സീതത്തോട് ∙ ശബരിമല തീർഥാടകർക്കും മലയോരത്തെ ജനതയ്ക്കും ഒരു പോലെ പ്രയോജനം ലഭിക്കുന്ന സീതത്തോട്-നിലയ്ക്കൽ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ. നബാർഡ് ഫണ്ടിനൊപ്പം ജല ജീവൻ മിഷനിലും ഉൾപ്പെടുത്തി 120 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തുന്നതോടെ നിലയ്ക്കൽ ബേസ് ക്യാംപിൽ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീർഥാടർക്കൊപ്പം പെരുനാട് പഞ്ചായത്തിലെ നിലയ്ക്കൽ, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് പഞ്ചായത്തിലും ശുദ്ധ ജലം എത്തും.
സീതത്തോട് അഗ്നിരക്ഷാ സേന ഓഫിസിനു സമീപം കക്കാട്ടാറ് കേന്ദ്രീകരിച്ച് 2016ലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിർമാണം ഒൻപത് കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിരുന്നു. ജല വിതരണം ആരംഭിക്കുന്നതോടെ കിഴക്കൻ മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും തീർഥാടന കാലത്ത് ജല വിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാധ്യതയ്ക്കും പരിഹാരമാകും. മൂന്ന് പമ്പ് ഹൗസുകളും ഒരു ഉപരിതല ജലസംഭരണിയും പ്രവർത്തനക്ഷമമായി കഴിഞ്ഞു. നിർദിഷ്ട
പദ്ധതിയിൽ നിന്നും പ്രതിദിനം 1.3 കോടി ലീറ്റർ വെള്ളം ശുദ്ധീകരിക്കാനാവും.
ബേസ് ക്യാംപിൽ 20 ലക്ഷം ലീറ്റർ വീതം ശേഷിയുളള മൂന്ന് കൂറ്റൻ ജല സംഭരണികളിൽ വെള്ളം ശേഖരിച്ചാവും വിതരണം ചെയ്യുക.നിലയ്ക്കൽ ബേസ് ക്യാംപിലെ ബിഎസ്എൻഎൽ ടവറിനു സമീപമുള്ള 20 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും തത്തയ്ക്കാമണിയിലെയും എസ് വളവിനു സമീപവും പ്ലാപ്പളളിയിലുമുളള ആറ് ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ബൂസ്റ്റർ പമ്പ് ഹൗസുകളുടെ നിർമാണവും പൂർത്തിയായി. ഗോശാലയ്ക്കും പളളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണികളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മണ്ഡലകാലത്ത് നിലയ്ക്കൽ ബേസ് ക്യാംപിലെ അഞ്ച് ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള താൽക്കാലിക സ്റ്റീൽ ടാങ്കിൽ നിന്നും ട്രയൽ റൺ വഴി ജലവിതരണം നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

