കാഞ്ഞൂർ ∙ അര നൂറ്റാണ്ടായി അവഗണിക്കപ്പെട്ട കാഞ്ഞൂർ നമ്പിള്ളിക്കുളം നവീകരണത്തിലൂടെ വീണ്ടടുത്തു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കാഞ്ഞൂർ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് നിർമാണവും സൗന്ദര്യവൽക്കരണവും പൂർത്തിയാക്കിയ നമ്പിള്ളിക്കുളം മന്ത്രി പി.രാജീവ് നാളെ വൈകിട്ട് 6.30ന് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ മുഖ്യാതിഥിയാകും. വൈകിട്ട് 5നു ‘ആട്ടക്കളം’ നാടൻപാട്ട് അവതരണം നടക്കും.
പഴയകാല കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചയാണ് ഇപ്പോൾ നമ്പിള്ളിക്കുളം.
പ്രകൃതിഭംഗിയും ഗ്രാമീണതയും കുളത്തിനു ചാരുത നൽകുന്നു. ഗ്രാമവാസികൾക്ക് ഉല്ലാസത്തിനും വിശ്രമത്തിനും കുളവും കുളക്കരയും ഇടം നൽകുന്നു.
നമ്പിള്ളി പന്തയ്ക്കൽ ക്ഷേത്രത്തിനു പിറകിലുള്ള പ്രകൃതിദത്തമായ നമ്പിള്ളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. 22 സെന്റ് വിസ്ൃതിയുള്ള കുളത്തിൽ നിന്ന് പുല്ലും പായലും നീക്കി 4 വശവും ഉയരത്തിൽ കരിങ്കൽ കെട്ടി.
കുളത്തിനു ചുറ്റും നടപ്പാത നിർമിക്കുകയും ഇരിപ്പിടങ്ങൾ, വെർട്ടിക്കൽ ഗാർഡുകൾ, സ്റ്റീൽ ഹാൻഡ്റെയിൽ എന്നിവ സ്ഥാപിക്കുകയും ചെയ്തു. കുളത്തിനു ചുറ്റും വൈദ്യുതീകരണം നടത്തി.
പഞ്ചായത്ത് രേഖകളിൽ സർക്കാർ കുളം എന്നു മാത്രമുണ്ടായിരുന്ന കുളത്തിന്റെ നാലതിരുകളും താലൂക്ക് സർവേയർ അളന്നു തിരിച്ചു.
അന്യാധീനപ്പെട്ടു പോയ സ്ഥലം വ്യക്തികളിൽ നിന്നു തിരിച്ചു പിടിച്ചു. പഞ്ചായത്തിന്റെ ആസ്തികളിൽ ഇവ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുളത്തിനു ചുറ്റും ചെടികൾ നടുമെന്ന് ആൻസി ജിജോ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]