കോയമ്പത്തൂർ ∙ സൂലൂർ – ഇരുഗൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേർ അറസ്റ്റിലായി. സിങ്കാനല്ലൂർ നന്ദാനഗറിൽ ടെക്സ്ടൂൾ ലേഔട്ടിൽ മരിയ ലൂയിസ് (47), ഭാര്യ രാധാമണി (37), ബന്ധു നീലിക്കോണംപാളയം ഗുരുസ്വാമി ലേഔട്ടിൽ റൂബിദാസിന്റെ ഭാര്യ വൈശാലി (44), മക്കളായ അക്ഷയ് (27), പ്രവീൺ (29) പ്രവീണിന്റെ ഭാര്യ കൃതിക (26) എന്നിവരാണു പോത്തന്നൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്.
പ്രവീണും ഭാര്യയും മരിയ ലൂയിസിന്റെ അയൽക്കാരാണ്.വിവാഹം കഴിഞ്ഞ് 23 വർഷമായി മക്കളില്ലാത്ത മരിയ ലൂയിസ് – രാധാമണി ദമ്പതികൾക്കു വേണ്ടി വിലയ്ക്കുവാങ്ങിയ കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചതാണെന്നു പ്രതികൾ മൊഴി നൽകി.വൈശാലിയാണു മുംബൈയിലുള്ള സഹോദരിയുടെ പരിചയക്കാരിൽ നിന്നു 30,000 രൂപ നൽകി ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വാങ്ങി നൽകിയത്.
കഴിഞ്ഞ 13ന് കോയമ്പത്തൂരിലെത്തിച്ചെങ്കിലും കുഞ്ഞ് അന്നുതന്നെ മരിച്ചു.സമീപത്തുള്ള ശ്മശാനത്തിൽ മറവു ചെയ്യാൻ എത്തിച്ചപ്പോൾ മരണ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിനാൽ ഇവർ മടങ്ങി. തുടർന്നു രാത്രിയോടെ കാറിലെത്തിയ പ്രതികൾ റാവുത്തർ പാലത്തിനു സമീപമുള്ള ട്രാക്കിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.14നു രാവിലെയാണു ട്രാക്കിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
സമീപം മഞ്ഞൾപൊടിയും കറുത്ത കോഴിയുടെ തലയും കണ്ടെത്തിയിരുന്നു.
ഡിവൈഎസ്പി കെ.ബാബുവിന്റെ നേതൃത്വത്തിൽ 5 പ്രത്യേക അന്വേഷണ സംഘങ്ങളാണു റെയിൽവേ സൈബർ ക്രൈം പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയത്. പണം നൽകി കുഞ്ഞിനെ വാങ്ങിയതിനും തെളിവുകൾ നശിപ്പിച്ചതിനും മൃതദേഹത്തോട് അനാദരവു കാണിച്ചതിനും അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]