സ്വകാര്യ ബാങ്കായ യെസ് ബാങ്കിലുണ്ടായിരുന്ന ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എസ്ബിഐ. 13.19% ഓഹരികളാണ് എസ്ബിഐ ജാപ്പനീസ് ബാങ്കായ സുമിടോമോ മിത്സൂയി ബാങ്കിങ് കോർപറേഷന് (എസ്എംബിസി) വിറ്റഴിച്ചത്.
ഇതുവഴി 8,889 കോടി രൂപയും നേടി. എസ്ബിഐക്ക് പുറമേ ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ 7 സ്വകാര്യ ബാങ്കുകളും യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം എസ്എംബിസിക്ക് വിറ്റഴിച്ച് മികച്ച ലാഭം സ്വന്തമാക്കി.
2020ൽ വെറും 10 രൂപയ്ക്ക് ലഭിച്ച ഓഹരിയാണ്, 5 വർഷത്തിനിപ്പുറം എസ്ബിഐയും 7 സ്വകാര്യ ബാങ്കുകളും 21.50 രൂപയ്ക്ക് വിറ്റതും വൻ ലാഭം സ്വന്തമാക്കിയതും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പതിച്ച യെസ് ബാങ്കിനെ രക്ഷിക്കാൻ റിസർവ് ബാങ്ക് നടത്തിയ രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് എസ്ബിഐക്കും ഫെഡറൽ ബാങ്കിനും മറ്റും 2020ൽ യെസ് ബാങ്കിന്റെ ഓഹരി ലഭിച്ചത്. 6,000 കോടി രൂപ നിക്ഷേപമാണ് എസ്ബിഐ നടത്തിയത്.
മൊത്തം 23.19% ഓഹരി പങ്കാളിത്തത്തിൽ 13.19% വിറ്റഴിച്ച് എസ്ബിഐ ഇപ്പോൾ 8,889 കോടി രൂപയും സ്വന്തമാക്കി. ഇനിയും 10% ഓഹരി കൈവശമുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 1,000 കോടി രൂപ വീതവും ആക്സിസ് ബാങ്ക് 600 കോടിയും മൂലധന നിക്ഷേപം നടത്തിയിരുന്നു.
500 കോടി കൊട്ടക് ബാങ്ക് നിക്ഷേപിച്ചു. ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവ 300 കോടി വീതവും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 250 കോടിയും.
ഒരു സ്വകാര്യ ബാങ്കിനെ കരകയറ്റാൻ പൊതു-സ്വകാര്യ ബാങ്കുകൾ കൈകോർത്തതും രാജ്യത്ത് അപൂർവമായിരുന്നു. 5 വർഷത്തിനിടെ ഇവരുടെ ഓഹരി നിക്ഷേപമൂല്യം ഇരട്ടിയിലേറെ വളർന്നു.
16.63 കോടി ഓഹരികളാണ് ഫെഡറൽ ബാങ്ക് വിറ്റഴിച്ചത്; ഇതുവഴി 357 കോടി രൂപയും നേടി. 15.39 കോടി ഓഹരികൾ വിറ്റഴിച്ച ബന്ധൻ ബാങ്കിന് ലഭിച്ചത് 331 കോടിയും.
യെസ് ബാങ്കിലെ പ്രതിസന്ധിയും കരകയറ്റവും
സാമ്പത്തിക ഞെരുക്കത്തിലായ യെസ് ബാങ്കിനെ കരകയറ്റുന്ന നടപടികളുടെ ഭാഗമായി 2020ൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇടപാടുകാർക്ക് നിക്ഷേപം പിൻവലിക്കാനുള്ള പരിധി 50,000 രൂപയായും നിശ്ചയിച്ചിരുന്നു. എസ്ബിഐയുടെ സിഎഫ്ഒയായിരുന്ന പ്രശാന്ത് കുമാറിനെ യെസ് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായും നിയമിച്ചാണ് റിസർവ് ബാങ്ക് പ്രവർത്തന പുനരുജ്ജീവനത്തിന് ശ്രമിച്ചത്.
റാണാ കപൂർ, അശോക് കപൂർ എന്നിവരായിരുന്നു യെസ് ബാങ്കിന്റെ പ്രമോട്ടർമാർ.
2015ൽ രാജ്യാന്തര ധനകാര്യ സ്ഥാപനം യുബിഎസ് ആയിരുന്നു യെസ് ബാങ്കിന്റെ പ്രവർത്തനത്തിൽ പാളിച്ചകളുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത്. അറ്റ ആസ്തിയേക്കാൾ (നെറ്റ് വർത്ത്) കൂടുതൽ തുക യെസ് ബാങ്ക് വായ്പ നൽകിയെന്ന് യുബിഎസ് റിപ്പോർട്ട് ചെയ്തിരുന്നു.
ബാങ്കിന്റെ ആസ്തിനിലവാരം ദുർബലമാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ, റിസർവ് ബാങ്കിന്റെ രക്ഷാദൗത്യത്തിലൂടെ യെസ് ബാങ്ക് പിന്നെ ശക്തമായി കരകയറി. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച പാദത്തിൽ ലാഭം (നെറ്റ് പ്രോഫിറ്റ്) 63.3% ഉയർന്ന് 738 കോടി രൂപയിലെത്തി.
ആ വർഷത്തെ ആകെ ലാഭം 92.3% മെച്ചപ്പെട്ട് 2,406 കോടി രൂപയുമായി. വായ്പകൾ 8.1% ഉയർന്ന് 2.46 ലക്ഷം കോടി രൂപയിലും നിക്ഷേപങ്ങൾ 6.8% വർധിച്ച് 2.84 ലക്ഷം കോടി രൂപയിലുമെത്തി.
മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) വെറും 1.6 ശതമാനമേയുള്ളൂ. അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.3 ശതമാനവും.
കിട്ടാക്കട അനുപാതം ഗുരുതരമല്ലെന്ന് ഇതു സൂചിപ്പിക്കുന്നു.
നിയന്ത്രണം ഏറ്റെടുക്കാൻ ജാപ്പനീസ് ബാങ്ക്
യെസ് ബാങ്കിൽ 24.99% ഓഹരി പങ്കാളിത്തം നേടാനാണ് എസ്എംബിസിക്ക് റിസർവ് ബാങ്കിന്റെ അനുമതി.
നിലവിൽ എസ്ബിഐ, മറ്റ് 7 ബാങ്കുകൾ എന്നിവയിൽ നിന്നായി 20% ഓഹരികളാണ് എസ്എംബിസി ഏറ്റെടുത്തത്. കാർലൈൽ ഗ്രൂപ്പിൽ നിന്ന് 4.2% ഓഹരികൾ ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് ഉയർത്തി നിയന്ത്രണാവകാശം നേടാനുള്ള നീക്കങ്ങളാണ് എസ്എംബിസി നടത്തുന്നത്.
ഇതിന്റെ ഭാഗമായി 16,000 കോടി രൂപയുടെ മൂലധന നിക്ഷേപം കൂടി യെസ് ബാങ്കിൽ എസ്എംബിസി നടത്തിയേക്കും. എസ്ബിഐ ബാക്കിയുള്ള 10% ഓഹരികൾ ഓപ്പൺ ഓഫറിലൂടെ വിൽക്കാനാണ് സാധ്യത.
യെസ് ബാങ്കിന്റെ നിയന്ത്രണം എസ്എംബിസിക്ക് ലഭിച്ചാൽ, രാജ്യത്ത് ഒരു ബാങ്കിന്റെ പ്രമോട്ടർമാരായ വിദേശ ബാങ്ക് എത്തുന്ന രണ്ടാമത്തെ മാത്രം സംഭവമായി അതുമാറും. 2020ൽ ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്ക് ഏറ്റെടുത്തതാണ് ആദ്യത്തേത്.
അടിമുടി മാറും യെസ് ബാങ്ക്
എസ്എംബിസിയുടെ കീഴിൽ യെസ് ബാങ്കിന് വലിയ മാറ്റങ്ങളാണ് നിരീക്ഷകർ പ്രവചിക്കുന്നത്.
മൂലധന നിക്ഷേപം ലഭിക്കുന്നത് ബാലൻസ്ഷീറ്റ്, റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന നിലവാര സൂചകങ്ങളായ മൂലധന പര്യാപ്തതാ അനുപാതം (കാപ്പിറ്റൽ അഡക്വസി), ലാഭ മാർജിൻ, പ്രവർത്തന മാർജിൻ എന്നിവ മെച്ചപ്പെടാൻ സഹായിക്കും. പ്രവർത്തനത്തിൽ കൂടുതൽ വൈദഗ്ധ്യം, സാങ്കേതിക മികവ് എന്നിവ ഉറപ്പാക്കാനാകും.
ഉപഭോക്താക്കൾക്ക് നൂതന ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യാനാകും.
ഓഹരികൾ കരകയറുമോ?
പ്രതിസന്ധികൾക്ക് മുൻപ് യെസ് ബാങ്ക് ഓഹരിക്ക് വില 400 രൂപയ്ക്ക് അടുത്തുവരെ എത്തിയിരുന്നു. ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത് 21.10 രൂപയിൽ.
പ്രവർത്തന പുനഃക്രമീകരണങ്ങളുടെ ഭാഗമായി എസ്ബിഐ ഉൾപ്പെടെയുള്ളവ നടത്തിയ നിക്ഷേപത്തിന് 2023 മാർച്ചുവരെ ലോക്ക്-ഇൻ കാലാവധി പ്രഖ്യാപിച്ചിരുന്നു. റീട്ടെയ്ൽ നിക്ഷേപകർക്ക് ഇതു ബാധകമായിരുന്നില്ല.
എസ്എംബിസിയുടെ പങ്കാളിത്തം യെസ് ബാങ്ക് ഓഹരികളെ വീണ്ടും ഉയരത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ടോക്കിയോ ആസ്ഥാനമായ എസ്എംബിസി ലോകത്തെ ഏറ്റവും വലിയ 20 ബാങ്കുകളിലൊന്നാണ്. ഒരുലക്ഷത്തിനടുത്ത് ജീവനക്കാരുണ്ട്.
40ലേറെ രാജ്യങ്ങളിൽ സാന്നിധ്യവും. അതുകൊണ്ടുതന്നെ, എസ്എംബിസിയുടെ പങ്കാളിത്തം യെസ് ബാങ്കിന് വൻ നേട്ടമാകുമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]