ഇടമുളയ്ക്കൽ ∙കഴിഞ്ഞ തവണ നടന്ന ശക്തമായ മത്സരത്തിൽ ഒരു സീറ്റിന്റെ മുൻതൂക്കത്തിലാണ് ഇടമുളയ്ക്കൽ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 400 വീടുകൾ നൽകിയതടക്കമുള്ള വികസനനേട്ടങ്ങൾ എൽഡിഎഫ് മുന്നോട്ടു വയ്ക്കുമ്പോൾ നേട്ടങ്ങളൊന്നും ഉയർത്തിക്കാട്ടാനില്ലെന്നും പിൻസീറ്റ് ഭരണമാണ് പഞ്ചായത്തിൽ നടക്കുന്നതെന്നുമുള്ള ആരോപണവുമായി യുഡിഎഫും രംഗത്തുണ്ട്.
ഈ സാമ്പത്തിക വർഷം 100 വീടുകൾ കൂടി നൽകുമെന്നു ഭരണ പക്ഷം പറയുന്നു.
ജൽജീവൻ പദ്ധതിയിൽ 6500 വീടുകളിൽ ശുദ്ധജല കണക്ഷൻ നൽകി, മതുരപ്പയിൽ ആരോഗ്യ ഉപകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിച്ചു, ഗ്രാമകേന്ദ്രത്തിനു സ്വന്തം കെട്ടിടം, 50 ലക്ഷം രൂപ ചെലവിൽ ആയൂരിൽ പുതിയ എംസിഎഫ് നിർമാണം ആരംഭിച്ചു, ആയൂർ ഗവ. എൽപി സ്കൂൾ സ്മാർട്ട് സ്കൂളാക്കി.
തടിക്കാട് ഗവ. എൽപി സ്കൂൾ കെട്ടിടം നിർമിക്കുന്നതിനു 1.65 കോടി രൂപ അനുവദിച്ചു.
90 % റോഡുകളും സഞ്ചാര യോഗ്യമാക്കി,കുടുംബശ്രീ യൂണിറ്റുകൾ വഴി 50 ൽ അധികം സംരംഭങ്ങൾ ആരംഭിച്ചു തുടങ്ങിയവയാണ് അവകാശവാദങ്ങൾ.
കഴിഞ്ഞ 5 വർഷത്തിൽ എടുത്തു പറയത്തക്ക വികസനനേട്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഭരണം പൂർണ പരാജയമായിരുന്നുവെന്നും പ്രതിപക്ഷമായ യുഡിഎഫ് ആരോപിക്കുന്നു. പകൽവീട് പദ്ധതിക്കായി പഞ്ചായത്തിന്റെ അറയ്ക്കൽ വാർഡിലെ സാംസ്കാരിക നിലയം സജീകരിച്ചു ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല.
ആയൂരിലെ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. 18 ലക്ഷം രൂപ ചെലവഴിച്ചു എംസി റോഡിൽ ആയൂരിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു നൽകിയിട്ടില്ല.
ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ആയൂരിലെ കമ്യൂണിറ്റി ഹാൾ ഇപ്പോൾ മാലിന്യ ശേഖരണ കേന്ദ്രമായി മാറി.
ആയൂരിലെ എംസിഎഫിൽ ശുചിമുറി സൗകര്യമോ, കുടിവെള്ളമോ ഇല്ല. ശുദ്ധജല ക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല.
മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ഇവിടെ പ്രധാന ടൗണുകളിൽ പോലും മാലിന്യം നിറഞ്ഞു കിടക്കുന്നു. തെരുവു നായ്ക്കൾ മൂലം ജനങ്ങൾക്കു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്തിനെതിരെ നടപടി ഉണ്ടായില്ല തുടങ്ങിയവ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. ആകെ 22 വാർഡ് എൽഡിഎഫ് – 11, യുഡിഎഫ് – 10, ബിജെപി – 1 എന്നിങ്ങനെയാണു കക്ഷി നില.
“പുതിയ അങ്കണവാടി കെട്ടിടങ്ങളും റോഡു വികസനവും ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്കു വീട് നൽകാൻ കഴിഞ്ഞു.”
ജി.എസ്.അജയകുമാർ ( പഞ്ചായത്ത് വൈസ് പ്രസിഡന്റ്).
“പഞ്ചായത്തിൽ പ്രധാന വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിൻസീറ്റ് ഭരണമാണ് ഇവിടെ നടക്കുന്നത്.”
രാജീവ് കോശി, (പ്രതിപക്ഷ നേതാവ് )
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]