അമ്പലവയൽ ∙ ഗുണമേന്മയുള്ള കുരുമുളക് വള്ളികൾ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 40 ലക്ഷം രൂപ മുടക്കി ആരംഭിച്ച പദ്ധതി വെള്ളത്തിലായി. കാലാവസ്ഥാ വ്യതിയാനത്തിൽ വയനാട്ടിലെ കുരുമുളകുകൃഷി വ്യാപകമായി നശിച്ചതിന് പിന്നാലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021–22 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് എങ്ങുമെത്താതെ നശിച്ചത്.
കർഷകരുമായി ചേർന്ന് മികച്ച കുരുമുളക് വള്ളികൾ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകുകയായിരുന്നു പദ്ധതി. അതിനായി കൃഷി വിജ്ഞാന കേന്ദ്രത്തിൽ സിമന്റ് കാലുകൾ സ്ഥാപിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തു.
എന്നാൽ പ്രാരംഭ പ്രവൃത്തികളല്ലാതെ കാലമിത്രയായിട്ടും ഒരു വള്ളി പോലും ഉൽപാദിപ്പിച്ചില്ല. കർഷകരുടെ കൃഷിയിടങ്ങളിലും അവരുടെ പങ്കാളിത്തത്തോടെയും വള്ളികൾ ഉൽപാദിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും നടപ്പായില്ല.
കുരുമുളക് കൃഷിയിൽ കരകയറാതെ കർഷകർ
ജില്ലയിൽ കുരുമുളക് കൃഷിയിൽ കാര്യമായ തിരിച്ചുവരവിന് ഇപ്പോഴും കർഷകർക്ക് കഴിഞ്ഞിട്ടില്ല. നല്ല വള്ളികളുടെ ലഭ്യതക്കുറവും രോഗബാധകളിൽ നിന്ന് സംരക്ഷിക്കാനാകാത്തതുമാണ് കുരുമുളക് കൃഷിക്കു തിരിച്ചടിയുണ്ടായതിനു കാരണം.
ഇതിന് പരിഹാരമായിട്ടാണ് കർഷകരെ കൂടി ഉൾപ്പെടുത്തി പദ്ധതി തുടക്കമിട്ടത്.
എന്നാൽ, പദ്ധതി നടപ്പായില്ലെന്ന് മാത്രമല്ല, ഇതിനായി അനുവദിച്ച തുക എവിടെ പോയെന്നോ എത്ര രൂപ ചെലവഴിച്ചെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പദ്ധതിക്കായി ബോർഡ് വച്ച് വേർതിരിച്ച സ്ഥലത്ത് ഇപ്പോൾ ചെണ്ടുമല്ലിപ്പൂവാണ് കൃഷി ചെയ്തിരിക്കുന്നത്. കാലങ്ങളായി കുരുമുളക് വള്ളി ഉൽപാദിപ്പിക്കാനുള്ള സ്ഥലത്ത് മറ്റു പല കൃഷികളും നടത്തിവരുന്നു.
പദ്ധതിയുടെ വിവരങ്ങൾ എഴുതി ചേർത്ത ബോർഡും ഇപ്പോഴും ഇവിടെയുണ്ട്.
വള്ളികൾ ഇപ്പോഴും പുറത്ത് നിന്ന്
കാർഷിക സർവകലാശാലയുടെതെന്ന പേരിൽ കേന്ദ്രത്തിൽനിന്നു നൽകുന്ന വള്ളികൾ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നവയാണ്. ഇവിടെ നിന്ന് ചെറിയ വിലയ്ക്ക് വള്ളികൾ വാങ്ങി അവ കാർഷിക സർവകലാശാലയുടെ സ്റ്റിക്കർ പതിപ്പിച്ച് കൂടിയ വിലയ്ക്ക് കർഷകർക്ക് നൽകുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച് നൽകുന്നതാണെന്ന വാഗ്ദാനം നൽകിയാണ് കർഷകരെ ഈ വിധത്തിൽ വഞ്ചിക്കുന്നത്.
ഇവിടെ ഉൽപാദിപ്പിച്ച തൈകളാണെന്ന് അറിയിച്ച് ജില്ലയിലെ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട
വിവിധ പദ്ധതികളിലേക്കും പുറത്തുനിന്ന് വാങ്ങിയ തൈകളാണ് നൽകുന്നത്. പുറത്തു നിന്നുള്ള തൈകൾ സ്വന്തം പേരിൽ വിൽക്കരുതെന്ന് കാർഷിക സർവകലാശാലയുടെ നിർദേശമുണ്ടെങ്കിലും ഇവിടെ വർഷങ്ങളായി ഇതു തുടരുകയാണ്.
കഴിഞ്ഞ കാലങ്ങളിലെ ഒാഡിറ്റ് റിപ്പോർട്ടുകളിൽ വള്ളികൾ പുറമെ നിന്ന് വാങ്ങി ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്ത സംഭവത്തിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ടവർ വലിയ തുക ഇതുവഴി മാറിയെടുത്തതായി കണ്ടെത്തിയിട്ടും ഇപ്പോഴും പുറമെ നിന്ന് വള്ളി വാങ്ങി കർഷകർക്ക് മറിച്ച് വിൽക്കുന്നത് തുടരുകയാണ്.
കോടികളുടെ ക്രമക്കേട്: അന്വേഷണം ഇഴയുന്നു
അമ്പലവയൽ ∙ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ക്രമക്കേടുകളിൽ അന്വേഷണവും നടപടികളും ഇഴയുന്നു. രണ്ട് വർഷങ്ങളിലെ ഒാഡിറ്റ് റിപ്പോർട്ടുകളിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയാകാതെ അനന്തമായി നീട്ടുകയാണ് കാർഷിക സർവകലാശാല.
ഗുരുതരക്രമക്കേടുകളായതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നതിനാലാണ് അവരെ സംരക്ഷിക്കാൻ അന്വേഷണം അനന്തമായി നീട്ടുന്നതെന്നാണ് ആക്ഷേപം.
കർഷകർക്ക് ലഭിക്കേണ്ട എല്ലാ പദ്ധതികളിലും വലിയ ക്രമക്കേടുകളാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ഒാഡിറ്റ് വിഭാഗം കണ്ടെത്തിയത്. കൃത്യമായി നടപടികൾ സ്വീകരിക്കാത്തതിനാൽ കേന്ദ്രത്തിൽ ക്രമക്കേടുകൾ വീണ്ടും തുടർക്കഥയാവുകയായിരുന്നു.
സംഭവങ്ങൾ വിവാദമാകുമ്പോൾ തകൃതിയായ പരിശോധനയും ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി തെളിവെടുക്കലും നടത്തുന്ന കാർഷിക സർവകലാശാല പിന്നീട് അനങ്ങാതെ ഇരിക്കുകയാണ് പതിവ്.
സാമ്പത്തിക ക്രമക്കേടിൽ നടന്ന വിജിലൻസ് അന്വേഷണവും പൊലീസ് അന്വേഷണവുമെല്ലാം ഇപ്പോൾ നിർജീവമായിരിക്കുകയാണ്.സാമ്പത്തിക ക്രമക്കേടിൽ താൽക്കാലിക ജീവനക്കാരനെ അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്യുകയടക്കം ചെയ്തിരുന്നു. എന്നാൽ അന്വേഷണം കൂടുതൽ മുൻപോട്ട് പോയില്ല.
വിജിലൻസും ജീവനക്കാരെയും ഉദ്യോഗസ്ഥരെയുമെല്ലാം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.
നിലവിൽ ജില്ലയിൽ കർഷകർക്ക് ഗുണകരമായ പദ്ധതികളൊന്നും ഇപ്പോൾ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇഞ്ചിയടക്കമുള്ള വിളകൾക്ക് രോഗങ്ങൾ വ്യാപകമാകുമ്പോഴും കാര്യമായ പദ്ധതികളോ പ്രവർത്തനങ്ങളോ നടത്താതെ സ്ഥാപനം നോക്കുകുത്തിയാകുകയാണെന്നാണ് ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]