ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. സയ്യിം അയൂബ് 17 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ ഫഹീം അഷ്റഫ് 8 പന്തില്‍ 20 റണ്‍സുമായും ക്യപ്റ്റൻ സല്മാൻ ആഘ 13 പന്തില്‍ 17 റണ്‍സോടെയും പുറത്താകാതെ നിന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയ ഫഹീം അഷ്റഫാണ് പാകിസ്ഥാനെ 170 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നാലോവര്‍ എറിഞ്ഞ ബുമ്ര 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. കൈവിട്ട
തുടക്കം ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചാണ് ഹാര്‍ദ്ദിക് തുടങ്ങിയത്. പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സാഹിബ്സാദ ഫര്ഹാൻ നല്കിയ ക്യാച്ച് പക്ഷെ തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടു.
പിന്നലെ ജസ്പ്രീത് ബുമ്രയെ കടന്നാക്രമിക്കാനാണ് പാക് ഓപ്പണര്‍മാര്‍ ശ്രമിച്ചത്. ബുമ്ര എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച ഫഖര്‍ സമനെ മൂന്നാം ഓവറിൽ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ പകരം വീട്ടി.
പാണ്ഡ്യയുടെ സ്ലോ ബോളില്‍ എഡ്ജ് ചെയ്ത ഫഖറിനെ സഞ്ജു പന്ത് നിലത്ത് തൊടും മുമ്പ് ഗ്ലൗസിലൊതുക്കി. റീപ്ലേ പരിശോധിച്ചശേഷമാണ് അമ്പയര്‍ ഫഖറിനെ ഔട്ട് വിധിച്ചത്.
View this post on Instagram A post shared by Sony Sports Network (@sonysportsnetwork) ഫഖറിനെ നഷ്ടമായെങ്കിലും പിന്നീട് ഭാഗ്യത്തിന്റെ അകമ്പടിയോടെ മുന്നേറിയ ഫര്‍ഹാനും സയ്യിം അയൂബും ചേര്‍ന്ന് പവര്‍പ്ലേയില്‍ പാകിസ്ഥാനെ കൂടുതല്‍ നഷ്ടമില്ലാതെ 55 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേയില്‍ മൂന്നോവര്‍ എറിഞ്ഞ ബുമ്ര 34 റണ്‍സാണ് വഴങ്ങിയത്.
10.3 ഓവറില്‍ പാകിസ്ഥാനെ ഇരുവരും ചേര്‍ന്ന് 93 റൺസിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ഇതിനിടെ സയ്യിം അയൂബിനെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ കുല്‍ദീപും ഫര്‍ഹാനെ അഭിഷേക് ശര്‍മയും കൈവിട്ടിരുന്നു.
ഫര്ഹാന് 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ സയ്യിം അയൂബിനെ മടക്കി ശിവം ദുബെ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തില്‍ 21 റണ്‍സായിരുന്നു അയൂബിന്റെ സമ്പാദ്യം.
പിന്നാലെ റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടു. 10 ഓവറില്‍ 93 റണ്‍സിലെത്തിയ പാകിസ്ഥാന് 15 ഓവര്‍ പിന്നീടുമ്പോള്‍ 119 റണ്‍സിലെത്തിയതെ ഉണ്ടായിരുന്നുള്ളു.
ഇതിനിടെ സാഹിബ്സാദ ഫര്‍ഹാനെ ശിവം ദുബെ വീഴ്ത്തി. അവസാനം തകര്‍ത്തടിച്ചു View this post on Instagram A post shared by Sony Sports Network (@sonysportsnetwork) വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത മുഹമ്മദ് നവാസിനും സല്മാന് ആഘക്കും കുല്‍ദീപ് യാദവ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തിയിട്ടും എട്ട് റണ്‍സെ നേടാനായുള്ളു.
എന്നാല്‍ ശിവം ദുബെ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 17 റണ്‍സടിച്ച പാകിസ്ഥാന് ജസ്പ്രീത് ബുമ്രയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 11 റണ്‍സടിച്ചു. ബുമ്രയുടെ പന്തില്‍ ഫഹീം അഷ്റഫ് നല്കിയ അനായാസ ക്യാച്ച് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ അവിശ്വസനീയമായി കൈവിടുകയും ചെയ്തു.
നാലോവറില്‍ 45 റണ്‍സ് വഴങ്ങിയ ബുമ്രക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് കൂടി നേടി പാകിസ്ഥാന് 171 റണ്‍സിലെത്തി.
പാകിസ്ഥാന് പ്ലേയിംഗ് ഇലവന്: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ്(പ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്. ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ , ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]