ആലപ്പുഴ∙ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ (52) അമ്പലപ്പുഴയിലെ ഭൂമി വാങ്ങിയ പള്ളിപ്പുറം സ്വദേശിയെ ബിന്ദു പത്മനാഭൻ വധക്കേസിൽ പ്രധാന സാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനം. ഈ ഭൂമി വിൽപനയുടെ അഡ്വാൻസ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണു ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നു പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ (68) അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു.
2006 മേയ് 7ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ വച്ചാണ് അമ്പലപ്പുഴയിലെ ഭൂമി വാങ്ങാനെത്തിയ പള്ളിപ്പുറം സ്വദേശി 1.5 ലക്ഷം രൂപ ബിന്ദുവിന് കൈമാറുന്നത്.
ഈ സമയം സെബാസ്റ്റ്യനും വീട്ടിലുണ്ടായിരുന്നു. സെബാസ്റ്റ്യനല്ലാതെ ബിന്ദുവിനെ ജീവനോടെ അവസാനമായി കണ്ട
വ്യക്തി സ്ഥലം വാങ്ങാനെത്തിയ പള്ളിപ്പുറം സ്വദേശിയാണെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. ഇതാണ് ഇയാളെ കേസിലെ പ്രധാന സാക്ഷിയാക്കാൻ കാരണം.
അവസാനമായി കാണുമ്പോൾ പ്രതിയായ സെബാസ്റ്റ്യൻ ബിന്ദുവിന് ഒപ്പം ഉണ്ടായിരുന്നു.
ഇതിനു ശേഷം മറ്റാരും ബിന്ദുവിനെ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഭൂമി വാങ്ങാനെത്തിയ പള്ളിപ്പുറം സ്വദേശിയുടെ മൊഴി സെബാസ്റ്റ്യനെതിരെയുള്ള പ്രധാന തെളിവാകുമെന്നു അന്വേഷണ സംഘം കരുതുന്നു.
9 മാസത്തിനകം റജിസ്ട്രേഷൻ നടത്തുമെന്ന കരാറിലാണ് അഡ്വാൻസ് തുക കൈമാറിയത്. എന്നാൽ അഡ്വാൻസ് കൈപ്പറ്റിയ ശേഷം ബിന്ദുവിനെക്കുറിച്ചു വിവരമില്ലായിരുന്നുവെന്നു ഇയാൾ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി.
തുടർന്ന് സ്ഥലം വിൽപന നടത്തി തന്റെ പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടു ഇയാൾ കോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരം സ്ഥലത്തിന്റെ അവകാശികൾ ഹാജരാകണമെന്നാവശ്യപ്പെട്ടു പത്രങ്ങളിൽ പരസ്യം നൽകിയെങ്കിലും ആരും എത്തിയില്ല. തുടർന്ന് കോടതി സ്ഥലം ലേലം ചെയ്തു.
പള്ളിപ്പുറം സ്വദേശി തന്നെയാണ് ലേലത്തിൽ വസ്തു സ്വന്തമാക്കിയത്. കോടതി നിശ്ചയിച്ച വില സർക്കാരിലേക്ക് അടച്ചു.
ഇതിൽ നിന്ന് അഡ്വാൻസ് തുക തിരികെ കൈപ്പറ്റി.
സെബാസ്റ്റ്യനായിരുന്നു വസ്തുക്കച്ചടവടത്തിന്റെ ഇടനിലക്കാരൻ. ബിന്ദുവിനെക്കുറിച്ചു പലവട്ടം സെബാസ്റ്റ്യനോട് അന്വേഷിച്ചെങ്കിലും വിവരം കിട്ടിയില്ല.
എന്നാൽ ഇതേ സമയത്താണ് ബിന്ദുവിന്റെ ഉടമസ്ഥതയിൽ എറണാകുളം ഇടപ്പള്ളിയിലുണ്ടായിരുന്ന ഭൂമി വിൽപന നടത്താനുള്ള അവകാശം സെബാസ്റ്റ്യനു നൽകിക്കൊണ്ടുള്ള മുക്ത്യാർ റജിസ്റ്റർ െചയ്യുന്നത്. ഇതു വ്യാജമാണെന്നു നേരത്തേ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഈ വ്യാജമുക്ത്യാറും കൊലപാതകക്കേസിൽ തെളിവായി മാറുമെന്ന് അന്വേഷണ സംഘം പറയുന്നു.
മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിയാത്ത കേസിൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കെ.ഹേമന്ത്കുമാറിന്റെയും എസ്ഐ കെ.ആർ.ബിജുവിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
സെബാസ്റ്റ്യനെ ഇന്നു കോടതിയിൽ ഹാജരാക്കും
ബിന്ദു പത്മനാഭൻ വധക്കേസിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതി സി.എം.സെബാസ്റ്റ്യനെ ഇന്നു ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
കസ്റ്റഡി കാലാവധി തീരുന്നതു നാളെയാണെങ്കിലും അന്ന് അവധിയായതു കൊണ്ടാണ് ഇന്നു ഹാജരാക്കുന്നത്. 24നാണ് സെബാസ്റ്റ്യനെ കോടതി 6 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ബിന്ദുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി മൃതദേഹം പല സ്ഥലങ്ങളിൽ കുഴിച്ചിട്ടെന്നും ജീർണിച്ച ശേഷം അസ്ഥികൾ കുഴിച്ചെടുത്തു കത്തിച്ചു ചാരം പലയിടത്തായി കളഞ്ഞെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ ക്രൈം ബ്രാഞ്ചിനോടു സമ്മതിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം പള്ളിപ്പുറത്തെ വീട്ടിൽ ഉൾപ്പെടെ സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

