കൊച്ചി ∙ പൊലീസ് തന്നെ തടവിലാക്കാൻ നടപടിയെടുക്കുന്നതായി ഭയപ്പെട്ടു ഹർജി നൽകിയ യുവാവിന് മാനസിക ആരോഗ്യ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ വഴിയൊരുക്കി ഹൈക്കോടതി. കരുതൽ തടങ്കലിലാക്കാൻ അധികൃതർ ശ്രമിക്കുകയാണെന്ന ഭീതിയോടെ ഹർജി നൽകിയ നായരമ്പലം സ്വദേശിക്കാണ് നിയമത്തിന്റെ കരുണാർദ്രമായ മുഖത്തിലൂടെ ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് ആശ്വാസം പകർന്നത്.
ജില്ല പൊലീസ് മേധാവി, വിജിലൻസ്,കാപ്പ അഡ്വൈസറി ബോർഡ് എന്നിവരെ എതിർകക്ഷികളാക്കിയാണ് യുവാവ് (32) ഹർജി നൽകിയത്. അഭിഭാഷകനില്ലാതെ സ്വന്തമായി ഹൈക്കോടതിയിൽ യുവാവ് കേസ് വാദിച്ചു. എന്നാൽ യുവാവിന്റെ ആശങ്കകളിൽ സംശയം തോന്നിയ ഡിവിഷൻ ബെഞ്ച് കെൽസയുടെ കീഴിലുള്ള വിക്ടിം റൈറ്റ്സ് സെന്ററിന്റെ ഭാഗമായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു റഫർ ചെയ്യുകയായിരുന്നു.
യാഥാർഥ്യ ബോധം നഷ്ടപ്പെട്ട മാനസികാവസ്ഥയിലാണ് (സ്കിസോഫ്രീനിയ) യുവാവ് എന്ന് പ്രാഥമിക വിലയിരുത്തലിൽ വ്യക്തമായി.
ഹർജിക്കാരനെതിരെ കേസുകളൊന്നുമില്ലെന്ന് സർക്കാരും അറിയിച്ചു. ഇതോടെ ഹർജി തള്ളാമായിരുന്ന ഡിവിഷൻ ബെഞ്ച് യുവാവിനു കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഇടപെടുകുയായിരുന്നു.
പിതാവിനോടൊപ്പം എത്താൻ യുവാവിനു കോടതി നിർദേശം നൽകി.
ഇരുവരോടും കോടതി സംസാരിച്ചു. ചികിത്സ തേടണമെന്ന കാര്യം ഹർജിക്കാരനെ ബോധ്യപ്പെടുത്തി.
വിക്ടിം റൈറ്റ് സെന്ററിന് നേതൃത്വം നൽകുന്ന അഡ്വ.എ.പാർവതി മേനോന്റെ സേവനവും ഉറപ്പാക്കി. എറണാകുളം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ തുടർചികിത്സയ്ക്കായി യുവാവിനെ പ്രവേശിപ്പിച്ചു.
ഏതാനും ദിവസത്തെ ചികിത്സയിൽ സ്ഥിതി ഏറെ മെച്ചപ്പെട്ടു. മരുന്നുകളും ദീർഘകാല ചികിത്സയും കൊണ്ട് രോഗം ഭേദമാക്കാമെന്നു മെഡിക്കൽ കോളജിലെ ഡോക്ടർമാർ കോടതിയിൽ റിപ്പോർട്ട് നൽകി.
മരുന്നുകൾ തുടരാമെന്നും ഡോക്ടർമാർ നിർദേശിച്ച പോലെ മാനസിക ആരോഗ്യ ചികിത്സ തുടരാമെന്നും യുവാവും അറിയിച്ചു. യുവാവിനു ശോഭനമായ ഭാവി ആംശംസിച്ചാണു ഹർജിയിലെ നടപടികൾ ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]