കോഴിക്കോട് ∙ ജില്ലയിൽ നടപ്പാക്കുന്ന ‘ജലമാണ് ജീവൻ’ ക്യാംപെയ്നിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾക്കെതിരെ നടത്തിയ ക്യാംപെയ്ൻ ഏറെ ഫലപ്രദമായിരുന്നുവെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു.
ഹരിത കേരളം മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.
ക്യാംപെയ്നുകൾക്കൊപ്പം ജില്ലയിലെ സ്വിമ്മിങ് പൂളുകളിലെ ക്ലോറിനേഷനും മിനറൽ വാട്ടർ പ്ലാന്റുകളിലെയും ജലവിതരണ ഏജൻസികളിലെയും ശുചിത്വവും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ നിർദേശിച്ചു.
ഓഗസ്റ്റ് 30, 31 തീയതികളിലും തുടർന്നുമായി നടന്ന ക്ലോറിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 81.26 ശതമാനം സ്വകാര്യ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
കൂടാതെ 84.02 ശതമാനം പൊതുസ്ഥാപന കിണറുകളും 87.21 ശതമാനം പൊതു കിണറുകളും ക്യാംപെയ്നിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്തു. 1,75,502 ടാങ്കുകളും വൃത്തിയാക്കി.
ക്ലോറിനേഷൻ ക്യാംപെയ്ൻ സെപ്റ്റംബർ 27, 28, ഒക്ടോബർ രണ്ട്, അഞ്ച് തീയതികളിൽ പൂർത്തീകരിക്കും.
ഒക്ടോബർ 10 വരെ ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഹരിതകേരളം മിഷനും ചേർന്ന് ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികൾ വഴി അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്ൻ ഏറ്റെടുക്കും. ഹരിത കേരളം മിഷൻ വഴി ജില്ലയിലെ 29 സ്കൂളുകളിൽ സ്ഥാപിച്ച ജല ഗുണനിലവാര പരിശോധനാ ലാബുകളെ സജ്ജമാക്കി പ്രാഥമിക ജലപരിശോധനാ ക്യാംപെയ്നുകളും ഈ കാലയളവിൽ ഏറ്റെടുക്കും.
നവംബർ ഒന്ന് വരെയുള്ള കാലയളവിൽ ജില്ലയിലെ പൊതു ജലസ്രോതസ്സുകൾ ശുചീകരിക്കാൻ ക്യാംപെയ്ൻ നടത്തും.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രാജാറാം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ പ്രതിനിധികൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]