വൈപ്പിൻ∙ ടാറിങ് പൂർത്തിയായെങ്കിലും അപര്യാപ്തതകൾ തീരാതെ വൈപ്പിൻ തീരദേശ റോഡ്. അപൂർണമാണെന്നതിനു പുറമേ വീതിക്കുറവും ഉള്ളതിനാൽ വാഹനപ്പെരുപ്പത്തിൽ ശ്വാസം മുട്ടുന്ന സംസ്ഥാന പാതയ്ക്ക് സമാന്തരമായുള്ള ബദൽ യാത്രാ മാർഗമായി തീരദേശ റോഡ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.പലയിടത്തും ഇരുവശങ്ങളിൽ കാടും പടലും വളർന്നു നിൽക്കുന്നതും മണൽ മൂടി കിടക്കുന്നതും തീരദേശ റോഡ് വഴിയുള്ള സുഗമമായ ഗതാഗതത്തിന് തടസ്സമായി മാറുന്നു.
മുനമ്പം മേഖലയിൽ നിന്ന് ആരംഭിച്ച ടാറിങ് മധ്യമേഖല വരെ എത്തിയിട്ടുണ്ടെങ്കിലും പഴങ്ങാട് മുതൽ തെക്കോട്ട് റോഡ് മണൽ മൂടിക്കിടക്കുന്ന സാഹചര്യമാണ്.
എടവനക്കാട് അണിയിൽ മേഖലയിലാവട്ടെ വർഷങ്ങളായി റോഡ് പൂർണമായും നഷ്ടമായ അവസ്ഥയിലുമാണ്. ഇവിടെ റോഡ് പൂർണമായും പുനർ നിർമിക്കേണ്ടതുണ്ട്.
കൂടാതെ ഇതുവരെ റോഡ് നിർമിക്കാൻ തന്നെ കഴിയാത്ത ഭാഗങ്ങളും ഉള്ളതാണ് സംസ്ഥാന പാതയ്ക്ക് സമാന്തരപാതയായി തീരദേശ റോഡ് ഉപയോഗിക്കുന്നതിനുള്ള പ്രധാന തടസ്സം.
വീതിക്കുറവ് നേരത്തെ മുതൽ ഈ റോഡിന്റെ ശാപമാണെങ്കിലും വീതി വർധിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ അടുത്തിടെ നടത്തിയ പുനർ നിർമാണത്തിനിടെ പോലും അതിനുള്ള ശ്രമം ഉണ്ടായില്ല.
മാത്രമല്ല കനത്തിൽ ടാർ ചെയ്തതോടു കൂടി റോഡും വശങ്ങളും തമ്മിൽ വലിയ ഉയര വ്യത്യാസം രൂപപ്പെടുകയും ചെയ്തു. ഇതോടെ വാഹനങ്ങൾ വശത്തേക്ക് ഒതുക്കാൻ കഴിയാതെ വരുന്നത് പലപ്പോഴും ഗതാഗത തടസ്സത്തിന് ഇടയാക്കുന്നു.
വാഹനങ്ങൾ താഴേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതിനും ഈ ഉയരവ്യത്യാസം തടസ്സമാണ്.
ഇതുമൂലം പലരും റോഡിൽ തന്നെ വാഹനങ്ങൾ നിർത്തിയിടുന്നത് തിരക്കുള്ള സമയത്ത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നു. വശങ്ങളിൽ പാർക്കിങ്ങിനു സൗകര്യമുള്ള സ്ഥലങ്ങളിലെങ്കിലും ചരിവ് നിർമിച്ച് വാഹനങ്ങൾ താഴേക്ക് ഇറക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് നേരത്തെ മുതൽ ആവശ്യമുയരുന്നതാണെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല..ഇതിനു പുറമേയാണ് ടാറിങ് നടത്തിയ സ്ഥലങ്ങളിൽ വൻതോതിൽ മണൽ കയറിക്കിടക്കുന്നത് മൂലമുള്ള അപകടക്കെണി.
ഇത്തരം സ്ഥലങ്ങളിൽ മഴ സമയത്ത് വാഹനങ്ങൾ പുതയുന്ന പ്രശ്നം ഉണ്ടായിരുന്നു.
മഴ മാറിയതോടു കൂടി ഈ മണൽ ഉണങ്ങി റോഡിലാകെ പരന്നതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് പതിവായിട്ടുണ്ട്. മണൽ നിറഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴാണ് വാഹനങ്ങളുടെ നിയന്ത്രണം വിടുന്നത്. ബൈക്ക് യാത്രികരാണ് പലപ്പോഴും ഇത്തരത്തിൽ അപകടത്തിൽപെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ പല സ്ഥലങ്ങളിലും വശങ്ങളിൽ നിന്ന് പുൽക്കൂട്ടം റോഡിലേക്ക് വളർന്നു നിൽക്കുന്ന സ്ഥിതിയാണ്.
ഇത് വാഹനങ്ങൾക്ക് തടസ്സം ഉണ്ടാക്കുകയും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങൾ മാലിന്യം തള്ളൽ കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]