മുരിങ്ങൂർ ∙ ദേശീയപാതയിൽ ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബുകളിലൊന്നു വീണ്ടും തകർന്നു. ഭാരവാഹനങ്ങൾക്ക് ഉൾപ്പെടെ കടന്നുപോകാനുള്ള ശേഷിയിൽ നിർമിച്ചതെന്ന് അവകാശപ്പെട്ടിരുന്ന സ്ലാബ് തകർന്നതിനെ തുടർന്നു പരിശോധിച്ചപ്പോൾ പൊട്ടിയ ഭാഗത്തു കമ്പികളൊന്നും കണ്ടെത്താനായില്ല.
കരാറുകാർ ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നു വ്യക്തമായി.
സ്ലാബ് തകർന്നതു പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കി പകരം ഇരുമ്പു നിർമിത ഗ്രിൽ സ്ഥാപിച്ചു താൽക്കാലികമായി പ്രശ്നം പരിഹരിച്ചു. ഈ ഭാഗത്തു സ്ലാബ് തകർച്ചയുടെ വക്കിലാണെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രശ്നങ്ങൾ പരിശോധിച്ചു യഥാസമയം പരിഹരിക്കേണ്ട ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥയാണു പ്രശ്നത്തിനു വഴിയൊരുക്കിയത്.
ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ ഭാഗങ്ങളിലായി ദേശീയപാതയിൽ അടിപ്പാത, മേൽപാലം എന്നിവയുടെ നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച ഇരുപതിലേറെ സ്ലാബുകളാണു പലഘട്ടങ്ങളിലായി മാറ്റി സ്ഥാപിച്ചത്.
നിർമാണത്തിലെ അപാകത കാരണം ഡ്രെയ്നേജുകളും പലപ്പോഴും പൊളിച്ചുപണിയേണ്ടി വന്നു. സ്ലാബുകൾ പലതും ഇനിയും തകർച്ചയുടെ വക്കിലാണ്.
മാസങ്ങൾക്കു മുൻപു സ്ലാബ് തകർന്നു സ്കൂട്ടർ യാത്രികൻ അപകടത്തിൽ പെട്ടിരുന്നു.
ഡ്രെയ്നേജുകൾ വെള്ളം ഒഴുകിപ്പോകാൻ പര്യാപ്തമല്ലെന്നും ശാസ്ത്രീയമായി പഠനം നടത്തി ഇവ പുനർനിർമിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി റോഡിൽ കുഴിയുണ്ടായതിനു തൊട്ടടുത്തായാണു സ്ലാബ് തകർന്നത്.
ഇന്നലെ വൈകിട്ട് ആറോടെയാണു സ്ലാബ് രണ്ടായി പൊളിഞ്ഞത്. സ്ലാബ് തകർന്നതിനെ തുടർന്നു മണിക്കൂറുകളോളം എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. 3 കിലോമീറ്റർ അകലെ കൊരട്ടി വരെ മുരിങ്ങൂരിൽ നിന്നുള്ള വാഹനങ്ങളുടെ നീണ്ട
നിര നീണ്ടു. റോഡിൽ പല ഭാഗത്തായി കുഴികളുമുണ്ട്.
സുരക്ഷാപ്രശ്നം: ടോൾ വിലക്ക് നീക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി∙ ദേശീയപാത അടിപ്പാത നിർമാണം നടക്കുന്നയിടങ്ങളിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന നിർദേശം കരാറുകാർ പൂർണമായി പാലിച്ചിട്ടില്ലെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ കലക്ടറുടെ റിപ്പോർട്ട്.
വാഹന നീക്കത്തെക്കുറിച്ചുള്ള ഹൈക്കോടതിയുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം മുരിങ്ങൂർ, ആമ്പല്ലൂരിൽ ഭാഗങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വാഹനക്കുരുക്ക് ഉണ്ടായതായും കലക്ടർ അറിയിച്ചു.
ഏതു നിർമാണ മേഖലയിലും ജനം കുറച്ചൊക്കെ സഹിക്കുകയും സഹകരിക്കുകയും വേണമെങ്കിലും സുരക്ഷാപ്രശ്നം ഉന്നയിച്ച സാഹചര്യത്തിൽ ടോൾ വിലക്കു നീക്കാനാകില്ലെന്നു കോടതി പറഞ്ഞു. തീർത്തും മോശമായ റോഡിൽ ടോൾ പിരിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണു കോടതി പരിഗണിക്കുന്നത്.
കേസ് 30നു വീണ്ടും പരിഗണിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]