കൊച്ചി∙ റോഡ് കയ്യേറി വഴിയോരക്കച്ചവടവും അനധികൃത പാർക്കിങ്ങും; കതൃക്കടവ് ജംക്ഷനിൽ നിത്യം ഗതാഗതക്കുരുക്ക്. കതൃക്കടവ്–തമ്മനം റോഡിന്റെ തുടക്കത്തിൽ വീതി കൂട്ടി ടാർ ചെയ്ത ഭാഗത്താണു റോഡിൽ കച്ചവടം തകർക്കുന്നത്.
റോഡിനു വീതി കൂടുമ്പോൾ ഗതാഗതം സുഗമമാവുകയാണു വേണ്ടതെങ്കിലും കതൃക്കടവിൽ ഇതിനുവിപരീതമാണു കാര്യങ്ങൾ. രാവിലെയും വൈകിട്ടും തിരക്കേറുമ്പോൾ തമ്മനം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും കലൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങളും ജംക്ഷനിൽ ഏറെ നേരം കുരുങ്ങിക്കിടക്കുന്നതായും പരാതി ഉയരുന്നു.
കുപ്പിക്കഴുത്തായി കിടന്ന ജംക്ഷൻ ഏറെ മുറവിളികൾക്കു ശേഷമാണു സ്ഥലം ഏറ്റെടുത്തു വീതി കൂട്ടി ടാർ ചെയ്തത്.
ഇരു ഭാഗത്തേക്കുമായി 4 വാഹനങ്ങൾക്കു വരെ സുഗമമായി കടന്നു പോകാനുള്ള വീതി നിലവിൽ റോഡിന്റെ ഈ ഭാഗത്തുണ്ട്. എന്നാൽ, റോഡ് കയ്യേറിയുള്ള കച്ചവടവും പാർക്കിങ്ങും മൂലം ഇപ്പോൾ 2 വാഹനങ്ങൾ എത്തിയാൽ പോലും കുരുക്കാണ്.
മത്സ്യവും പച്ചക്കറിയും എന്നു വേണ്ട എല്ലാ സാധനങ്ങളും ഇവിടെ റോഡ് കയ്യേറിയാണു വിൽപന.
രാവിലെയും വൈകിട്ടും ഇവ വാങ്ങാനായി ആളെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് കൂടിയാകുമ്പോൾ കാര്യങ്ങൾ അവതാളത്തിലാകുന്നു. റോഡിന്റെ ഇരുവശത്തും നിയന്ത്രണമില്ലാതെയാണ് അനധികൃത പാർക്കിങ്.
ഇതു മൂലം കതൃക്കടവിൽ നിന്നു കാരണക്കോടം വരെ ഗതാഗതക്കുരുക്ക് പതിവാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
തമ്മനം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഇടത്തേക്കു തിരിഞ്ഞു പാലത്തിലേക്കു കയറാനാകാത്ത സ്ഥിതിയാണു പലപ്പോഴും. തമ്മനം ഭാഗത്തു നിന്നു വരുമ്പോൾ റോഡിന്റെ ഇടതു ഭാഗത്തുള്ള പെട്രോൾ പമ്പിനു സമീപത്തായി തടി മുറിച്ചു കൂട്ടിയിടുന്നതും ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്.
ഈ തടി കൊണ്ടു പോകാനെത്തുന്ന ലോറികളുടെ പാർക്കിങ്ങും റോഡരികിൽ തന്നെ. ദിവസങ്ങളോളം തടികൾ റോഡിലിട്ട
ശേഷമാണു നീക്കുന്നത്. കടവന്ത്ര ഭാഗത്തു നിന്നു കതൃക്കടവു പാലമിറങ്ങിയെത്തുന്ന വാഹനങ്ങൾക്കു ജംക്ഷനിൽ നിന്നു നേരെ തമ്മനം റോഡിലേക്കു കടക്കാൻ അനുമതിയില്ല.
കലൂർ ഭാഗത്തു നിന്നു മാത്രമാണു ജംക്ഷനിൽ നിന്നു തമ്മനം റോഡിലേക്കു പ്രവേശനമുള്ളത്.
റോഡിനു വീതി കൂടിയപ്പോൾ ജംക്ഷനിൽ എല്ലാ ഭാഗത്തേക്കും വാഹനങ്ങൾക്കു പ്രവേശനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നിലവിലെ ഗതാഗതക്കുരുക്ക് ഈ സാധ്യതയ്ക്കു വിലങ്ങുതടിയാവുകയാണ്. തമ്മനം റോഡിൽ ഉദയാനഗർ ഭാഗത്ത് റോഡിലുള്ള വലിയ കുഴിയും വാഹനഗതാഗതത്തിനു തടസ്സമാകുന്നുണ്ട്.
വീതി കുറഞ്ഞ ഈ ഭാഗത്തു വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതാണു കാരണം. രാത്രി ഈ മേഖലയിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ഒട്ടേറെ അപകടങ്ങൾക്ക് ഇതു വഴിയൊരുക്കുന്നതായും നാട്ടുകാരും വ്യാപാരികളും പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]