മൂലമറ്റം ∙ ഗോത്രവർഗ മേഖലയായ പതിപ്പള്ളി തെക്കുംഭാഗത്തുനിന്ന് എടാടിന് യാത്രായോഗ്യമായ റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന തെക്കുംഭാഗത്തേക്ക് യാത്രായോഗ്യമായ റോഡില്ല.
ഇപ്പോൾ തെക്കുംഭാഗത്തുള്ളവർ താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ എടാട് എത്തി ഇവിടെ നിന്നാണ് യാത്ര ചെയ്യുന്നത്. വിദ്യാർഥികളടക്കം ഏറെ പണിപ്പെട്ടാണ് ഈ പാലത്തിലൂടെ മറുകരയെത്തുന്നത്. ഈ പാലം ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യമുണ്ട്.
ഇടാട്- അമ്പലം ഭാഗത്തുനിന്നു പട്ടികവർഗമേഖലയായ പതിപ്പള്ളി തെക്കുംഭാഗം വഴി മൂലമറ്റത്തിനുള്ള റോഡ് പൂർത്തിയാക്കിയാൽ 2 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, മൂലമറ്റത്തിനുള്ള ദൂരം കുറവായ റോഡായി ഇതു മാറും.
2 കിലോമീറ്ററോളം റോഡ് വൈദ്യുതി ബോർഡിന്റെ സ്ഥലത്തും ബാക്കി പഞ്ചായത്ത് റോഡുമാണ്. ഇതിനിടെ റോഡിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നത് പ്രദേശത്തുള്ളവരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
റോഡ് റീബിൽഡ് കേരളയിൽപെടുത്തി നിർമിക്കാമെന്നു പറഞ്ഞെങ്കിലും വനംവകുപ്പിന്റെ തടസ്സം മൂലം റോഡിന് ആവശ്യത്തിന് വീതി എടുക്കാൻ സാധിക്കാത്തത് പ്രതിസന്ധിയായി. ശ്രമദാനമായി നിർമിച്ച മൺറോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.
ഗോത്രവർഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ റോഡ് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇവിടെ വാഹനങ്ങൾ എത്താതിരുന്നതിനാൽ രണ്ടു ഗോത്രവർഗ വിഭാഗത്തിൽപെട്ട യുവതികൾ റോഡിൽ പ്രസവിച്ചു. കഴിഞ്ഞയിടെ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ രോഗി മരിക്കുകയും ചെയ്തു.
പട്ടികവർഗവിഭാഗത്തിന്റെ ഉന്നമനത്തിനായി ഒട്ടേറെ ഫണ്ട് വിനിയോഗിക്കുന്ന പട്ടികവർഗ വകുപ്പ് പ്രദേശത്തെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]