മുഹമ്മ ∙മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 29 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. 1996ൽ പുത്തനങ്ങാടി ബീനാ ടെക്സ്റ്റൈൽസിൽ നിന്ന് തുണിത്തരങ്ങൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയായ ചേർത്തല പാണാവള്ളി പഞ്ചായത്ത് 6-ാം വാർഡ് വിനോദ് ഭവനത്തിൽ വേണുഗോപാലൻ നായരെയാണ് (69) മുഹമ്മ എസ്എച്ച്ഒ ലൈസാദ് മുഹമ്മദും സംഘവും ചേർന്ന് അരയങ്കാവിലെ താമസസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തത്.
1996 സെപ്റ്റംബർ 7 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
വേണുഗോപാലൻ നായരും കൂട്ടുപ്രതിയായ തമിഴ്നാട് ആമ്പല്ലൂർ സ്വദേശിയായ കുഞ്ഞുമോനും ചേർന്ന് വസ്ത്രശാലയുടെ മേൽക്കൂര പൊളിച്ച് അകത്ത് കയറുകയും ആയിരക്കണക്കിന് രൂപയുടെ തുണിത്തരങ്ങൾ മോഷ്ടിച്ച് കോട്ടയം പാമ്പാടിയിലെ മറ്റൊരു തുണിക്കടയിൽ വിൽക്കുകയായിരുന്നു. ചേർത്തല, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലും വേണുഗോപാലനും കൂട്ടാളികളും സമാനമായ രീതിയിൽ ഒട്ടേറെ മോഷണം നടത്തിയിരുന്നു എന്നാണ് പൊലീസ് നിഗമനം.
പുത്തനങ്ങാടി തുണിക്കടയിലെ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ വേണുഗോപാലൻ നായർ അന്ന് താമസിച്ചിരുന്ന പള്ളിപ്പുറത്തു നിന്നും മുങ്ങി കണ്ണൂരിലെ കൊട്ടിയൂരിൽ ഓട്ടോ ഡ്രൈവറായും ഹോട്ടൽ തൊഴിലാളിയായും ജോലി ചെയ്യുകയായിരുന്നു.
അതിനിടയിൽ വീണ്ടും വിവാഹിതനായി. പിന്നീട് കൊട്ടിയൂരിലെ കുടുംബത്തെ ഉപേക്ഷിച്ച ശേഷം ആദ്യ ഭാര്യയും മക്കളുമൊത്ത് പാണാവള്ളി അരയങ്കാവിൽ താമസിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കൂട്ടുപ്രതിയായ കുഞ്ഞുമോൻ കേസിന്റെ വിചാരണവേളയിൽ മരിച്ചു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

