ഏലൂർ ∙ നഗരസഭയിലെ കിഴക്കുംഭാഗം പ്രദേശങ്ങളിൽ എടയാർ വ്യവസായ മേഖലയിൽ നിന്നുള്ള വിഷപ്പുകയും ദുർഗന്ധവും ജനങ്ങളെ നരകിപ്പിക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ വർധിക്കുകയാണെന്നും നഗരസഭാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഉപാധ്യക്ഷ ജയശ്രീ സതീഷ്, സ്ഥിരസമിതി അധ്യക്ഷൻ കെ.എ.മാഹിൻ, പ്രതിപക്ഷനേതാവ് പി.എം.അയൂബ് എന്നിവരാണ് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെടുത്തിയത്.
7, 8, 9, 10, 11, 12, 13, 17 വാർഡുകളിലെ ജനങ്ങളാണു ദുർഗന്ധവും വിഷപ്പുകയും ശ്വസിച്ച് വലയുന്നത്. വൈകിട്ട് 6 മണി കഴിഞ്ഞാൽ വീടുകളുടെ ജനലുകളും വാതിലുകളും തുറക്കാനാവില്ല. ഭിത്തിയിലെ ദ്വാരങ്ങൾ മുഴുവൻ അടച്ചുവയ്ക്കേണ്ട
അവസ്ഥയാണ്. ശ്വാസകോശ രോഗങ്ങൾ വർധിക്കുകയാണ്.
കെട്ടിടങ്ങളിൽ വാടകയ്ക്കു താമസിക്കുന്നവർ ഒഴിഞ്ഞുപോവുന്നു. പുതിയ താമസക്കാർ വരുന്നില്ല. ഭൂമി വിൽക്കുന്നതിനൊ പണയപ്പെടുത്തുന്നതിനൊ കഴിയുന്നില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
മേഖലയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡ് രൂപീകരിച്ചിട്ടുള്ള മേൽനോട്ട സമിതി എല്ലാ ശനിയാഴ്ചയും യോഗം ചേരുന്നുണ്ട്. ഈ സമിതിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്താത്തതിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കാൻ വേദിയില്ലാത്തതിലും കൗൺസിലർമാർ പ്രതിഷേധിച്ചു. പ്രതിഷേധം മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിക്കുമെന്നു നഗരസഭാധ്യക്ഷൻ എ.ഡി.സുജിൽ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]