ആറ്റിങ്ങൽ∙ വാമനപുരം നദിയിൽ പനവേലിപ്പറമ്പ് കടവിന് സമീപം ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി മാലിന്യം കൂടിക്കിടക്കുന്നു. മൂന്ന് മാസം മുൻപ് വൻ തോതിൽ ഒഴുകിയെത്തിയ മുളകളും മറ്റ് മരച്ചില്ലകളുമാണ് നദിയുടെ രണ്ട് കരകളേയും സ്പർശിച്ച് പൂർണമായും ഒഴുക്കു തടസ്സപ്പെടുന്ന രീതിയിൽ കൂടിക്കിടക്കുന്നത്.
നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് , ജൈവ, അജൈവ മാലിന്യങ്ങളും മുളങ്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു. വൻ തോതിലുള്ള മാലിന്യം ഇവിടെ അടിഞ്ഞു കൂടുന്നതായും നദിയിലെ ജലം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നവർ പകർച്ച വ്യാധി ഭീഷണിയിലാണെന്നും നാട്ടുകാർപറഞ്ഞു.
സംഭവം മേജർ ഇറിഗേഷൻ വകുപ്പ് അടക്കമുള്ള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനങ്ങാപ്പാറ നയത്തിലാണെന്നാണ് ആക്ഷേപം
ആറ്റിങ്ങൽ,, ചിറയിൻകീഴ്, വർക്കല , വാമനപുരം നിയോജക മണ്ഡലങ്ങളിൽ പൂർണമായും , നെടുമങ്ങാട്, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിൽ ഭാഗികമായും വാമനപുരം നദിയെ ആണ് ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്.
ശുദ്ധജലവിതരണത്തിനായി വെള്ളം പമ്പ് ചെയ്യുന്ന സ്ഥലത്ത് നിന്നു കഷ്ടിച്ച് മുന്നൂറ് മീറ്ററോളം അകലെയാണ് മാലിന്യം കൂടിക്കിടക്കുന്നത്. മാലിന്യം കൂടിക്കിടക്കുന്നത് രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
മൂന്ന് മാസം മുൻപ് ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭക്ക് കത്ത് നൽകിയിരുന്നതായും , നഗരസഭ മൈനർ ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയെന്ന് വാർഡ് കൗൺസിലർ കൂടിയായ ജീവൻലാൽ പറഞ്ഞു.
വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ സബ്ഡിവിഷന് കീഴിൽ കാരേറ്റ് , അയിലം, എന്നിവിടങ്ങളിൽ ഓരോ പമ്പിങ്ങ് സ്റ്റേഷനും , പൂവമ്പാറക്കും– അവനവഞ്ചേരിക്കും ഇടയിൽ നാല് മേജർ പമ്പ് ഹൗസുകളുമാണ് പ്രവർത്തിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ പനവേലിപ്പറമ്പിൽ വച്ച് നദിയിലെ ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ ഇവിടെ കെട്ടിക്കിടക്കുന്ന മാലിന്യം കൂടിക്കലർന്ന ജലം തിരിച്ചൊഴുകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അമീബിക് മസ്തിഷ്ക ജ്വരം അടക്കം പടരുന്ന നിലവിലെ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആളുകൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
പരിശോധനയിൽ വ്യത്യാസം വന്നിട്ടില്ല:വാട്ടർ അതോറിറ്റി
ആറ്റിങ്ങൽ∙ വിതരണം ചെയ്യുന്ന വെള്ളത്തിന് കൃത്യമായി ഗുണനിലവാര പരിശോധന നടത്താറുണ്ടെന്നും . പരിശോധനകളിൽ ഗുണനിലവാരത്തിൽ ഇതുവരെ വ്യത്യാസം വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, വെള്ളം ഉപയോഗിക്കുന്നവർ പരിഭ്രാന്തരാകേണ്ട
സാഹചര്യം നിലവിലില്ലെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകി– മേജർ ഇറിഗേഷൻ വകുപ്പ്
ആറ്റിങ്ങൽ∙ പനവേലിപ്പറമ്പ് കടവിന് സമീപമുള്ള വാമനപുരം നദിയിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് നൽകിയിട്ടുണ്ടെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ചീഫ് എൻജീനീയറുടെ മറുപടി ലഭിച്ചാലുടൻ തുടർ നടപടികൾ ആരംഭിക്കും.
അടിയന്തരമായി 25000 രൂപ അനുവദിച്ചിരുന്നെങ്കിലും തുക പര്യാപ്തമല്ലാത്തതിനാൽ കരാറുകാർ ജോലി ഏറ്റെടുത്തില്ല. ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക അനുവദിച്ചാലുടൻ കരാർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കും. തുക അനുവദിച്ചു കഴിഞ്ഞാലും പതിനഞ്ച് ദിവസത്തോളം കാലതാമസം പണി ആരംഭിക്കുന്നതിനായി എടുക്കുമെന്നും അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]