ആലപ്പുഴ: ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സി.എം. സെബാസ്റ്റ്യൻ സമ്മതിച്ചു.
സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കേസിൽ പ്രതി ചേർത്തതെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.
ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സെബാസ്റ്റ്യൻ്റെ അറസ്റ്റ്, ബിന്ദുവിൻ്റെ കേസിൽ കഴിഞ്ഞ ദിവസമാണ് ജയിലിലെത്തി രേഖപ്പെടുത്തിയത്. ബിന്ദുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട
അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. സെബാസ്റ്റ്യനുമായി കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും.
ബിന്ദുവുമൊത്ത് സെബാസ്റ്റ്യൻ ഈ സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്നത് കേരളത്തിന് പുറത്തുവെച്ചാണോ എന്നും പോലീസ് സംശയിക്കുന്നു.
അതിനിടെ, ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്ന ഒരു ശബ്ദരേഖയും പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പൻ എന്നയാൾ അയൽവാസിയായ ശശികലയോട് കൊലപാതക വിവരം പറയുന്നതാണ് നാല് വർഷം മുൻപുള്ള ഈ ശബ്ദരേഖ.
2006-ലാണ് ബിന്ദു പത്മനാഭനെ കാണാതായത്. വർഷങ്ങൾക്കുശേഷം 2017 സെപ്റ്റംബർ 17-ന് സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിൽ പരാതി നൽകി.
ബിന്ദുവിനെ കാണാതായതിന് പിന്നാലെ അവരുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ കേസിൽ സെബാസ്റ്റ്യൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ബിന്ദുവുമായി ഇയാൾക്കുണ്ടായിരുന്ന അടുത്ത ബന്ധം പുറത്തുവന്നത്.
തിരോധാനക്കേസിൽ സെബാസ്റ്റ്യൻ സംശയത്തിൻ്റെ നിഴലിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ജൈനമ്മ വധക്കേസിലെ അറസ്റ്റ് നിർണായകമായി ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതാണ് ബിന്ദുവിൻ്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവായത്.
ഈ കേസിൻ്റെ പുനരന്വേഷണത്തിൻ്റെ ഭാഗമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യൻ്റെ പള്ളിപ്പുറത്തെ വീടും പറമ്പും പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് ബിന്ദുവിൻ്റേതാകാമെന്ന നിഗമനത്തിലും മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് ബിന്ദു വധക്കേസിൽ സെബാസ്റ്റ്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

