തൊടുപുഴ ∙ ഡിഗ്രി വിദ്യാർഥിയെ ഇരുചക്രവാഹനം തടഞ്ഞ് പൊതുസ്ഥലത്ത് വച്ച് ബാഗ് പരിശോധിച്ച് അപമാനിച്ചെന്ന പരാതിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ആരോപണ വിധേയനായ കുളമാവ് മുൻ എസ്ഐയ്ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
വിദ്യാർഥിയോട് പൊതുസ്ഥലത്ത് മാന്യമായും വിവേകത്തോടെ പെരുമാറുന്നതിലും ഒപ്പമുണ്ടായിരുന്ന കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും കുളമാവ് മുൻ എസ്ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ഐജിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
വിദ്യാർഥിയുടെ തോളിലുണ്ടായിരുന്ന ബാഗ് പൊലീസ് ബലമായി വലിച്ചെടുത്തതിനാൽ കഴുത്തിന് പരുക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയതിന് തെളിവുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു.
പിറവം നെച്ചൂർ സ്വദേശിയാണ് പരാതിക്കാരനായ വിദ്യാർഥി.
കോതമംഗലത്ത് ഡിഗ്രിക്ക് പഠിക്കുകയായിരുന്ന വിദ്യാർഥിയെ 2022 ഓഗസ്റ്റ് 23ന് രാത്രി 11.40 നാണ് നാടുകാണിയിൽ വച്ച് കുളമാവ് എസ്ഐ തടഞ്ഞുനിർത്തിയത്. അസഭ്യം പറഞ്ഞെന്നും അന്യായമായി ദേഹ പരിശോധന നടത്തിയെന്നുമായിരുന്നു പരാതി.
വിദ്യാർഥിയുടെ ബാഗിലുണ്ടായിരുന്ന ലാപ്ടോപ്പിനും ക്യാമറയ്ക്കും തകരാർ സംഭവിച്ചെന്നും ആരേപിച്ചിരുന്നു.
ആരോപണങ്ങൾ തൊടുപുഴ ഡിവൈഎസ്പി നിഷേധിച്ചു. പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറഞ്ഞു.
ലഹരിമരുന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കിടയിലാണ് സംഭവമുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് കമ്മിഷന്റെ അന്വേഷണ വിഭാഗത്തോട് അന്വേഷണം നടത്താൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിക്കുകയായിരുന്നു.
പൊലീസുകാർ ബാഗ് വലിച്ചെടുത്തപ്പോൾ തോളെല്ലിനുണ്ടായ ക്ഷതത്തിന് വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി കമ്മിഷൻ കണ്ടെത്തി.
സംഭവം നടക്കുന്നതിന് ഒരു മാസം മുൻപ് ഇതേ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുമായി ഇതേ പൊലീസ് സംഘം പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ തർക്കമുണ്ടായതായും കമ്മിഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് മോശമായി പെരുമാറിയതെന്ന് പരാതിക്കാരൻ വിശ്വസിക്കുന്നു.
പൊലീസ് പ്രവർത്തിച്ചത് ഉത്തമ വിശ്വാസത്തിലാകാമെങ്കിലും പ്രവൃത്തിയിൽ മിതത്വവും പക്വതയും പുലർത്തിയിരുന്നുവെങ്കിൽ ഇത്തരം ഒരു പരാതി ഉയരുകയില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു.
അതേസമയം, വിദ്യാർഥി ഇപ്പോൾ വിദേശത്താണെന്നും കൂടുതൽ നടപടികൾ ആവശ്യമില്ലെന്നും പരാതിക്കാരനായ വിദ്യാർഥിയുടെ പിതാവ് കമ്മിഷനെ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]