കൂത്താട്ടുകുളം ∙ ഒലിയപ്പുറം– നടക്കാവ് ഹൈവേയിലെ വാളിയപ്പാടം പാലം പൊളിച്ചു പണിയുന്നത് നീളും. പുനർനിർമാണത്തിനു 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും എസ്റ്റിമേറ്റിലെ തിരുത്തലുകൾക്കായി തിരിച്ചയച്ചു.
പിഡബ്ല്യുഡി ജി വിഭാഗത്തിലുള്ള ഫയൽ മന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. സാങ്കേതിക അനുമതി ലഭിക്കുന്നതിനു കുറഞ്ഞത് ഒരു മാസം കാലതാമസം ഉണ്ടാകും.
തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ നിർമാണച്ചുമതല ഏറ്റെടുക്കണം. ടെൻഡർ നടപടി പൂർത്തിയാക്കുന്നതിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ നടപടികൾ വീണ്ടും വൈകും.
ബലക്ഷയം സംഭവിച്ച പാലം ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം പാലം ഇടിഞ്ഞു താഴ്ന്ന ഭാഗത്തിനു സമീപം ഗർത്തം രൂപപ്പെട്ടു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയിരുന്നു.
ഗർത്തം താൽക്കാലികമായി അടച്ച് വീപ്പകൾ വച്ച് ഈ ഭാഗത്തെ ഗതാഗതം നിരോധിച്ചെങ്കിലും അപകടാവസ്ഥ തുടരുകയാണ്. സ്കൂൾ ബസുകൾ, ടോറസ്–ടിപ്പർ ലോറികൾ, ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്.
പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്ന സ്ഥിതിയാണ്. ഒരുവശത്തെ ഭിത്തിയിൽ വലിയ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
പാലത്തിൽ മാസങ്ങളായി ഒറ്റവരി ഗതാഗത സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ ഭാഗവും ഇപ്പോൾ ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലാണ്.
സാങ്കേതിക അനുമതി വൈകുന്നു: അനൂപ് ജേക്കബ്
കൂത്താട്ടുകുളം∙ ഭരണാനുമതി ലഭിക്കുന്ന വർക്കുകൾക്ക് സാങ്കേതിക അനുമതി ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട
സ്ഥിതിയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.
വാളിയപ്പാടം പാലത്തിന്റെ പുനർ നിർമാണം സംബന്ധിച്ചു ദിവസവും ഓഫിസുകൾ കയറി ഇറങ്ങുകയാണ്. ചുവപ്പ് നാടയിൽ കുരുങ്ങി പദ്ധതികൾ വൈകുന്നത് ഒഴിവാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അതീവ അപകടാവസ്ഥയിലുള്ള വാളിയപ്പാടം പാലം പുനർനിർമിക്കുന്നതിന് നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]