ആലങ്ങാട് ∙ കരുമാലൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലും ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തി. പരിശോധനയ്ക്കായി കൊണ്ടു വരുന്ന ഭൂരിഭാഗം സാംപിളുകളിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം.
വെളിയത്തുനാട് മേഖലയിൽ കഴിഞ്ഞ കുറച്ചു മാസത്തിനിടെ മുപ്പതോളം പേർക്കാണു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതിൽ 6 പേർ മരണമടയുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ വെളിയത്തുനാട് ഭാഗത്തും സമീപ പ്രദേശങ്ങളിലും ആരോഗ്യവിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. കരുമാലൂർ പഞ്ചായത്ത് പരിധിയിലെ പലഭാഗത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചു വരികയാണ്.
ഈ പരിശോധനയിൽ ഒട്ടേറെ പ്രദേശങ്ങളിലെ കിണറുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ സ്വന്തം നിലയ്ക്കു പരിശോധന നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.
പലയിടത്തും അടിക്കടി കുടിവെള്ള കുഴലുകൾ പൊട്ടുന്നുണ്ട്.
അതിനാൽ ഇതുവഴിയാകാം പൈപ്പ് വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായതെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. കിണറുകളിലെ വെള്ളം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിട സമുച്ചയങ്ങളിലും കച്ചവട
സ്ഥാപനങ്ങളിലും കൃത്യമായി പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൂടാതെ ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട
ബോധവൽക്കരണം നൽകുമെന്നും പൊതുകാനകളിലേക്കു മാലിന്യം ഒഴുക്കുന്നവരെയും മോശം വെള്ളം ഉപയോഗിക്കുന്നവരെയും പിടികൂടി പിഴ ചുമത്തുമെന്നും പഞ്ചായത്ത് അധികാരികൾ പറഞ്ഞിരുന്നെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.
സമീപ പഞ്ചായത്തുകളായ ആലങ്ങാട്– കടുങ്ങല്ലൂർ മേഖലയിലും പലയിടത്തായി ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വെളിയത്തുനാട് വെൽഫെയർ ട്രസ്റ്റിനു സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്കാണു വ്യാപകമായി മഞ്ഞപ്പിത്തം രോഗബാധ ഉണ്ടായിരിക്കുന്നതെന്നും അതിനാൽ വൃത്തിഹീനമായ സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും കരുമാലൂർ പഞ്ചായത്ത് അംഗം മുഹമ്മദ് മെഹ്ജൂബ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]