കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി ∙ ത്രിതല പഞ്ചായത്തുകളുടെ അമരത്തേക്ക് ഇനി ആര് എന്ന ചോദ്യവുമായി അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോൾ രാഷ്ട്രീയ അരങ്ങുകളും അണിയറയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുകയാണ്. രാഷ്ട്രീയ പാളയങ്ങളിൽ ചർച്ചകളുടെ വേലിയേറ്റങ്ങൾ ഓരോ ദിനവും അലയടിക്കുന്നു.
കൈവിട്ടതും കിട്ടാതെ പോയതുമായ സ്ഥാനാർഥിത്വത്തിനായി അഞ്ച് വർഷത്തെ കാത്തിരിപ്പോടെ പൊരുതുന്ന ജന നേതാക്കളും സ്ഥാനം ഉറപ്പിക്കാൻ ആവുന്നതെല്ലാം ചെയ്ത ജനപ്രതിനിധികളും കച്ച കെട്ടി ഇറങ്ങുമ്പോൾ ഇക്കുറി തിരഞ്ഞെടുപ്പിൽ തീപാറും . ഒൻപത് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഉൾപ്പെട്ട
കാഞ്ഞിരപ്പള്ളി താലൂക്കിലേക്ക് ഇടുക്കി ജില്ലയിലെ അതിർത്തി പഞ്ചായത്തായ പെരുവന്താനം, കൊക്കയാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കാറ്റും ആവേശമായി ആഞ്ഞ് വീശും.
പിടി വിട്ട പാരമ്പര്യങ്ങൾ
വാർഡ് വിഭജനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ പരീക്ഷ തന്നെയാണ്.
പുതിയ വാർഡുകൾ എല്ലാ പഞ്ചായത്തുകളിലും വർധിച്ചതോടെ പഴയ രാഷ്ട്രീയ സമവായങ്ങളും പാരമ്പര്യങ്ങളും ഇക്കുറി തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വിലപ്പോകില്ല. വാർഡുകളിലെ രൂപമാറ്റങ്ങൾ പഠന വിധേയമാക്കി പുതിയ വാർഡുകളിൽ ആരെ പരീക്ഷിക്കും എന്നത് ഉൾപ്പെടെ ഉത്തരം കിട്ടാത്ത ചർച്ചകൾ ആകുന്നു.
എണ്ണം വർധിച്ചതോടെ മുന്നണി വിജയത്തിന്റെ കണക്ക് പുസ്തകങ്ങളിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കണ്ടെത്തേണ്ട തിരക്കിലാണ് പാർട്ടി ഓഫിസുകൾ
നറുക്കിലേക്കാണ് നോട്ടം
ഏതൊക്കെ വാർഡിൽ ആർക്കൊക്കെ മത്സരിക്കാനാകും എന്നത് അറിയണമെങ്കിൽ ജില്ലാ കലക്ട്രേറ്റിൽ നടക്കുന്ന പഞ്ചായത്തുകളുടെ വാർഡ് സംവരണ നറുക്കെടുപ്പ് വരെ കാത്തിരിക്കണം.
26ന് ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് നിർവഹണ ഉദ്യോഗസ്ഥർക്ക് പരിശീലനം ഉണ്ട്. ഇതിന് ശേഷമാകും നറുക്കെടുപ്പ് നടക്കുക.
ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം ആദ്യം നറുക്കെടുപ്പ് എന്നതാണ് സൂചന.
ബ്ലോക്കിൽ 16
15 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരണത്തിലാണ്. അധികമായി രൂപീകരിച്ച പുലിക്കുന്ന് ഡിവിഷൻ കൂടി എത്തിയതോടെ ഇനി 16 ഡിവിഷനുകളിൽ തിരഞ്ഞെടുപ്പ് നടക്കും.
മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളുടെ വാർഡുകൾ പങ്കിടുന്ന ഡിവിഷനിലെ ഘടന ആശയക്കുഴപ്പം നിറഞ്ഞതാണെങ്കിലും പുതിയ സീറ്റിൽ ആർക്ക് അവകാശം എന്ന ചർച്ചകൾ സജീവമാണ്.
അതിർത്തിയിലെ ആവേശം
ഇടുക്കി ജില്ലയിലെ കൊക്കയാർ പെരുവന്താനം പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ആവേശവും മലയോര മേഖലയിലെ ആരവങ്ങളാകും. 14 വാർഡുകളുള്ള പെരുവന്താനം പഞ്ചായത്തിൽ കോൺഗ്രസാണ് ഭരിക്കുന്നത്.
പുതുതായി വാർഡുകൾ ഇല്ല. 13 വാർഡുകൾ ഉണ്ടായിരുന്ന കൊക്കയാർ എൽഡിഎഫ് ഭരണമാണ്.
ഇവിടെ പുളിക്കത്തടം (8) എന്ന വാർഡ് രൂപീകരിച്ചതോടെ 14 വാർഡുകളിലേക്കാണ് ജനവിധി നടക്കുക. മേഖലയായ ഇരു പഞ്ചായത്തുകളിലെയും ആളുകൾ താമസിക്കുന്ന കോട്ടയം ജില്ലയുടെ പ്രദേശങ്ങളിലാണ് അതിനാൽ തന്നെ ഇവിടെ നിന്നും പ്രചാരണം അതിർത്തി കടന്നും എത്തും.
ഗ്രാമപ്പഞ്ചായത്തുകളിലെ നില മുണ്ടക്കയം
യുഡിഎഫ് പാളയത്തിൽ നിന്ന് പത്ത് വർഷത്തിനുശേഷം ഭരണം തിരികെ പിടിച്ച് എൽഡിഎഫ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചു.
21 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 12, യുഡിഎഫ് എട്ട്, ജനപക്ഷം ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൈക്കോളജി(5), വണ്ടൻപതാൽ ഈസ്റ്റ് (7) എന്നിങ്ങനെ രണ്ട് വാർഡുകൾ പുതുതായി വന്നതോടെ 23 വാർഡുകളിലാണ് ഇനി മത്സരം.
കൂട്ടിക്കൽ
കേരള കോൺഗ്രസ് എമ്മിന്റെ ചിറകിലേറിയാണു എൽഡിഎഫ് പഞ്ചായത്തിന്റെ ഭരണത്തിൽ എത്തിയത്.
13 വാർഡുകളിൽ ഏഴ് സീറ്റുകൾ എൽഡിഎഫ് കയ്യടക്കി. മുസ്ലിം ലീഗ് സ്വതന്ത്ര ഉൾപ്പെടെ ആറ് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.
11–ാം വാർഡായി വെട്ടിക്കാനം രൂപീകരിച്ചതോടെ 14 വാർഡുകളാണ് പുതുതായുള്ളത്.
കോരുത്തോട്
എൽഡിഎഫിന്റെ കുത്തകയായിരുന്ന കോരുത്തോട് പഞ്ചായത്തിൽ കോൺഗ്രസ് ശക്തിയോടെ യുഡിഎഫ് ഭരിച്ചു. 13 വാർഡുകളിൽ ഏഴ് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു.
നാല് വാർഡുകൾ എൽഡിഎഫിനും ലഭിച്ചു. രണ്ട് വാർഡുകൾ സ്വതന്ത്രരും കൈയ്യടക്കി.
അടുപ്പുകല്ലേൽപടി (5) വാർഡ് പുതുതായി ചേർത്തതോടെ ആകെ വാർഡുകൾ 14 ആയി.
കാഞ്ഞിരപ്പള്ളി
14 അംഗങ്ങളോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫിന് ഏഴും, ബിജെപിക്ക് രണ്ടും സീറ്റുകളാണ് ഉള്ളത്. താലൂക്കാസ്ഥാനമായ പഞ്ചായത്തിൽ 23 വാർഡുകൾ ആയിരുന്നു ഉണ്ടായിരുന്നത്.
24–ാം വാർഡായി പുതുതായി കടമപ്പുഴ വാർഡ് ഇക്കുറി നിലവിൽ വന്നു.
ചിറക്കടവ്
14 സീറ്റുകളോടെ (1–സ്വതന്ത്ര) എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ബിജെപി അഞ്ച് സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് ഒരു വാർഡിലും വിജയിച്ചു.
ഏഴാം വാർഡായി മണ്ണാറക്കയവും, 20 –ാം വാർഡായി കാവാലിമാക്കലും കൂടുതലായി വന്നതോടെ 22 വാർഡുകളിലാണ് ഇനി മത്സരം നടക്കുക.
പാറത്തോട്
13 അംഗങ്ങളോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്. കോൺഗ്രസ് 1, എസ്ഡിപിഐ 2, കേരള കോൺഗ്രസ് ജെ –2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.
ചിറ്റടി (5) വണ്ടൻപാറ(19) എന്നീ വാർഡുകളാണ് പുതുതായി രൂപീകരിച്ചത്.
എലിക്കുളം
എൽഡിഎഫ് ഒൻപത് അംഗങ്ങളുടെ പിൻബലത്തിൽ ഭരിക്കുന്ന പഞ്ചായത്തിൽ യുഡിഎഫ് നാല്, ബിജെപി രണ്ട് സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില. മഹാത്മാ എന്ന 13–ാം നമ്പർ വാർഡ് രൂപപ്പെട്ടതോടെ 17 വാർഡുകളിലായാണു ഇനി തിരഞ്ഞെടുപ്പ് നടക്കുക.
എരുമേലി
എൽഡിഎഫ് പിൻതുണയോടെ യുഡിഎഫ് റിബൽ ഭരണമാണ് ഇപ്പോൾ.
സ്വതന്ത്ര ഇടപെടലും പാർട്ടി മാറ്റവും ഉൾപ്പെടെ ഇരു പാളയങ്ങളിലും തുല്യമായ കക്ഷി നില മാറി മറിഞ്ഞതോടെ അഞ്ച് വർഷത്തിനിടെ ഭരണം ഇരു കൂട്ടരും പങ്കിട്ടു. ഇതിനിടെ ഒരു കോൺഗ്രസ് അംഗം മരണപ്പെടുകയും ചെയ്തിരുന്നു.
മണിപ്പുഴ (19) വാർഡ് പുതുതായി ചേർന്നതോടെ 24 വാർഡുകളായി.
മണിമല
2000 ന് ശേഷം വലത് പാളയത്തിൽ നിന്നും കേരള കോൺഗ്രസ് ബലത്തോടെ കഴിഞ്ഞ ടേമിലാണ് എൽഡിഎഫ് ഭരണം പിടിച്ചത്. എൽഡിഎഫ് 11 യുഡിഎഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില.
കറിക്കാട്ടൂർ നോർത്ത് (15) വാർഡ് അധികമായി വന്നതോടെ 16 വാർഡുകളാണ് ഇനി പഞ്ചായത്തിന് സ്വന്തം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]