ഏറ്റുമാനൂർ∙ കാണക്കാരി പഞ്ചായത്തിലെ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ മാതൃകയായി. നഗരസഭ രണ്ടാം വാർഡിലെ താമസക്കാരായ തോമസ് ചെറിയാൻ ഊന്നുകല്ലേൽ, കെ.എം.ഷാജിമോൻ കറുത്ത പാറയിൽ, ജോസഫ് തോമസ് എളൂക്കാലായിൽ എന്നിവരാണ് കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലവും വഴിയും സൗജന്യമായി വിട്ടുനൽകിയത്. കാണക്കാരി പഞ്ചായത്തിലെ 4,5 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പട്ടിത്താനത്തെ കുടിവെള്ള ടാങ്കിൽനിന്നു വെള്ളമെത്തിച്ച് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും കാണക്കാരിയിലെ ഉയർന്ന പ്രദേശങ്ങളായ മാളോല, ഒറ്റപ്പിനാ, കാപ്പിലോരം, കുരിശുമല ഭാഗങ്ങളിൽ വെള്ളം എത്തിക്കുക എന്നത് പ്രായോഗികമായിരുന്നില്ല. തുടർന്നാണ് ‘കുരിശുമല– മാളോല’ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തത്.
ഇതിനായി ജലജീവൻ പദ്ധതി പ്രകാരം 6.87 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ടാങ്ക് പണിയാൻ അനുയോജ്യമായ സ്ഥലം വിട്ടുനൽകുവാൻ കാണക്കാരി പഞ്ചായത്തിലെ ആരും തയാറായില്ല.
ഇതോടെ പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലെത്തി.
തുടർന്നാണ് സ്ഥലവും വഴിയും സൗജന്യമായി വിട്ടുനൽകാൻ പ്രദേശവാസികൾ തയാറായത്. 30 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച സമാനമായ കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയ വ്യക്തിയാണ് തോമസ് ചെറിയാൻ ഊന്നുകല്ലേൽ.
എന്നാൽ, ഈ പദ്ധതി പ്രകാരം ടാങ്കിന്റെ നിർമാണം പൂർത്തിയായെങ്കിലും ഒരിറ്റ് വെള്ളം പോലും ഇങ്ങോട്ട് എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
പിന്നീട് പദ്ധതി ഉപേക്ഷിക്കുകയും ടാങ്ക് പൊളിച്ചു കളയുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് കുരിശുമല– മാളോല കുടിവെള്ള പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരൻ മുഖ്യപ്രഭാഷണം നടത്തും.
പദ്ധതിക്ക് സ്ഥലം വിട്ടു നൽകിയവരെ മന്ത്രി ആദരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]