തൊടുപുഴ ∙ നിർമാണ നിയന്ത്രണമുള്ള പള്ളിവാസൽ പഞ്ചായത്തിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾക്ക് ലഭിക്കുന്നത് ഇടത്, വലത് രാഷ്ട്രീയ സംരക്ഷണം. ഒടുവിൽ നഷ്ടമായത് 2 കുടുംബങ്ങളുടെ അത്താണികളായ രണ്ടു യുവാക്കളുടെ ജീവൻ.
സിപിഐ, സിപിഎം, കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണ് മൂന്നാറിന് സമീപത്തെ പഞ്ചായത്തിൽ അനധികൃത നിർമാണങ്ങൾ കുതിച്ചുയരുന്നത്. ജില്ലയിലെ 13 പഞ്ചായത്തുകളിൽ റെഡ് / ഓറഞ്ച് സോണുകളിൽ നിർമാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരം നടപടി സ്വീകരിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇവയെല്ലാം മറികടന്നാണ് പള്ളിവാസൽ, ആനച്ചാൽ മേഖലയിൽ വൻകിട
നിർമാണങ്ങൾ നടത്തുന്നത്. പ്രശ്നമുണ്ടായാൽ രാഷ്ട്രീയ സ്വാധീനത്തിൽ ഉദ്യോഗസ്ഥരെ വിരട്ടിയോ വിലയ്ക്കെടുത്തോ മുന്നോട്ടുപോകുന്നതാണ് അനധികൃത നിർമാണങ്ങൾ പെരുകാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
പള്ളിവാസൽ, ചിത്തിരപുരം മേഖലകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമാണാനുമതി റവന്യു വകുപ്പ് നൽകുന്നില്ല.
വീടിന് നിർമാണാനുമതി വാങ്ങിയതിനു ശേഷം വൻകിട കെട്ടിടം നിർമിക്കുന്നതാണ് പതിവ്.
ഇതിനു രാഷ്ട്രീയ നേതാക്കൾ സംരക്ഷണവും നൽകും.
ചിത്തിരപുരം തട്ടാത്തിമുക്കിലെ റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു 2 തൊഴിലാളികളാണ് മരിച്ചത്. ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടു മറ്റത്തിൽ രാജീവ് (കണ്ണൻ–40), ബൈസൺവാലി ഈന്തുംതോട്ടത്തിൽ ബെന്നി (49) എന്നിവരാണു മരിച്ചത്.
ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ നിയമപ്രകാരം നിർമാണനിരോധനം നിലനിൽക്കുന്ന പള്ളിവാസൽ പഞ്ചായത്തിലാണു സംഭവം. റവന്യു വകുപ്പിന്റെ സ്റ്റോപ് മെമ്മോ ലംഘിച്ചായിരുന്നു നിർമാണമെന്ന് അധികൃതർ പറഞ്ഞു.
‘മിസ്റ്റി വണ്ടേഴ്സ്’ എന്ന റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനിടെ ബുധൻ വൈകിട്ടു നാലോടെയാണു സംഭവം.
പ്രദേശത്തു ചെറിയ മഴയുണ്ടായിരുന്നു. ഏകദേശം 40 അടി ഉയരത്തിൽനിന്നാണു മണ്ണിടിഞ്ഞു വീണതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 20 അടിയോളം മണ്ണു നീക്കിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. കുമ്പളങ്ങി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്.
കെട്ടിടനിർമാണം അനധികൃതമാണെന്നു കണ്ടെത്തിയതിനെത്തുടർന്നു ജനുവരിയിൽ പള്ളിവാസൽ വില്ലേജ് ഓഫിസർ കെട്ടിടം മുദ്ര വച്ചിരുന്നു. ഇതു ലംഘിച്ചു നിർമാണം പുരോഗമിക്കവേയാണ് അപകടം.
രാജൻ–സോദരി ദമ്പതികളുടെ മകനാണു രാജീവ്. അവിവാഹിതൻ.
ബെന്നിയുടെ ഭാര്യ: ബിന്ദു.
നിരോധന ഉത്തരവ് വെട്ടി നോട്ടിസാക്കി
അപകടമുണ്ടാക്കിയ കെട്ടിടത്തിന് റവന്യു വകുപ്പിൽ നിന്നു വീട് നിർമിക്കുന്നതിനുള്ള നിരാക്ഷേപപത്രമാണ് (എൻഒസി) വാങ്ങിയത്. തുടർന്ന് അനധികൃതമായി റിസോർട്ടിനുള്ള നിർമാണം നടത്തുകയായിരുന്നു.
കെട്ടിടത്തിന് കഴിഞ്ഞ ജനുവരിയിൽ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. റവന്യു വകുപ്പിന്റെ ‘നിരോധന ഉത്തരവ്’ എന്ന രേഖയിൽ ‘നോട്ടിസ്’ എന്നാക്കിയും നിർമാണം ‘പൂർണമായി’ നിർത്തിവയ്ക്കണമെന്നത് ‘താൽക്കാലികമായി’ എന്നാക്കി വെട്ടിയുമാണ് ദേവികുളം സ്പെഷൽ തഹസിൽദാർ സ്റ്റോപ് മെമ്മോ നൽകിയത്.
പള്ളിവാസൽ വില്ലേജിലെ ചിത്തിരപുരത്ത് സർവേ നമ്പർ182-2/2 ൽ പെട്ട
സ്വകാര്യ ഭൂമിയിലാണ് കെട്ടിടമിരിക്കുന്നത്. പള്ളിവാസൽ വില്ലേജ് ഓഫിസർ നടത്തിയ പരിശോധനയിൽ, വീടു നിർമിക്കാനുള്ള നിരാക്ഷേപ പത്രങ്ങൾ വാങ്ങിയതായും ഇതിന്റെ മറവിൽ രേഖകളിലെ അളവുകൾ ലംഘിച്ചാണ് കെട്ടിടം നിർമിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റോപ് മെമ്മോ നൽകിയത്.
ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസർ സബ് കലക്ടർക്കു നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സ്പെഷൽ തഹസിൽദാർ പണികൾ നിർത്തിവയ്ക്കാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
റവന്യു വകുപ്പ് പൂട്ടിയ ഗേറ്റ് തുറന്നതാര്?
സ്റ്റോപ് മെമ്മോ നൽകുന്നതിനൊപ്പം കെട്ടിടത്തിലേക്കു പ്രവേശിക്കുന്ന ഗേറ്റ് പൂട്ടി റവന്യു അധികൃതർ ബന്തവസ്സാക്കിയിരുന്നു. തുടർന്ന് വസ്തുവിന്റെ തണ്ടപ്പേർ പകർപ്പ്, ഗേറ്റിന്റെ താക്കോൽ എന്നിവ സഹിതം വില്ലേജ് ഓഫിസർ ദേവികുളം സബ് കലക്ടർക്ക് അയച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോപ് മെമ്മോ നീക്കാതെ ഗേറ്റ് തകർത്താണ് നിർമാണം നടത്തിയതെന്ന് ദേവികുളം സ്പെഷൽ തഹസിൽദാർ ഇന്നലെ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടു നിയമനടപടി സ്വീകരിക്കുമെന്നും റവന്യു അധികൃതർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

