കൊച്ചി∙ മുസ്ലിം ആചാര നിയമം ഒന്നിലേറെ വിവാഹങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും ഖുർആന്റെ അന്തസത്തയ്ക്ക് അനുസൃതമായി ഭാര്യമാരെ തുല്യ നീതിയോടെ പോറ്റാൻ നിർവാഹമുള്ളവർക്കു മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്നു ഹൈക്കോടതി. ഖുർആനിൽ പറയുന്നതിന്റെ അന്തസ്സത്ത അവഗണിച്ച് ഒന്നിലേറെ വിവാഹ ബന്ധങ്ങൾക്കു മുതിരുന്നവർക്കു ശരിയായ അവബോധം നൽകാൻ സമൂഹവും സമുദായ നേതൃത്വവും ശ്രമിക്കണമെന്നു കോടതി പറഞ്ഞു.
ഭർത്താവിൽ നിന്നു ജീവനാംശം ആവശ്യപ്പെട്ടുള്ള അപേക്ഷ കുടുംബക്കോടതി തള്ളിയതിനെതിരെ മുസ്ലിം സമുദായാംഗമായ മലപ്പുറം സ്വദേശിനി നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി. വി.
കുഞ്ഞികൃഷ്ണന്റെ വിധി. കാഴ്ച പരിമിതിയുള്ള ഭർത്താവ് ഭിക്ഷ യാചിച്ചാണ് ഉപജീവനം നടത്തുന്നതെന്നും, ആദ്യവിവാഹം നിലനിൽക്കെ തന്നെയും വിവാഹം ചെയ്ത ഭർത്താവ് മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഹർജിക്കാരി അറിയിച്ചു.
ഭിക്ഷാടകനോടു ചെലവിനു നൽകണമെന്നു നിർദേശിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയിൽ ഹൈക്കോടതി ഇടപെട്ടില്ല.
എന്നാൽ, ഭാര്യയെ പോറ്റാൻ ശേഷിയില്ലെങ്കിലും വീണ്ടും വിവാഹത്തിനൊരുങ്ങുന്ന ഭർത്താവിനു സർക്കാർ കൗൺസലിങ് നൽകണമെന്നു നിർദേശിച്ചു. ഇത്തരം ബഹുഭാര്യത്വത്തിന്റെ ഫലമായി അഗതികളാക്കപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പറഞ്ഞു.
മുസ്ലിംകൾക്ക് ഏതു സാഹചര്യത്തിലും ഒന്നിലേറെ വിവാഹം ചെയ്യാമെന്നതു തെറ്റിദ്ധാരണയാണ്.
ഭാര്യമാരോടു തുല്യ നീതി പുലർത്താൻ കഴിയുന്നവർക്കു മാത്രം ഒന്നിലേറെ വിവാഹങ്ങൾ ചെയ്യാമെന്നാണ് ഖുർആൻ പറയുന്നതിന്റെ അന്തസ്സത്ത. ഒന്നിലേറെ ഭാര്യമാരെ സംരക്ഷിക്കാൻ ശേഷിയുണ്ടെങ്കിലും ഒരു വിവാഹം മാത്രം ചെയ്യുന്നവരാണു സമുദായത്തിൽ ഭൂരിപക്ഷവും എന്നു കോടതി ചൂണ്ടിക്കാട്ടി.
ഈ കേസിൽ ഭിക്ഷാടകനായ ഭർത്താവ് ഇതിനകം രണ്ടു വിവാഹങ്ങൾ ചെയ്തതു തന്നെ അജ്ഞതയുടെ ഫലമാണ്.
ഇത്തരക്കാർക്കു കൗൺസലിങ് വേണം. അതേസമയം, ഉപജീവനത്തിനായി ആരും ഭിക്ഷാടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കുറഞ്ഞ പക്ഷം ഭക്ഷണവും വസ്ത്രവുമെങ്കിലും ലഭ്യമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരിക്കും ഭക്ഷണവും വസ്ത്രവും ലഭ്യമാക്കണം.
തുടർനടപടികൾക്കായി വിധിന്യായത്തിന്റെ പകർപ്പ് സാമൂഹിക നീതി വകുപ്പ് സെക്രട്ടറിക്ക് എത്തിച്ചു നൽകാനും നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]