ലോക സമ്പദ്വ്യവസ്ഥയ്ക്കുമേൽ വീണ്ടും ആശങ്കയുടെ കാർമേഘം തീർത്ത് മധ്യേഷ്യയും യൂറോപ്പും സംഘർഷ കലുഷിതമാകുന്നു. ആണവ പദ്ധതികൾ സംബന്ധിച്ച് ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കി.
ഇതേ നിലപാട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നലെ യുഎന്നിലെ തന്റെ പ്രസംഗത്തിൽ ആവർത്തിക്കുകയും ചെയ്തതോടെ, ഇറാൻ-യുഎസ് ഭിന്നത കൂടുതൽ കനക്കുമെന്ന ആശങ്ക ശക്തമായി.
ആണവ ആയുധങ്ങൾ നിർമിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിൽ ഇസ്രയേലും തൊട്ടുപിന്നാലെ യുഎസും ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. സമാധാന ചർച്ചകൾ നടത്താൻ തീരുമാനിച്ചിരിക്കേയുള്ള ഈ ആക്രമണം നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് ഇറാൻ പ്രസിഡന്റ് ആരോപിച്ചു.
മുൻവശത്ത് ‘കിൽഡ് ബൈ ഇസ്രയേൽ’ എന്നെഴുതിയ പുസ്തകവും ഉയർത്തിക്കാട്ടിയ പെസെഷ്കിയൻ, ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
യുഎസുമായുള്ള ചർച്ചാസാധ്യതങ്ങൾ അടഞ്ഞെന്ന് കഴിഞ്ഞദിവസം ഖമനയി പറഞ്ഞിരുന്നു. യുറേനിയം പദ്ധതികൾ ഇറാൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നത് യുഎസിനെയും ഇസ്രയേലിനെയും ചൊടിപ്പിച്ചേക്കും.
‘‘സ്വന്തം നേട്ടം ലക്ഷ്യമിട്ടാണ് ട്രംപ് ചർച്ച വേണമെന്ന് പറയുന്നത്. എന്നിട്ടത്, തന്റെ ക്രെഡിറ്റായി മറ്റുള്ളവരോട് വിളിച്ചുംപറയും.
ഇറാന് അത്തരം ചർച്ചകളിൽ നഷ്ടമേ ഉണ്ടാകൂ. അത് അനുവദിക്കാനാവില്ല’’ – ഖമനയി പറഞ്ഞു.
അതേസമയം, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ ചെറുക്കുമെന്ന് അറബ് രാഷ്ട്രങ്ങളുടെ നേതാക്കളോട് ട്രംപ് വ്യക്തമാക്കി.
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം സർവസീമകളുടെയും ലംഘനമായി കണക്കാക്കുമെന്നും യുഎസ് മധ്യസ്ഥതയെടുത്ത് ഉറപ്പാക്കിയ ഇസ്രയേൽ-യുഎഇ സമാധാന ഉടമ്പടി അപ്രസക്തമാകുമെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ യുഎന്നിലെ പ്രസംഗത്തിലേക്കാണ് ഇപ്പോൾ ഏവരും കാതോർക്കുന്നത്.
റഷ്യയുടെ വമ്പൻ പെട്രോകെമിക്കൽ പദ്ധതി തകർത്ത് യുക്രെയ്ൻ
ഇതിനിടെ, റഷ്യൻ എണ്ണ, വാതക പദ്ധതികൾ ഉന്നമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയത് ഈ മേഖലയിൽ കൂടുതൽ ആശങ്കയ്ക്ക് വഴിവച്ചു.
കഴിഞ്ഞ 2 മാസത്തിനിടെ 10ലേറെ റഷ്യൻ റിഫൈനറികൾ തകർത്ത യുക്രെയ്ൻ, ഇന്നലെ റഷ്യയിലെ വമ്പൻ പെട്രോകെമിക്കൽ കോംപ്ലക്സിനു നേരെയും ഡ്രോണുകൾ തൊടുത്തു. ആക്രമണത്തിൽ ബാഷ്കോർതോസ്ഥാൻ മേഖലയിലെ രണ്ട് യൂണിറ്റുകൾ തകർന്നെന്ന് റിപ്പോർട്ടുകളുണ്ട്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ട്രംപ് തന്റെ നിലപാടിൽ വൻ ‘യു-ടേൺ’ അടിച്ച പശ്ചാത്തലത്തിലാണ് യുക്രെയ്ന്റെ ആക്രമണമെന്നതും ശ്രദ്ധേയമാണ്.
റഷ്യ വെറും ‘കടലാസ് പുലി’ ആണെന്നും പോരാട്ടത്തിൽ യുക്രെയ്ൻ ജയിക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നഷ്ടപ്പെട്ട
ഭൂമിയെല്ലാം റഷ്യയിൽ നിന്ന് യുക്രെയ്ൻ പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കടലാസ് പുലിയല്ലെന്നും റഷ്യൻ സേന ബഹുദൂരം മുന്നേറുകയാണെന്നുമായിരുന്നു റഷ്യയുടെ മറുപടി.
ട്രംപ് മുൻകൈ എടുത്ത നടപ്പാക്കനുദ്ദേശിച്ച റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ നീക്കം പാളുന്നതാണ് നിലവിലെ കാഴ്ചകൾ.
യൂറോപ്പിലെ മറ്റു രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ റഷ്യയുടെ ഡ്രോണുകളും യുദ്ധവിമാനങ്ങളും കടക്കുന്നതും പ്രകോപനം സൃഷ്ടിക്കുകയാണ്. അതിർത്തി കടന്നാൽ റഷ്യൻ ഡ്രോണുകൾ വെടിവച്ചിടാൻ യൂറോപ്യൻ രാഷ്ട്രങ്ങളോടും നാറ്റോയോടും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധത്തിനുള്ള നീക്കത്തിലാണ് യുഎസും യൂറോപ്യൻ യൂണിയനും ഇപ്പോൾ.
സാമ്പത്തിരംഗത്ത് ആശങ്കപ്പെയ്ത്ത്
മധ്യേഷ്യ വീണ്ടും കലുഷിതമാകുന്നതും റഷ്യ-യുക്രെയ്ൻ സംഘർഷം കനക്കുന്നതും ആഗോള സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴലാവുകയാണ്. ഇക്കാരണത്താൽ രാജ്യാന്തര എണ്ണവില (ബ്രെന്റ് ക്രൂഡ്) ഇന്നലെ ബാരലിന് 70 ഡോളറിനടുത്ത് എത്തിയെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് അൽപം താഴേക്കിറങ്ങി.
എണ്ണവില കഴിഞ്ഞ 7-ആഴ്ചത്തെ ഉയരത്തിലേക്ക് കയറിയതോടെയാണ് ലാഭമെടുപ്പുണ്ടായത്.
കഴിഞ്ഞദിവസങ്ങളിൽ റെക്കോർഡ് തകർത്ത് മുന്നേറിയ സ്വർണവും ലാഭമെടുപ്പിൽ മുങ്ങി. ഔൺസിന് 3,790 ഡോളർ വരെയെത്തിയ വില ഇപ്പോഴുള്ളത് 3,735 ഡോളറിൽ.
കേരളത്തിൽ ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഇന്നും കുറയാനാണ് സാധ്യത.
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിൽ ജാഗ്രത പുലർത്തുമെന്ന യുഎസ് ഫെഡറൽ റിസർവ് ജെറോം പവലിന്റെ പ്രസ്താവനയാണ് സ്വർണത്തിൽ ലാഭമെടുപ്പ് സമ്മർദം സൃഷ്ടിച്ചത്.
ഓഹരികളിലും നിരാശ
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 55 പോയിന്റ് താഴ്ന്നാണ് വ്യാപാരം ചെയ്തത്. സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടങ്ങിയേക്കുമെന്ന സൂചന ഇതു നൽകുന്നു.
ഇന്നലെ സെൻസെക്സ് 386 പോയിന്റും (-0.47%) നിഫ്റ്റി 112 പോയിന്റും (-0.45%) നഷ്ടം നേരിട്ടിരുന്നു. എച്ച്1ബി വീസ ഫീസ് നിരക്ക് കൂട്ടിയ ട്രംപിന്റെ നടപടിയെ തുടർന്ന് ഐടി ഓഹരികൾ നേരിടു്നന നഷ്ടമാണ് ഓഹരികളെ പ്രധാനമായും ഉലയ്ക്കുന്നത്.
ജിഎസ്ടി ഇളവിനെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ മുന്നേറിയ വാഹന ഓഹരികളിലുണ്ടായ ലാഭമെടുപ്പും തിരിച്ചടിയായി.
ഡോളറിനെതിരെ 88.73 എന്ന സർവകാല താഴ്ചയിലേക്ക് വീണ രൂപ, വ്യാപാരാന്ത്യത്തിൽ 2 പൈസ കയറി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്ഐഐ) വിറ്റൊഴിയൽ മനോഭാവമാണ് ഓഹരികൾ നേരിടുന്ന മറ്റൊരു തിരിച്ചടി.
ഇന്നലെയും അവർ 2,425 കോടി രൂപ പിൻവലിച്ചു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളാണ് നിക്ഷേപകർ ഇപ്പോൾ പ്രധാനമായും ഉറ്റുനോക്കുന്നത്.
∙ എഐ, ചിപ് അധിഷ്ഠിത കമ്പനികളുടെ ഓഹരികളിലുണ്ടായ വിൽപനസമ്മർദത്തെ തുടർന്ന് യുഎസ് ഓഹരികൾ നഷ്ടത്തിലായി.
∙ എസ് ആൻഡ് പി500 സൂചിക 0.28%, നാസ്ഡാക് 0.34%, ഡൗ ജോൺസ് 0.37% എന്നിങ്ങനെ ചുവന്നു.
∙ ഏഷ്യയിൽ ചൈനീസ്, ഹോങ്കോങ് ഓഹരി സൂചികകൾ 0.11% വരെ താഴ്ന്നു.
ജാപ്പനീസ് നിക്കേയ് 0.17% നേട്ടത്തിലേറി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]