നിങ്ങൾക്ക് ഒരുപാട് പാഴ്ചെലവ് ഉണ്ടോ, അതു കുറയ്ക്കണം എന്നാഗ്രഹമുണ്ടെങ്കിലും നടക്കുന്നില്ലേ? എളുപ്പത്തിൽ, ഉടനെ ചെയ്യാവുന്ന ഒരു പരിഹാരമുണ്ട്. നല്ലൊരു മ്യൂച്വൽഫണ്ട് കണ്ടെത്തി ഒരു എസ്ഐപി ചേരുക.
ആദ്യത്തെ ഒന്നുരണ്ടു മാസം കുറച്ചു ബുദ്ധിമുട്ടുണ്ടാകും. അതങ്ങു സഹിക്കുക.
വരും മാസങ്ങളിൽ ക്രമേണ നിങ്ങളുടെ ചെലവ് നിക്ഷേപം കഴിച്ചുള്ള തുകയിൽ ഒതുക്കാൻ ഇതു പ്രേരിപ്പിക്കും. വരുമാനം കിട്ടിത്തുടങ്ങുമ്പോൾതന്നെ ഒരു എസ്ഐപിയിൽ ചേർന്നാൽ ബാക്കി തുകയ്ക്കു മാസച്ചെലവുകൾ കൈകാര്യംചെയ്യാൻ ശീലിക്കാം.
എസ്ഐപിയിൽനിന്ന് നല്ലൊരു റിട്ടേൺ ലഭിക്കാൻ നാലഞ്ചു കൊല്ലം കാത്തിരിക്കേണ്ടി വരാം. പക്ഷേ, അതിനകം നിങ്ങളുടെ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ പറ്റിയാൽ അതു വലിയ നേട്ടംതന്നെയാകും.
മാത്രമല്ല, ഏതാനും വർഷം കഴിയുമ്പോൾ നിങ്ങൾപോലും അറിയാതെ നല്ലൊരു തുക സമ്പത്തായി വളർത്തിയെടുക്കാനും കഴിയും.
എസ്ഐപി VS ഇഎംഐ
എല്ലാ മാസവും നിശ്ചിത തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഓട്ടമാറ്റിക്കായി ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി). ഇതുപോലെ ഓട്ടമേറ്റഡായി മാസംതോറും ഡെബിറ്റാകുന്ന മറ്റൊരു ഫിനാൻഷ്യൽ പ്രോഡക്റ്റാണ് ഇഎം ഐ.
എസ്ഐപിയും ഇഎംഐയും ഒരുപോലെ തോന്നിയാലും അവ തമ്മിൽ വലിയ അന്തരമുണ്ട്. ഇന്നത്തെ ആഗ്രഹത്തിന്, വരുംകാല വരുമാനത്തിൽ നിന്നു പണം കണ്ടെത്താനാണ് വായ്പ.
അതിനുള്ള മാസത്തിരിച്ചടവാണ് ഇഎംഐ. എന്നാൽ ഇന്നത്തെ വരുമാനത്തിൽ നിന്നു നാളത്തെ സ്വപ്നത്തിനായി പണം മാറ്റിവയ്ക്കുന്നതാണ് നിക്ഷേപം.
അതിനു മാസംതോറും പണം അടയ്ക്കുന്നതാണ് എസ്ഐപി. ന്യായമായ തോതിലെ വായ്പ നല്ലതാണ്.
സ്ഥിരമായ വരുമാനമുണ്ടെങ്കിൽ യാത്രചെയ്യാൻ വാഹനവും താമസിക്കാൻ വീടും ഇഎംഐ അടിസ്ഥാനത്തിൽ നേരത്തേ സ്വന്തമാക്കാം. ഇഎംഐ മുടങ്ങിയാലുള്ള ഭവിഷ്യത്ത് ആലോചിച്ച് കൂടുതൽ പണിയെടുക്കുന്നവരുണ്ട്. ഇഎംഐ എങ്ങാനും മുടങ്ങിയാൽ പലിശയ്ക്കുമേൽ പലിശയും പിഴയും വരും.
കളക്ഷൻ ഏജന്റ് പടിവാതിലിൽ ഭീഷണിയുമായി എത്തും. സിബിൽ സ്കോർ കുറഞ്ഞാൽ പിന്നെ വായ്പയും കിട്ടില്ല.
എന്നാൽ കൃത്യമായി അടയ്ക്കണം എന്ന പ്രാധാന്യം പലപ്പോഴും എസ്ഐപികൾക്കു കിട്ടാറില്ല. എസ്ഐപി ഇൻസ്റ്റാൾമെന്റ് മുടങ്ങിയാൽ ഒരു പ്രശ്നവും വരാനില്ലെന്ന് നിക്ഷേപകർക്ക് അറിയാം
എസ്ഐപി =ഫിനാൻഷ്യൽ ഡിസിപ്ലിൻ
എസ്ഐപി മാത്രം തരുന്ന മൂല്യമാണ് ഫിനാൻഷ്യൽ ഡിസിപ്ലിൻ.
ഒരു ലോൺ എടുക്കുന്ന ഉപഭോക്താവിന് ഈ ഡിസിപ്ലിൻ ഉണ്ടാവണമെന്നില്ല. കാരണം, മാസം അടയ്ക്കുന്ന ഇഎംഐ നിർബന്ധിതമാണ്.
എന്നാൽ എസ്ഐപി സ്വമേധയാ തോന്നി ചെയ്യേണ്ട ഒന്നാണ്.
ഉദാഹരണത്തിന് ഒരു ചോക്ലേറ്റ് ബാർ നിങ്ങളുടെ കുട്ടിക്കു കൊടുക്കുക.
എന്നിട്ട് അവരോടു പറയൂ, എല്ലാ ദിവസവും ഒരു കഷണം മാത്രം കഴിച്ച് ബാക്കി നാളത്തേക്കു മാറ്റിവയ്ക്കാൻ. ഇതു ചെയ്യുന്നതിലൂടെ അവർ ഡിസിപ്ലിൻ പഠിക്കും.
പക്ഷേ, ഭൂരിപക്ഷം കുട്ടികൾക്കും അതിനു സാധിക്കില്ല. അതുപോലെതന്നെ ബുദ്ധിമുട്ടാണ് നിങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്കു ചെലവാക്കാതെ നാളത്തേക്കുവേണ്ടി മാറ്റിവയ്ക്കുക എന്നത്.
ഇവിടെയാണ് എസ്ഐപി നിങ്ങളെ ഫിനാൻഷ്യൽ ഡിസിപ്ലിൻ പഠിപ്പിക്കുന്നത്.
ഇന്ഷുറൻസ്, മ്യൂച്വൽഫണ്ട് അഡ്വൈസറാണ് ലേഖകൻ
സമ്പാദ്യം മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]