അയർക്കുന്നം ∙ മോൺ. ഡോ.
കുര്യാക്കോസ് തടത്തിൽ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ അമയന്നൂർ തടത്തിൽ കുടുംബം. തിരുവല്ല അതിരൂപതയിലെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണു നിയുക്ത ബിഷപ്.പരേതരായ തോമസ് – സൂസമ്മ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും മൂത്തമകനായി 1962 മാർച്ച് 27ന ജനിച്ചു.
പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു. 1987ൽ വൈദികനായി.
റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പിഎച്ച്ഡി നേടിയശേഷം വിവിധ സെമിനാരികളിൽ അധ്യാപകനായി. 2017 മുതൽ 2020 വരെ മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി.
തിരുവല്ല അതിഭദ്രാസനത്തിന്റെ ചാൻസലറുമായിരുന്നു.
കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. മാത്യു തോമസ്, മറിയാമ്മ തോമസ്, സ്കറിയ തോമസ് എന്നിവരാണു സഹോദരങ്ങൾ.തടത്തിൽ വീട്ടിൽ ഫോൺ വിളികളുടെ നടുവിലായിരുന്നു നിയുക്ത മെത്രാന്റെ ഇളയ സഹോദരൻ മാത്യു.
സണ്ണിച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന തങ്ങളുടെ കുര്യാക്കോസ് അച്ചൻ നിയുക്ത ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബന്ധുക്കളടക്കം അമയന്നൂരിലെ വീട്ടിലെത്തി. ബഥനി സന്യാസിനീ സഭാംഗമായിരുന്നു നിയുക്ത ബിഷപ്പിന്റെ പിതൃസഹോദരി സിസ്റ്റർ ബോനിഫസ്.
ഇടവകയിൽനിന്ന് രണ്ടാം മെത്രാൻ
അമയന്നൂർ സെന്റ് മേരീസ് ഇടവകാംഗമായ രണ്ടാമത്തെ മെത്രാനാണു മോൺ.
ഡോ. കുര്യാക്കോസ് തടത്തിൽ എന്നു വികാരി ഫാ.മാത്യു ചിറയിൽ പറഞ്ഞു.
കാലം ചെയ്ത ഗീവർഗീസ് മാർ തിമോത്തിയോസും ഈ ഇടവകാംഗമായിരുന്നു. മലങ്കര സഭയുടെ ആരാധനയെ അതിന്റെ തനിമയിലും പാരമ്പര്യത്തിലും നയിക്കുന്ന പുരോഹിതനാണ് നിയുക്ത മെത്രാനെന്നും അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ വികാരി ഫാ.മാത്യു ചിറയിൽ പറഞ്ഞു.
റമ്പാൻ പട്ടത്തിനുള്ള ക്രമീകരണങ്ങൾ ഇടവകയിൽ ആരംഭിച്ചതായി ഫാ. മാത്യു ചിറയിൽ, ട്രസ്റ്റി ഏബ്രഹാം ചുണ്ടേവാലേൽ, സെക്രട്ടറി ഡെന്നിസ് ഇരട്ടവനാൽ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]