കൊച്ചി ∙ ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക തേക്ക് കോൺഫറൻസിന് കൊച്ചിയിൽ തുടക്കം. തേക്ക് ഉൽപാദന, വിപണന മേഖലകളിലായി 40 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ശാസ്ത്രീയ രീതികളിലൂടെയും പരസ്പര സഹകരണത്തിലൂടെയും തേക്ക് ഉൽപാദനത്തിലെ വെല്ലുവിളികൾ മറികടക്കാമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം, ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ലഭ്യത, അശാസ്ത്രീയ വനവൽകരണ പദ്ധതികൾ, വന്യജീവികളുടെ ഇടപെടലുകൾ, മൂലധനവും വിപണിയും കണ്ടെത്താനുള്ള തടസ്സങ്ങൾ തുടങ്ങിയവയാണ് തേക്ക് ഉൽപാദന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ ഐഎഫ്എസ് പറഞ്ഞു. ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നതിലൂടെയും, കൃത്യമായ പരിശീലനത്തിലൂടെയും രാജ്യാന്തര സഹകരണത്തിലൂടെയും ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു രാജ്യങ്ങളിലെ തേക്ക് ഉൽപാദകരുടെ ഉൽപാദനം ശക്തിപ്പെടുത്തുന്നതിനായി ജർമനിയിലെ ഭക്ഷ്യ-കാർഷിക ഫെഡറൽ മന്ത്രാലയവും ഇന്റർനാഷനൽ തേക്ക് ഗ്രോവേഴ്സ് ഓർഗനൈസേഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പദ്ധതിയിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചെറുകിട തേക്ക് ഉൽപാദകർക്ക് മികച്ച വനവൽകരണ രീതികളിൽ പരിശീലനം നൽകുകയും വിപണി സാധ്യതയും ഉൽപന്നങ്ങളുടെ ഗുണമേന്മയും മൂലധന ലഭ്യതയും ഉറപ്പുവരുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് കെ.ബി.സിങ് ഐഎഫ്സ് മുഖ്യാതിഥിയായി.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ തേക്ക് കൃഷിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ വിജയവും പരാജയവുമുണ്ടായിട്ടുണ്ടെന്നും പരാജയപ്പെട്ട
പരീക്ഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ അത്തരം അനുഭവങ്ങൾ പങ്കിടാനുള്ള വേദികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തേക്ക് ഉൽപാദനം, വിപണനം, ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ ഉപജീവനം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ സമ്മേളനത്തിൽ ഉയർന്നുവരണമെന്ന് ജപ്പാനിൽ നിന്നുള്ള ഇന്റർനാഷനൽ ട്രോപ്പിക്കൽ ടിംബർ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷീം സാത്കുരു പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഓഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി കെ.പി.സുധീർ അധ്യക്ഷനായി.
ഫോറസ്ട്രി കമ്മിഷൻ ഖാന ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹ്യൂ സിഎ ബ്രൗൺ, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കണ്ണൻ സി.എസ്. വാര്യർ, TEAKNET കോഓർഡിനേറ്റർ എസ്.സന്ദീപ് എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ), പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, TEAKNET, ജപ്പാനിലെ ഇന്റർനാഷനൽ ട്രോപ്പിക്കൽ ടിംബർ ഓർഗനൈസേഷൻ (ഐടിടിഒ) എന്നിവ ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
‘Sustainable Development of the Global Teak Sector – Adapting to Future Markets and Environments’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറൻസിൽ സാമൂഹ്യ-സാമ്പത്തിക പ്രവണതകൾ, തേക്കിന്റെ ജനിതകശാസ്ത്രം, സിൽവികൾച്ചർ, സാങ്കേതികവിദ്യകൾ പരിസ്ഥിതി, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യും.
കോൺഫറൻസ് 20ന് സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]