പഴയങ്ങാടി∙ താവം റെയിൽവേ മേൽപാലത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തകർച്ച രണ്ട് ഘട്ടമായി പരിഹരിക്കും. പാലത്തിന്റെ കോൺക്രീറ്റ് വരെ തകർന്ന് വലിയ കുഴികൾ ഉണ്ടാകുന്നത് വാഹനയാത്രക്കാരെ കഷ്ടത്തിലാക്കുന്നത് സമീപകാലങ്ങളിൽ വലിയ വിവാദമായിരുന്നു.
ഇതിനു പിന്നാലെ മരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം ഉന്നതതല സംഘം എം.വിജിൻ എംഎൽഎയ്ക്കൊപ്പം കഴിഞ്ഞദിവസം പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ സന്ദർശിച്ചു.
മേൽപാലത്തിൽ കുഴികൾ ഉണ്ടാകുന്നത് പഠന വിധേയമാക്കേണ്ടതാണെന്ന് ഉന്നതതല സംഘം വിലയിരുത്തി. രണ്ട് ഘട്ടങ്ങളിലായാണ് മേൽപാലത്തിൽ നവീകരണം നടത്തുക.
ഒന്നാം ഘട്ടത്തിൽ അതിവേഗത്തിൽ തന്നെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കും. രണ്ടാം ഘട്ടം ദീർഘവീക്ഷണത്തോടുകൂടി പാലത്തിന്റെ സുരക്ഷ ഉൾപ്പെടെ കണക്കിലെടുത്താവും അറ്റകുറ്റപ്പണി നടത്തുക.
ഇതിനായി മരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം, പാലക്കാട് ഐഐടി സംഘം എന്നിവരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട അറ്റകുറ്റപ്പണികൾ നടത്തുക.
നിലവിൽ താവം മേൽപാലത്തിൽ എക്സ്പാൻഷൻ ജോയിന്റിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല.
പാലത്തിൽ കുഴികൾ തന്നെയാണ് ഇവിടുത്തെ വലിയ പ്രശ്നം. മഴക്കാലത്ത് പാലത്തിൽ നിന്ന് മഴവെള്ളം ഇറങ്ങി പോകുന്നില്ലെന്നും ഉന്നതതല സംഘം കണ്ടെത്തിയിട്ടുണ്ട്.
അതിനെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നിർമാണവേളയിൽ പാലത്തിന്റെ കോൺക്രീറ്റിന് മുകളിൽ ടാറിങ് ഷീറ്റ് വിരിച്ച് അതിന് മുകളിലാണ് ടാറിങ് നടത്തിയിട്ടുള്ളത്.
നിലവിൽ പാലത്തിന്റെ തൂണുകൾക്കൊന്നും പ്രശ്നങ്ങളില്ല. പിലാത്തറ,പാപ്പിനിശ്ശേരി റോഡ് നവീകരിക്കുന്നതിന് 18 കോടിയുടെ നടപടികൾ പൂർത്തിയായി കഴിഞ്ഞു.
എത്രയും വേഗം നവീകരണം ആരംഭിക്കും. അതിനുമുന്നേ തന്നെ താവം റെയിൽവേ മേൽപാലത്തിലൂടെ വാഹനയാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]