
മണിപ്പൂർ : മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകൾക്കിടയിലുള്ള ബഫർ സോണിൽ സുരക്ഷാ സേന സ്ഥാപിച്ച ബാരിക്കേഡുകൾക്ക് നേരെ മാർച്ച് നടത്തി ആയിരക്കണക്കിന് പ്രതിഷേധക്കാർ. ഇതിന് പിന്നാലെ സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവിടെയുള്ള ആർമി ബാരിക്കേഡുകൾ തള്ളി നീക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. ചുരാചന്ദ്പൂരിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ടോർബംഗിലെ ആളൊഴിഞ്ഞ വീടുകളിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു പ്രതിഷേധക്കാർ.
മെയ്തേയ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ കോഓർഡിനേഷൻ കമ്മിറ്റിയുടെ (COCOMI) ആഹ്വാനത്തെത്തുടർന്ന് മണിപ്പൂരിലെ മെയ്റ്റി ഭൂരിപക്ഷ താഴ്വര മേഖലയിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധക്കാർ പുറത്തിറങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ മുതൽ ആളുകൾ പ്രദേശത്ത് തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് വൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം, പ്രതിരോധ നടപടിയെന്ന നിലയിൽ അഞ്ച് താഴ്വര ജില്ലകളിൽ പുതിയ കർഫ്യൂ ഏർപ്പെടുത്തി. എന്നാൽ, പ്രതിഷേധക്കാർ കർഫ്യൂ ലംഘിച്ച് ഫൗഗാക്ചാവോ ഇഖായ്യിൽ ഒത്തുകൂടുകയായിരുന്നു.
ഫൗഗാക്ചാവോ ഇഖായിലെ ബാരിക്കേഡുകൾ കാരണം ടോർബംഗിലെ വീടുകളിലേക്ക് മടങ്ങി പോകാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മെയ് മൂന്നിന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ തങ്ങൾ ടോർബംഗിൽ നിന്ന് പലായനം ചെയ്തതായും അവർ പറയുന്നു.
തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു, ആർഎഎഫ്, അസം റൈഫിൾസ്, മണിപ്പൂർ പോലീസ് എന്നിവരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]