കാഞ്ഞിരമറ്റം∙ അനുമതിയില്ലാതെ പൊതുമരാമത്തു പുറമ്പോക്കിൽ മഹാത്മാഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ് പൊതുമരാമത്ത് വകുപ്പ്. കോൺഗ്രസിന്റെ പോഷക സംഘടനയായ ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ മിൽമ ജംക്ഷനു സമീപം നടത്തിയ നിർമാണമാണു അധികൃതർ തടഞ്ഞത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരിയുടെ പരാതിയെത്തുടർന്നു സ്ഥലം സന്ദർശിച്ച ശേഷമാണ് അനധികൃത നിർമാണത്തിന് ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകിയത്.
റോഡിനോടു ചേർന്നു ആമ്പല്ലൂർ പഞ്ചായത്ത് നടപ്പാക്കിയ സ്നേഹാരാമം പദ്ധതിക്കു സമീപം പ്രതിമ സ്ഥാപിക്കാനുള്ള തറയുടെ നിർമാണം ബുധനാഴ്ചയാണ് നടന്നത്.
ഗാന്ധിയുടെ അർധകായ പ്രതിമ 22നു കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനാഛാദനം ചെയ്യുമെന്ന് നോട്ടിസ് അടക്കം പ്രചരിച്ചതോടെയാണു പാർട്ടി പ്രാദേശിക നേതൃത്വം സംഭവം അറിയുന്നത്. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റിയുടെ അറിവോ അനുവാദമോ കൂടാതെയാണു നിർമാണവും പണപ്പിരിവും നടന്നതെന്നാരോപിച്ചു സംഭവത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഡിസിസി പ്രസിഡന്റിനു പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പ്രതിമ സ്ഥാപിക്കാൻ 2 മാസം മുൻപ് തന്നെ അപേക്ഷ നൽകിയിരുന്നുവെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അളന്നു തന്ന സ്ഥലത്താണ് നിർമാണം നടത്തിയതെന്നും ഗാന്ധിദർശൻ വേദി നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അറിയിച്ചു.
ഡിസിസി പ്രസിഡന്റിനെ അടക്കം അറിയിച്ചാണു പദ്ധതിയുമായി മുന്നോട്ടു പോയത്. 22ന് തന്നെ അനാഛാദനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കാനായി ലഭിച്ച അപേക്ഷ എൻഒസി ലഭിക്കാനായി അയച്ചിരിക്കുകയാണെന്ന് പൊതുമരാമത്തു വകുപ്പ് അസി.എൻജിനീയർ അറിയിച്ചു. ഇതു ലഭിക്കുന്നതിനു മുൻപ് അനുമതിയില്ലാതെ നിർമാണം നടത്തിയതു കൊണ്ടാണ് സ്റ്റോപ് മെമ്മോ നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]