റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഇതു ധാർമികതയുടെ പ്രശ്നമാണെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതുവഴി കിട്ടുന്ന പണമാണ് യുക്രെയ്നെതിരായ ആക്രമണത്തിന് റഷ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഇന്ത്യയെ ശിക്ഷിക്കണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമില്ല. നിങ്ങൾക്ക് ഈ ഭൂമിയിലെ ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാം.
പക്ഷേ, റഷ്യൻ എണ്ണ പറ്റില്ല – അദ്ദേഹം പറഞ്ഞു.
ഇത് അമേരിക്കയുടെ നിലപാടാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇന്ത്യയ്ക്ക് ഊർജ സുരക്ഷയ്ക്കുള്ള പിന്തുണ നൽകാമെന്നും പറഞ്ഞു. അമേരിക്കയും എണ്ണ വിൽക്കുന്ന രാജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് എണ്ണ കയറ്റുമതി ചെയ്യുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്. റഷ്യൻ എണ്ണ ആർക്കും വേണ്ട.
വിലക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. എന്നാൽ, വേറെയാരും വാങ്ങാത്തതുകൊണ്ടാണ് ഡിസ്കൗണ്ട് വിലയിൽ എണ്ണ വിൽക്കാൻ റഷ്യ നിർബന്ധിതരാകുന്നതെന്നും റൈറ്റ് പറഞ്ഞു.
യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം.
എന്നാൽ, ഉപരോധമുണ്ടായിട്ടും റഷ്യൻ എണ്ണ ഇന്ത്യ, ചൈന, തുർക്കി എന്നിവിടങ്ങളിൽ എത്തുന്നു. ആ പണമാണ് യുക്രെയ്ൻ യുദ്ധത്തെ ഫണ്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്
അതേസമയം, റഷ്യൻ എണ്ണ സംബന്ധിച്ച വിഷയത്തിൽ ചിലർക്ക് ഇരട്ടത്താപ്പാണെന്ന് അമേരിക്കയെ പരോക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ പറഞ്ഞു. സമാധാനത്തിലൂടെ വികസനം വരും, എന്നാൽ വികസനത്തെ തുരങ്കംവച്ച് സമാധാനം കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നത്.
ചർച്ചയിലൂടെയും നയതന്ത്രങ്ങളിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ചിലർ പക്ഷേ, അതിനു നേരെ എതിരായ കാര്യങ്ങൾ ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ ഗ്ലോബൽ സൗത്തിൽ (വികസ്വര രാജ്യങ്ങൾ) ഭക്ഷണം, ഊർജം, വളം തുടങ്ങിയവയുടെ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇവയുടെ വിതരണശൃംഖല, ലഭ്യത, കുറഞ്ഞവില എന്നിവ ഉറപ്പാക്കാൻ ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്നതിന് പകരം എതിർക്കുകയാണ് ചിലരെന്നും ഇരട്ടത്താപ്പാണതെന്നും ജയശങ്കർ പറഞ്ഞു.
ഇറാൻ, റഷ്യ, വെനസ്വേല: കൈവിടാനാവില്ലെന്ന് അമേരിക്കയോട് ഇന്ത്യ
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുകയാണെങ്കിൽ പകരം ഇറാൻ, വെനസ്വേല എന്നിവയുടെ എണ്ണ വാങ്ങാൻ സമ്മതിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ.
നിലവിൽ റഷ്യ, ഇറാൻ, വെനസ്വേല എന്നിവയെ ഒറ്റപ്പെടുത്തുന്നത് രാജ്യാന്തര എണ്ണവില കുത്തനെ കൂടാനിടയാക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് അത് തിരിച്ചടിയാകും.
അതേസമയം റഷ്യ, ഇറാൻ, വെനസ്വേല എന്നിവ മൂന്നും അമേരിക്കയുടെ ഉപരോധം നേരിടുകയാണ്.
റഷ്യൻ എണ്ണ പറ്റില്ലെങ്കിൽ ഇന്ത്യ ഇറാന്റെയോ വെനസ്വേലയുടെയോ എണ്ണ വാങ്ങുമെന്ന് യുഎസുമായുള്ള വ്യാപാരച്ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കിയേക്കും. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
140 കോടിപ്പേരുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞവിലയുള്ള എണ്ണ ഇറക്കുമതി അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ജൂലൈയിലെ കണക്കുപ്രകാരം റഷ്യൻ എണ്ണയ്ക്ക് ബാരലിന് 68.90 ഡോളർ വീതമാണ് ഇന്ത്യ നൽകിയത്.
അതേസമയം, സൗദി എണ്ണയ്ക്ക് 77.50 ഡോളറും യുഎസിന്റെ എണ്ണയ്ക്ക് 74.20 ഡോളറുമായിരുന്നു വില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]