അടിമാലി ∙ ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ തടസ്സപ്പെട്ടു കിടക്കുന്ന നവീകരണ ജോലികൾ പുനരാരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം. പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് അഡിഷനൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം കാരണം കഴിഞ്ഞ ജൂലൈ 11ന് ആണ് ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ നടന്നു വന്നിരുന്ന നിർമാണ ജോലികൾ തടസ്സപ്പെട്ടത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഹൈറേഞ്ചിൽ അലയടിച്ചതോടെ ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
തുടർന്ന് വീണ്ടും ഹൈക്കോടതിയിൽ ഓഗസ്റ്റ് 21ന് കേസ് വാദത്തിന് എത്തിയപ്പോൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ നിർമാണം തടസ്സം നിലനിൽക്കുന്ന 14.5 കീ.മീ ദൂരം വനഭൂമിയല്ല എന്ന് വാക്കാൽ പറയുക മാത്രമാണ് ചെയ്തു. ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല.
റവന്യു രേഖകൾ ഹാജരാക്കാൻ തയാറാകാതെ വന്നതോടെ സെപ്റ്റംബർ 17ലേക്ക് കേസ് മാറ്റിയിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും രേഖാമൂലം ശരിയായ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂട്ടാക്കാതെ വന്നതോടെ വീണ്ടും കേസ് അവധിക്ക് വച്ചിരിക്കുകയാണ്.
പ്രവൃത്തി മുടങ്ങിയ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
കാരണം സർക്കാർ അലംഭാവം: ഡീൻ കുര്യാക്കോസ്
തൊടുപുഴ ∙ ദേശീയപാത 85 കൊച്ചി – മൂന്നാർ നിർമാണ പ്രവർത്തനങ്ങൾ മരവിപ്പിച്ചിട്ട് 2 മാസം പിന്നിട്ടിട്ടും പ്രവൃത്തി തുടങ്ങാൻ കഴിയാത്തത് സർക്കാർ അലംഭാവം കാരണമെന്ന് ഡീൻ കുര്യാക്കോസ് എംപി. ഹൈക്കോടതി വിധിയനുസരിച്ച് നേര്യമംഗലം മുതൽ വാളറ വരെയുളള ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ മരവിപ്പിക്കാൻ കാരണമായ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചെങ്കിലും അതുണ്ടായില്ല.
കഴിഞ്ഞ 18നകം സത്യവാങ്മൂലം മാറ്റി നൽകണം എന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നതെങ്കിലും നൽകിയില്ല. ഹൈക്കോടതിയുടെ ഭാഗത്തുനിന്നു രൂക്ഷമായ വിമർശനമാണ് ഉണ്ടായത്.
സത്യവാങ്മൂലം തിരുത്തി നൽകിയില്ലെങ്കിൽ നേരത്തേ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ പോലെ റോഡ് കടന്നുപോകുന്ന ഭാഗം വനമായി പരിഗണിക്കപ്പെടുമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടു സത്യവാങ്മൂലം തിരുത്തി നൽകിയില്ലായെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]