തിരുവനന്തപുരം ∙ മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. ആദിവാസികളെ മുത്തങ്ങയില്‍നിന്ന് ഇറക്കിവിടണമെന്ന് മൂന്നു തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിനു കത്തയച്ചിരുന്നു.
അവിടെ കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് കൂടി വന്നശേഷമാണ് നടപടി ഉണ്ടായത്. 1995 ല്‍ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ്.
അതു സര്‍ക്കാര്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആന്റണി പറഞ്ഞു. ആന്റണി സർക്കാരിന്റെ കാലത്തു ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി.
മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്ന് ആന്റണി പറഞ്ഞു.
ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത് എന്റെ കാലത്താണ്. മുത്തങ്ങയില്‍ ആദിവാസികള്‍ കയറി കുടില്‍ കെട്ടിയപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകസംഘടനകളും അവരെ ഇറക്കി വിടണമെന്നാണ് പറഞ്ഞത്.
എന്നാല്‍ പൊലീസ് നടപടി കഴിഞ്ഞപ്പോള്‍ പലരും മലക്കം മറിഞ്ഞു. അവിടെ സംഘര്‍ഷത്തില്‍ ഒരു ആദിവാസിയും ഒരു പൊലീസുകാരനും മരിച്ചു.
വിഷയം അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ചു. അന്ന് വാജ്പേയി സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
ആ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കയ്യിലുണ്ട്. അതും പ്രസിദ്ധീകരിക്കണം.
സത്യം ജനം അറിയട്ടെ. എ.കെ.ആന്റണിയുടെ പൊലീസ് പഞ്ചസാരയും മണ്ണെണ്ണയും ചേര്‍ത്ത് ആദിവാസികളെ ചുട്ടുകരിച്ചുവെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആദിവാസികളെ മുത്തങ്ങയില്‍നിന്ന് ഇറക്കിവിടണമെന്ന് മൂന്നു തവണ കേന്ദ്രത്തില്‍നിന്ന് പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിനു കത്തയച്ചിരുന്നു.
അവിടെ കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് കൂടി വന്നശേഷമാണ് നടപടി ഉണ്ടായത്. 21 വര്‍ഷമായി ഞാന്‍ കേരള രാഷ്ട്രീയത്തില്‍നിന്നു മാറിയിട്ട്.
അതുകഴിഞ്ഞ് എത്ര സര്‍ക്കാരുകള്‍ വന്നു. മുത്തങ്ങള്‍ വന്യജീവി സങ്കേതമാണെന്നാണ് യുഡിഎഫ് നിലപാട്.
15 വര്‍ഷം ഭരിച്ചത് വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സര്‍ക്കാരുകളാണ്.
എന്റെ സര്‍ക്കാര്‍ ആദിവാസികളെ ഇറക്കിവിട്ടത് തെറ്റാണെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അവിടെ വീണ്ടും ആദിവാസികളെ താമസിപ്പിക്കാനോ ഭൂമി കൊടുക്കാനോ ശ്രമിച്ചിട്ടുണ്ടോ? അതു സാധ്യമല്ല എന്നതാണ് വസ്തുത. എനിക്കു മാത്രമാണ് പഴി.
അതിനു ശേഷം ഏതെങ്കിലും ആദിവാസി സംഘടന അവിടെ കുടില്‍ കെട്ടി സമരം ചെയ്തിട്ടുണ്ടോ? ഇതല്ലേ സത്യം. ഞാന്‍ ഡല്‍ഹിയിലേക്കു പോയതിനാല്‍ സത്യം പറയാന്‍ ആരുമുണ്ടായില്ല.
ഇതൊക്കെ വീണ്ടും ആവര്ത്തിക്കപ്പെടുന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.
1995 ല്‍ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണെന്നും അന്നത്തെ സര്‍ക്കാര്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആന്റണി പറഞ്ഞു. ഏറെ ദുഃഖകരമായ സംഭവമാണ് അവിടെ ഉണ്ടായത്.
തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാര്‍ക്ക് അധികാരം കൈമാറാന്‍ തോറ്റവര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കിയതു പ്രകാരമാണ് പൊലീസിനെ അയയ്ക്കേണ്ടിവന്നത്.
കഴിഞ്ഞ 21 വര്‍ഷമായി എനിക്കെതിരെ എല്‍ഡിഎഫ് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മറുപടി പറയാമെന്നാണു കരുതിയത്.
എന്നാല്‍ ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കാന്‍ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നു തോന്നി.
ഇന്നലെയും എനിക്കെതിരെ വിമർശനങ്ങള്‍ ഉണ്ടായി. എനിക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട
ആരോപണങ്ങളില്‍ ഒന്ന് ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ചാണ്. ചെറുപ്പം മുതല്‍ ഏറ്റവും ആദരിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്.
ശിവഗിരിയില്‍ പല തവണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യമാണ് 1995 ല്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി പൊലീസിനെ ശിവഗിരിയിലേക്ക് അയയ്ക്കേണ്ടിവന്നത്.
അവിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പക്ഷേ പൊലീസിനെ അയച്ചത് ഹൈക്കോടതി നിര്‍ദേശം പാലിക്കാനാണ്.
തിരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരം കൈമാറിയിരിക്കണം എന്നത് സര്‍ക്കാര്‍ ചുമതലയാണെന്നും അതിനായി ക്രിമിനല്‍ നിയമത്തില്‍ പറയുന്ന എല്ലാ അധികാരങ്ങളും പൊലീസ് പ്രയോഗിക്കണമെന്നുമാണ് കോടതി പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടേക്കു പോയത്. അതും ഉത്തരവ് വന്ന് ഉടനല്ല.
1995 ല്‍ ശിവഗിരിയില്‍ തോറ്റ വിഭാഗക്കാര്‍ ജയിച്ചവര്‍ക്ക് അധികാരം കൈമാറാന്‍ തയാറായില്ല. സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടര്‍ക്കും അധികാരം കൈമാറിയാല്‍ ശിവഗിരി കാവിവല്‍ക്കരിക്കപ്പെടും എന്നാണ് മറുവിഭാഗം പറഞ്ഞത്.
പ്രകാശാനന്ദ വിഭാഗം കോടതിയില്‍ പോയി അനുകൂല വിധി നേടി. എന്നാല്‍ അധികാരക്കൈമാറ്റം നടന്നില്ല.
ഒടുവില്‍ ഹൈക്കോടതിയാണ് അധികാരക്കൈമാറ്റം നടത്തിയേ പറ്റൂ എന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും വ്യക്തമാക്കിയത്.
എന്നാല്‍ രണ്ടു തവണ പ്രകാശാനന്ദയും കൂട്ടരും എത്തിയിട്ടും മറുവിഭാഗം തടസപ്പെടുത്തി. മൂന്നാം തവണ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാലസുബ്രഹ്മണ്യം കര്‍ശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
എന്തു പ്രത്യാഘാതമുണ്ടായാലും അധികാരക്കൈമാറ്റം നടത്തണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഇതിനിടയില്‍ നിരവധി തവണ ഒത്തുതീര്‍പ്പു ശ്രമങ്ങളും നടന്നിരുന്നു.
ഏതാനും ആഴ്ചകള്‍ കൂടി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ബലിയാടുകളാകും എന്ന് തിരിച്ചറിഞ്ഞു.
അങ്ങനെയാണ് 1995 ഒക്ടോബറില്‍ അവിടെ പ്രകാശാനന്ദയ്ക്കു സംരക്ഷണം ഒരുക്കി പൊലീസ് എത്തിയത്. തുടര്‍ന്ന് അധികാരക്കൈമാറ്റം നടത്തുകയും ചെയ്തു.
അവിടെ അതിനെ എതിര്‍ത്ത് ഒത്തുകൂടിയവര്‍ ആരൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. ഇതൊന്നും സര്‍ക്കാര്‍ പെട്ടെന്നു നടപ്പാക്കിയതല്ലെന്നും എ.കെ.ആന്റണി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]