കാക്കനാട്∙ കൊച്ചി നഗരത്തിലും പരിസരത്തുമായി ഭൂമി തരംമാറ്റി കിട്ടാൻ സമർപ്പിച്ച 15,798 അപേക്ഷകൾ തീർപ്പു കെട്ടിക്കിടക്കുന്നു.2024 നവംബർ വരെയുള്ള അപേക്ഷകളിലാണു നടപടി പുരോഗമിക്കുന്നത്. അതിനു ശേഷമുള്ള 90 ശതമാനം അപേക്ഷകളിലും നടപടികളിലേക്ക് കടന്നിട്ടില്ല.
വില്ലേജ്, കൃഷി ഓഫിസുകളിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ച നൂറു കണക്കിന് അപേക്ഷകളും ഇതിലുൾപ്പെടും.
കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി നഗരസഭ പ്രദേശങ്ങളും സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്ന കണയന്നൂർ താലൂക്ക് പരിധിയിൽ അപേക്ഷകരുടെ എണ്ണം കൂടിയതാണ് പ്രതിസന്ധിക്കു കാരണം. ഫോർട്ട്കൊച്ചി ആർഡി ഓഫിസിൽ കെട്ടിക്കിടന്നിരുന്ന കണയന്നൂർ താലൂക്ക് പരിധിയിലെ പതിനെണ്ണായിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കലക്ടറേറ്റിലേക്ക് കൈമാറിയത്.ഇതുൾപ്പെടെ 29,687 ഭൂമി തരംമാറ്റ അപേക്ഷകളാണ് കഴിഞ്ഞ മാസം വരെ കണയന്നൂർ താലൂക്ക് പരിധിയിൽ ലഭിച്ചത്.
13,889 അപേക്ഷകൾ തീർപ്പാക്കി. ഇതിൽ അയ്യായിരത്തോളം അപേക്ഷകൾ പ്രത്യേക അദാലത്ത് നടത്തിയാണ് പരിഹരിച്ചത്.
15,798 അപേക്ഷകളാണ് ഇനി പരിഹരിക്കാനുള്ളത്.ഇതിനിടെ 5 വർഷം മുൻപ് ഫോർട്ട്കൊച്ചി ആർഡി ഓഫിസിൽ നേരിട്ടു സമർപ്പിച്ച പഴയ അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചതും പുതിയ അപേക്ഷകളിന്മേലുള്ള നടപടികൾ വൈകാൻ കാരണമായി.2019 മുതൽ കണയന്നൂർ താലൂക്ക് പരിധിയിൽ ഓഫ് ലൈനായി സമർപ്പിച്ച അപേക്ഷകളും ഇതിലുൾപ്പെടും.
ആർഡിഒ ഓഫിസിൽ കെട്ടിക്കിടന്നിരുന്ന പഴയ അപേക്ഷകളെല്ലാം ഇതിനായി കലക്ടറേറ്റിലേക്ക് കൈമാറി. ഏഴായിരത്തോളം ഓഫ് ലൈൻ അപേക്ഷകൾ കണയന്നൂർ താലൂക്ക് പരിധിയിൽ മാത്രം കെട്ടിക്കിടപ്പുണ്ട്.പലതിലും വില്ലേജ് ഓഫിസുകളിലെയും കൃഷി ഭവനുകളിലെയും റിപ്പോർട്ടുകൾ നേരത്തേ ലഭിച്ചതാണ്.
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ കലക്ടറേറ്റിലേക്ക് നിയോഗിച്ച സ്പെഷൽ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പഴയ അപേക്ഷകളും തീർപ്പാക്കുന്നത്.
തരംമാറ്റം; ഇതുവരെ കിട്ടിയത് 58 കോടി
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കിയതിലൂടെ കൊച്ചി നഗരത്തിലും പരിസരങ്ങളിലും നിന്നുമായി ഇതുവരെ സർക്കാരിനു ലഭിച്ചത് 58,62,16,841 രൂപ. 25 സെന്റിൽ കൂടുതലുള്ള പ്ലോട്ടുകൾ തരംമാറ്റി നൽകാൻ വിലയുടെ നിശ്ചിത ശതമാനം തുക സർക്കാരിലേക്ക് അടയ്ക്കണം.
25 സെന്റിൽ കുറവാണെങ്കിൽ പണം അടയ്ക്കാതെ തന്നെ തരംമാറ്റ നടപടി പൂർത്തിയാക്കും.
നിത്യേന 70 മുതൽ 100 വരെ അപേക്ഷകൾ തീർപ്പാക്കി ഉത്തരവു പുറപ്പെടുവിക്കുന്നുണ്ടെന്നു കണയന്നൂർ താലൂക്കിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]