കൽപറ്റ ∙ ആതുര മേഖലയിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം പ്രവർത്തന സജ്ജമായി. മസ്തിഷ്കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരുക്കുകൾ, സെറിബ്രൽ പാൾസി, വിവിധ തരത്തിലുള്ള പരുക്കുകളാൽ എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ള രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനത്തിലൂടെ.
രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സ്ഥാപിക്കുന്നത്.
ഫിസിയോതെറാപ്പി ചികിത്സയ്ക്കായി നിലവിൽ ലഭ്യമായ മികച്ച ആധുനിക സംവിധാനമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ. സർക്കാർ മേഖലയിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമേ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനമുള്ളത്.
രോഗിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് പലതരത്തിൽ പല മോഡുകളിലായി മെഷീൻ ക്രമീകരിക്കാൻ സാധിക്കും.
മുട്ടുകൾക്കും ഇടുപ്പിനും വ്യായാമം നൽകുന്ന ഫിസിയോതെറാപ്പിക്ക് പുറമേ ആദ്യമായി ജി-ഗെയ്റ്ററിൽ പരിശീലനം തുടങ്ങുന്നവർക്ക് കാലുകൾ നിലത്ത് സ്പർശിക്കാതെ ചലനങ്ങൾ മാത്രം നൽകുന്ന എയർ വാക്ക് മോഡിലായിരിക്കും മെഷീൻ പ്രവർത്തിപ്പിക്കുക. തുടർന്ന് ന്യൂറോ തെറാപ്പി ചികിത്സയുടെ ഭാഗമായി പാസീവ്, അസിസ്റ്റീവ്, ആക്ടീവ് എന്നിങ്ങനെയുള്ള മൂന്ന് മോഡുകളിൽ മെഷീൻ ക്രമീകരിക്കാം.
നടക്കാൻ സാധിക്കാത്തവർക്ക് മെഷീൻ തന്നെ എല്ലാ പിന്തുണയും നൽകി ചലനം സാധ്യമാക്കുന്നതാണ് പാസീവ് മോഡ്. പകുതി പിന്തുണ നൽകുന്ന അസിസ്റ്റീവ് മോഡിന് പുറമേ രോഗിയെ വീഴാതെ പിടിച്ചുനിർത്തുക മാത്രം ചെയ്യുകയും നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ആക്ടീവ് മോഡ്.
ഇതിന് പുറമേ ട്രെഡ്മില്ലിന് സമാനമായും ഗെയ്റ്റർ മെഷീൻ ഉപയോഗിക്കാം. വി.ആർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മറ്റ് പരിശീലന രീതികളും ആധുനിക മെഷീനിൽ സജ്ജമാണ്.
രോഗികളുടെ ഇടുപ്പിനും മുട്ടുകൾക്കും ചലനം നൽകി ആരോഗ്യം മെച്ചപ്പെടുത്തി നടന്നു തുടങ്ങാൻ സഹായിക്കുന്ന റോബോട്ടിക് മെഷീൻ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കാനാവും.
ബെൽറ്റുകൾ പോലുള്ള പ്രത്യേക സംവിധാനത്തിലൂടെ രോഗിയെ മെഷീനുമായി ബന്ധപ്പിച്ച് രോഗിയുടെ അവസ്ഥ അനുസരിച്ച് കൃത്യമായ വ്യായാമവും നടക്കാനുള്ള പരിശീലനവും മെഷീൻ തന്നെ രോഗിക്ക് നൽകും. ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും നിർദേശിക്കുന്നത് അനുസരിച്ചാണ് ഓരോ രോഗിക്കും ജി-ഗെയ്റ്റർ മെഷീനിൽ ചികിത്സ ലഭ്യമാക്കുന്നത്.
മെഷീൻ ഉപയോഗിക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകാൻ ജെന്റോബോട്ടിക്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധൻ ഒരു വർഷക്കാലം ആശുപത്രിയിലുണ്ടാവും. ഓരോ രോഗിക്കും 900 സ്റ്റെപ്പുകൾ വീതം പരിശീലനം നൽകാൻ 20 മിനിറ്റ് സമയമാണ് ആവശ്യം.
വയനാട് പാക്കേജിൽ ഉൾപ്പെടുത്തി രണ്ടര കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി സർക്കാർ അനുവദിച്ചത്.
സ്വകാര്യ ആശുപത്രികൾ ഒരുതവണത്തേക്ക് മാത്രം രണ്ടായിരത്തോളം രൂപ ഈടാക്കുന്ന തെറപ്പി നൂൽപ്പുഴയിൽ സൗജന്യമായി രോഗികൾക്ക് ലഭ്യമാക്കുമെന്ന് മെഡിക്കൽ ഓഫിസർ വി.പി. ദാഹർ മുഹമ്മദ് അറിയിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്റോബോട്ടിക്സ് കമ്പനി വികസിപ്പിച്ച ആധുനിക മോഡലായ ജി-ഗെയ്റ്റർ മെഷീനാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചത്. നിലവിൽ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, തമിഴ്നാട് അതിർത്തി ജില്ലകളിൽ നിന്നും നൂൽപ്പുഴയിലെ ഫിസിയോതെറാപ്പി യൂണിറ്റിൽ ചികിത്സയ്ക്കായി ആളുകൾ എത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]