തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വ്യാപകമായി തുടരുന്നു. മധ്യ-തെക്കൻ കേരളത്തിലാണ് മഴ ഏറ്റവും ശക്തമായിരിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം നഗരത്തിലും സമീപ ഗ്രാമീണ മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായി. നഗരത്തിൽ മാത്രം 14 സ്ഥലങ്ങളിൽ വെള്ളം കയറി.
നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. വേളി പൊഴി മുറിക്കാൻ വൈകിയത് ആക്കുളം-ഉള്ളൂർ റോഡിൽ വെള്ളക്കെട്ടിന് കാരണമായി.
നെയ്യാർ ഡാമിൻ്റെ നാല് ഷട്ടറുകൾ 10 സെൻ്റിമീറ്റർ വീതം തുറന്നു. ഇടുക്കി, പത്തനംതിട്ട
ജില്ലകളിലും കനത്ത മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിലടക്കം രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം റോഡുകൾ നവീകരിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല. പലയിടത്തും വ്യാപാരികൾക്ക് കടകൾ തുറക്കാനായില്ല.
ആക്കുളം-ഉള്ളൂർ റോഡിലുണ്ടായ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. വേളി പൊഴി മുറിക്കുന്നതിൽ കാലതാമസമുണ്ടായതാണ് വെള്ളക്കെട്ടിന് കാരണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ കുറ്റപ്പെടുത്തി.
കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കരമന മേലാറന്നൂരിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിപ്പോയവരെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
കാട്ടാക്കടയിൽ അഞ്ച് വീടുകൾ വെള്ളത്തിലായി. അഞ്ചുതെങ്ങിൻമൂട്, കുളത്തുമ്മൽ തോടിന് സമീപത്തെ വീടുകളിലാണ് വെള്ളം കയറിയത്.
റോഡ് നിർമ്മാണത്തിനായി ഇവിടുത്തെ കലുങ്ക് അടച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. നെയ്യാറ്റിൻകര അരുവിയോട് പാലത്തിൻ്റെ ബണ്ട് തകർന്ന് പാലം അപകടാവസ്ഥയിലായി.
വിളപ്പിൽ ക്ഷേത്രത്തിന് സമീപം എംഎൽഎ ഫണ്ടിൽ നിർമ്മിച്ച വയോജന പാർക്കിൻ്റെ ഭിത്തി ഇടിഞ്ഞുവീണു. 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാർക്ക് മറ്റന്നാൾ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു.
പൊൻമുടി ഉൾപ്പെടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ കൃഷിയിടം ഒലിച്ചുപോയി. കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ വിളകൾ നശിച്ചു.
പാമ്പ്ല അണക്കെട്ടിൻ്റെ ഒരു ഷട്ടർ 30 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട
ഇലന്തൂരിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് സംസ്ഥാന പാതയിലേക്ക് പതിച്ചു. തലയിറയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.
മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെ വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട
ശക്തമായ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഇതിൻ്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് കാലവർഷം ശക്തമായത്. വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]