കോട്ടയം ∙ കോളിളക്കം സൃഷ്ടിച്ച ഇളങ്ങുളം സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് കേസ് 27 വർഷത്തിനു ശേഷം വിചാരണയ്ക്കെടുക്കുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ ഉടൻ ആരംഭിക്കും.
അന്വേഷണ ഉദ്യോഗസ്ഥരായ 4 പൊലീസ് ഓഫിസർമാർ ഇതിനകം മരിച്ചു. സാക്ഷികളിലും പ്രതികളിലും മുഴുവൻ പേരും ജീവിച്ചിരിപ്പില്ല.
ആദ്യ വർഷങ്ങളിൽ തൃശൂർ വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്ന പനമറ്റം മുളങ്കുന്നത്തുപറമ്പിൽ ഗോപിനാഥൻ നായരെ കഴിഞ്ഞ മാർച്ചിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതി യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് പിടിയിലായത്.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഗോപിനാഥൻ നായർ ഇന്നലെ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച കോടതിയിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ ഇളവ് ചെയ്യണമെന്ന അപേക്ഷയിൽ കോടതി 26ന് വാദം കേൾക്കും.
പ്രോസിക്യൂഷനു വേണ്ടി കെ.കെ. ശ്രീകാന്ത് ഹാജരാകും.
1998ലാണ് കേസ് റജിസ്റ്റർ ചെയ്ത് തൃശൂർ വിജിലൻസ് കോടതി അന്വേഷണം ആരംഭിച്ചത്. അന്നു കോട്ടയത്ത് വിജിലൻസ് കോടതി ആരംഭിച്ചിരുന്നില്ല.
വഴിവിട്ടുള്ള വായ്പകൾ, മറ്റ് വെട്ടിപ്പുകൾ
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി 1993–1997 കാലയളവിൽ 12 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
വഴിവിട്ടു വായ്പ നൽകി, വായ്പ പരിധി ലംഘിച്ചു, ഹുണ്ടി–ബിൽ ഡിസ്കൗണ്ടിങ്ങിൽ വെട്ടിപ്പു നടത്തി തുടങ്ങിയ ക്രമക്കേടുകൾ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ആണ് കണ്ടെത്തിയത്.
1957ൽ കപ്പ സഹകരണ സംഘമായി ആരംഭിച്ച സൊസൈറ്റി 1969ൽ ഇളങ്ങുളം സർവീസ് സഹകരണ ബാങ്കായി. എം.ഗോപിനാഥൻ നായർ സെക്രട്ടറിയായിരുന്ന കാലത്താണ് ബാങ്കിന്റെ വളർച്ചയും തകർച്ചയും.
12 കേസുകളിലും സെക്രട്ടറിയാണ് മുഖ്യപ്രതി. അന്നത്തെ ഭരണസമിതിയംഗങ്ങളും ചില ജീവനക്കാരും ചേർന്ന് കോട്ടയം ജില്ലാ വിനോദസഞ്ചാര വികസന സംഘം–സൊസൈറ്റി രൂപീകരിച്ച് ബാങ്കിന്റെ തുക അവിടെ നിക്ഷേപിച്ച് റിയൽ എസ്റ്റേറ്റ്, റിസോർട്ട്, ഹോട്ടൽ മേഖലകളിൽ നിക്ഷേപം നടത്തി.
ഇതു നഷ്ടത്തിലായി. സമരത്തെത്തുടർന്നു സംസ്ഥാന സഹകരണ ബാങ്ക് കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുഖേന നിക്ഷേപകരുടെ മുഴുവൻ പണവും തിരികെ നൽകി.
എന്നാൽ, ക്രമക്കേടുകളിൽ പങ്കുണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കൾ കേസിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]