ആലപ്പുഴ∙ ‘നിങ്ങളുടെ ഓരോ ഒപ്പിനും വലിയ വിലയുണ്ട്; ജനാധിപത്യത്തിലെ നമ്മുടെ വോട്ടവകാശത്തിന്റെ വില’ ആലപ്പുഴയിലെ തന്റെ അയൽവീടുകളിൽ കയറിച്ചെന്ന് കെ.സി.വേണുഗോപാൽ എംപി വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടത്തിൽ അവരെ ഒപ്പം ചേർത്തു. വോട്ടുകൊള്ള ആരോപിച്ചു രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രചാരണ പരിപാടികൾക്കു ചുക്കാൻ പിടിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ഇന്നലെ സ്വന്തം മണ്ഡലത്തിൽ ആ ദൗത്യത്തിന്റെ ഭാഗമായി.
വോട്ടുകൊള്ളയിൽ നടപടി ആവശ്യപ്പെട്ടു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് 5 കോടി ഒപ്പുകൾ ശേഖരിച്ച് അയയ്ക്കുന്ന ‘സിഗ്നേച്ചർ ക്യാംപെയ്നിന്റെ ഭാഗമായായിരുന്നു ഭവനസന്ദർശനം. പഴവീട്ടിലെ വീട്ടിൽ നിന്ന് രാവിലെ 10.30നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കുമൊപ്പം കെ.സി.വേണുഗോപാൽ ഇറങ്ങിയത്. ആദ്യം അയൽവാസിയായ രാധാകൃഷ്ണൻ നായരുടെ വീട്ടിലേക്ക്.
‘വോട്ടുകൊള്ള’യ്ക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ വിവരണം.
പിന്നെ വോട്ടിന്റെ വിലയെക്കുറിച്ചും ഈ ഒപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ഓർമപ്പെടുത്തൽ. പിന്നെ അൽപം ക്ഷേമാന്വേഷണം.
കാൽനൂറ്റാണ്ടോളമായി പഴവീട്ടുകാരനായ വേണുഗോപാലിന് എല്ലാ വീടും സുപരിചിതം. റിട്ട.അധ്യാപികയായ വൃന്ദയുടെ വീട്ടിൽ പേയിങ് ഗസ്റ്റുകളായി കുറച്ച് സിഎ വിദ്യാർഥികളുണ്ട്. അതിലൊരാൾ കണ്ണൂർ സ്വദേശി അമൽ.
പറഞ്ഞുവന്നപ്പോൾ പയ്യന്നൂരാണ് വീട്, ബന്ധുക്കൾ വേണുഗോപാലിന്റെ അടുപ്പക്കാർ. ജനാധിപത്യത്തിൽ യുവാക്കളുടെ പങ്ക് ഓർമിപ്പിച്ച് അടുത്ത വീട്ടിലേക്ക്. വഴിയിൽ നിർത്തിയിട്ട
ഓട്ടോ ഡ്രൈവറുമായി സംസാരിക്കാൻ വേണുഗോപാൽ ഓട്ടോയുടെ അകത്തേക്കു കയറി. ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ പരവൂർ സ്വദേശി സുരേഷിനൊപ്പമിരുന്നു കാര്യങ്ങൾ പറഞ്ഞു; ഒപ്പു വാങ്ങി.
പഴവീട്ടിലെ ക്ലിനിക്കിലെത്തി ജീവനക്കാരോടും സംസാരിച്ചു.
ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.ലിജു, എ.എ.ഷുക്കൂർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോൾ ഉസ്മാൻ, ജോൺസൺ ഏബ്രഹാം, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ നെടുമുടി ഹരികുമാർ, കെപിസിസി അംഗം അനിൽ ബോസ്, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ.മാത്യു, ജനറൽ സെക്രട്ടറിമാരായ സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, നഗരസഭാ കോൺഗ്രസ് കക്ഷിനേതാവ് റീഗോ രാജു എന്നിവർ ഒപ്പമുണ്ടായിരുന്നു.
കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതു വോട്ട് കൊള്ളയുടെ ഭാഗം: കെ.സി
ആലപ്പുഴ∙ വോട്ട് കൊള്ളയുടെ ഭാഗമായാണു കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്ക നടപടികൾക്കിടയിൽ കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നത് പ്രായോഗികമല്ല.
2002ലെ വോട്ടർ പട്ടിക മാനദണ്ഡമാക്കി പരിഷ്കരണം നടത്തുമ്പോൾ 2025ലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന 53 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികൾക്കിടയിൽ ഇതു പൂർത്തിയാക്കാനാകില്ല.
ഈ സമയത്തു തന്നെ എസ്ഐആർ നടപ്പാക്കണമെന്നു പറയുന്നതു ദുരുദ്ദേശ്യപരമാണ്. എസ്ഐആർ നീട്ടിവയ്ക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണം. വോട്ട് കൊള്ളയ്ക്കെതിരെ 5 ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നടത്തുന്ന 5 കോടി ഒപ്പുശേഖരണ ക്യാംപെയ്നിന്റെ ഭാഗമായി നഗരത്തിലെ തന്റെ വീടിനു സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ഒപ്പു ശേഖരണത്തിൽ കെ.സി.വേണുഗോപാലും പങ്കാളിയായി.
തമിഴ്നാട്ടിലെ കരൂരിൽ തമിഴ് വെട്രി കഴകത്തിന്റെ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]