മങ്കൊമ്പ് ∙ രണ്ടാംക്കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ നെല്ലിനു ബാക്ടീരിയ ഇലകരിച്ചിൽ രോഗം വ്യാപകമാകുന്നു. കർഷകർ ആശങ്കയിൽ. വെള്ളപ്പൊക്കത്തിന്റെ പ്രതിസന്ധികളെ അതിജീവിച്ചു വിളവിറക്കിയ കർഷകർക്കാണ് ഇലകരിച്ചിൽ പ്രതിസന്ധി.
നെൽച്ചെടികൾ കതിരിടുന്ന സമയത്തുണ്ടാകുന്ന ഇലകരിച്ചിൽ വിളവിനെ ബാധിക്കുമോ എന്ന ആശങ്കയിലാണു കർഷകർ.നെല്ലോലകളുടെ ഇരുവശങ്ങളിലൂടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ താഴേക്കു വ്യാപിക്കുന്ന കരിച്ചിലാണു രോഗലക്ഷണം. ‘സാന്തോമോണസ് ഒറൈസ്’ എന്ന ബാക്ടീരിയയാണു രോഗകാരണം.
ഇലയിൽ മഞ്ഞനിറത്തിലുള്ള നീണ്ട
പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെട്ട് ഇലയുടെ അറ്റത്തുനിന്നു താഴോട്ടു തണ്ടിനരികിലൂടെയോ അരികിലൂടെ മാത്രമോ വളഞ്ഞുപുളഞ്ഞ രേഖകൾ രൂപപ്പെടുകയും ക്രമേണ ആ ഭാഗം കരിഞ്ഞുപോകുകയും ചെയ്യുന്നു.രോഗമുണ്ടെന്നു സംശയിക്കുന്ന ചെടി പറിച്ചെടുത്തു ചെളി കഴുകിയതിനുശേഷം കത്തികൊണ്ടു തണ്ടോ ഇലയോ മുറിച്ച ഭാഗം ചില്ലു ഗ്ലാസിലെ വെള്ളത്തിൽ കുറച്ചു സമയം ഇളകാതെ മുക്കിവയ്ക്കുമ്പോൾ മുറിവിൽനിന്നു പാലുപോലുള്ള ദ്രാവകം ഒലിച്ചിറങ്ങിയാൽ ബാക്ടീരിയൽ ഇലകരിച്ചിലാണെന്ന് ഉറപ്പിക്കാമെന്നു നെല്ലു ഗവേഷണ കേന്ദ്രം മേധാവി ഡോ. എം.സുരേന്ദ്രൻ പറഞ്ഞു.
ജാഗ്രത പുലർത്തുക.
കഴിഞ്ഞ കൃഷിയിൽ ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽ രോഗം വന്ന പാടത്ത് ഇത്തവണത്തെ കൃഷിയിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഈ പാടങ്ങളിൽ നിന്നു ജലസേചനത്തിനായി വെള്ളം കയറ്റിയിറക്കുമ്പോൾ രോഗം മറ്റു പാടങ്ങളിലേക്കും പടരും. നടീൽ സമയത്തു ഞാറിന്റെ അറ്റം മുറിക്കുന്നത്, അധികമായ ജലസേചനം, കളകൾ, താമസിച്ചുള്ള മൂന്നാം വളപ്രയോഗത്തിൽ അമിത നൈട്രജൻ എന്നിവ രോഗ വ്യാപനത്തിന്റെ തീവ്രത കൂട്ടും.
രോഗത്തെ പ്രതിരോധിക്കാം
സ്യൂഡോമോണസ് ഫ്ളൂറസെൻസ് ഉപയോഗിച്ചു (10 ഗ്രാം 1 കിലോഗ്രാം വിത്തിന് എന്ന തോതിൽ) വിത്തു പരിചരണം ചെയ്യുന്നതു രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ പച്ചച്ചാണകം 20 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ കലക്കി 5 മണിക്കൂറിനുള്ളിൽ തെളിയൂറ്റി രോഗം ബാധിച്ച ഭാഗത്തു തളിക്കണം. സഹായത്തിനുമായി ഡോ.
എം.എസ്.സ്വാമിനാഥൻ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക. 0477-2702245, 9447565946.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]