടിത്താഴ്ത്തിയെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ മോറേന ജില്ലയിലാണ് സംഭവം.
ദിവ്യ സികാർവർ എന്ന പെൺകുട്ടിയെ പിതാവു തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ദുരഭിമാന കൊലയാണെന്ന് സംശയിക്കുന്നതായി അറിയിച്ചു.
പെൺകുട്ടി താഴ്ന്ന ജാതിയിൽപ്പെട്ട യുവാവുമായി സൗഹൃദത്തിലായതാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
പ്ലസ് ടു വിദ്യാർഥിനിയായ ദിവ്യയെ കാണാനില്ലെന്ന് ശനിയാഴ്ച പൊലീസിന് പരാതി ലഭിച്ചു.
തുടർന്നു നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവായ ഭാരത് സികാർവർ മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടിക്കൊണ്ടു പോയി വീടിന് 30 കിലോമീറ്റർ അകലെയുള്ള കുൻവാരി പുഴയിൽ കല്ലുവച്ച് കെട്ടിത്താഴ്ത്തിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ വീട്ടുകാർ പരസ്പരവിരുദ്ധമായി സംസാരിച്ചതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. ആദ്യം ഫാനിൽനിന്ന ഷോക്കേറ്റതാണെന്നും പിന്നീട് ദിവ്യ ആത്മഹത്യ ചെയ്തതാണെന്നും വീട്ടുകാർ പറഞ്ഞു.
എന്നാൽ ഫൊറൻസിക് പരിശോധനയിൽ തലയിൽ വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ കള്ളം പൊളിയുകയായിരുന്നു. എന്നാൽ വെടിവച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയപ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ വീണ്ടും മൊഴി മാറ്റി.
ദിവ്യയാണ് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അമ്മാവന്റെ പേരിൽ അവൾ തന്നെ തോക്ക് സ്വന്തമാക്കി അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. ഇതേ തോക്കു തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ദിവ്യയുടെ മരണത്തിനു പിന്നാലെ അവരുടെ ഇളയ സഹോദരങ്ങളെ വീട്ടിൽനിന്നു മാറ്റിയതും പൊലീസ് അന്വേഷിക്കുകയാണ്.
‘‘മകൾ പരുക്കേറ്റു കിടക്കുന്നതു കണ്ട് ഞാൻ അവളെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടി. എന്നാൽ അവൾ വഴിയിൽവച്ച് മരിച്ചു.
ഇതിൽ പരിഭ്രാന്തനായ ഞാൻ അവളെ പുഴയിൽ അടക്കം ചെയ്യുകയായിരുന്നു’’ എന്നാണ് പിതാവ് ഭരത് മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ വിവരങ്ങൾ അതിനുശേഷം മാത്രമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]