കൽപറ്റ ∙ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസിന് സർവേ നടത്താൻ വിശദപദ്ധതി റിപ്പോർട്ടിനു (ഡിപിആർ) ടെൻഡർ ക്ഷണിച്ചതിനെ സ്വാഗതം ചെയ്തു വയനാട്. താമരശ്ശേരി ചുരത്തിലെ യാത്രാപ്രതിസന്ധിക്കു പരിഹാരമായാണു ചിപ്പിലിത്തോട്–തളിപ്പുഴ ബൈപാസ് പദ്ധതിക്കു ജീവൻ വയ്ക്കുന്നത്.
സർവേ നടപടി ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. വയനാടിന്റെ സാമ്പത്തിക രംഗത്തിനാകെയും ടൂറിസം, കൃഷി മേഖലയ്ക്കു വിശേഷിച്ചും ഊർജം നൽകുന്നതാണു ചുരം ബൈപാസ് പദ്ധതി.
ചുരത്തിലെ യാത്രാപ്രതിസന്ധിക്കു പരിഹാരമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ വയനാട്ടിലേക്കെത്തും. ടൂറിസം മേഖലയിൽ ഉൾപ്പെടെ കൂടുതൽ നിക്ഷേപത്തിനും അതുവഴി തദ്ദേശീയർക്കു തൊഴിൽ ലഭിക്കാനും സാധ്യതയേറും.
ചുരം ബൈപാസിനൊപ്പം കേബിൾ കാർ പദ്ധതി കൂടി പ്രാവർത്തികമായാൽ വലിയ നേട്ടമാകുമെന്നു വിവിധ സംഘടനാപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ദേശീയപാത 766 30–35 മീറ്ററിൽ നാലുവരിയാക്കി വീതികൂട്ടൽ, ചുരം ബൈപാസ് ഉൾപ്പെടെ 5 ബൈപാസുകളുടെ നിർമാണം എന്നിവയ്ക്ക് ഒറ്റ ഡിപിആർ ആണു തയാറാക്കുക. ഒരു കോടി രൂപയാണു ടോക്കൺ തുക. ഒക്ടോബർ 15ന് ടെൻഡർ തുറക്കുമെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംസ്ഥാന പൊതുമരാമത്ത് വകുപ്പും സംസ്ഥാനത്തെ ദേശീയപാതാ വിഭാഗവും തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ നടപടിക്കു തുടക്കമായത്.
നിലവിലെ അലൈൻമെന്റിൽ ചെറിയ മാറ്റമുണ്ടായാലും നേരത്തെ കണക്കാക്കിയതിനേക്കാൾ ദൂരം കൂടാനിടയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചിപ്പിലിത്തോടുനിന്ന് പുറപ്പെട്ട് മരുതിലാവ് വഴി തളിപ്പുഴയിലെത്തുന്നതാണു നിലവിലെ ബൈപാസ് അലൈൻമെന്റ്. സ്ഥല പരിശോധനയും മണ്ണുപരിശോധനയും പൂർത്തിയാക്കി വനംവകുപ്പ് അനുമതി കൂടി കിട്ടിയാൽ എത്രയും വേഗം നിർമാണ പ്രവൃത്തികൾക്കു തുടക്കമിടാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]