അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവിന്റെ ലോകം കാത്തിരിക്കുന്ന നിർണായക യോഗം ഇപ്പോൾ തുടങ്ങും. പലിശ നിരക്ക് കുറയ്ക്കുമോ എന്ന കാര്യം നാളെ അറിയാം.
നിരക്ക് കുറയ്ക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്, അത് അര ശതമാനമാണോ, കാൽശതമാനമാണോ കുറയ്ക്കുക എന്ന സംശയത്തിലാണ് അമേരിക്കയിലെ സാധാരണക്കാരും ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്ധരുമൊക്ക. സ്വാഭാവികമായിട്ടും പലിശ നിരക്ക് കുറയുമ്പോൾ ഉണ്ടാകാവുന്ന മാറ്റങ്ങൾ നിലവില് താരിഫ് സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയേ ഉള്ളു.
പലിശ നിരക്ക് കുറയുന്നത് അമേരിക്ക ഇപ്പോൾ നേരിടുന്ന വിലക്കയറ്റത്തിന് അൽപം ശമനം നല്കിയേക്കുമെങ്കിലും അതു കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വസിക്കാൻ വകയില്ലെന്ന് സാമ്പത്തിക വിദഗ്ധനായ ഡോ. മാർട്ടിൻ പാട്രിക് പറയുന്നു.
പലിശ കുറയ്ക്കാനുള്ള സാഹചര്യം ആയിട്ടില്ല എന്ന വാദം മുന്നോട്ടു വയ്ക്കുന്നവരുമുണ്ട്.
അമേരിക്കയിൽ റീട്ടെയ്ൽ പണപ്പെരുപ്പം ജൂലൈയിലെ 0.2 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 0.4 ശതമാനത്തിലേക്ക് കുതിച്ചുകയറിയത് താഴാതെ പലിശ നിരക്ക് കുറയ്ക്കൽ കൊണ്ട് മെച്ചമില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
തിരിഞ്ഞു കുത്തുന്ന തീരുവകൾ
ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതിക്കുമേൽ പ്രഖ്യാപിച്ച കനത്ത തീരുവകൾ അമേരിക്കക്കാരെയാണിപ്പോൾ തിരിഞ്ഞു കുത്തുന്നത്. ഏതാണ്ടെല്ലാ ഉൽപന്നങ്ങൾക്കും ഓഗസ്റ്റിൽ വില കൂടി.
തൊഴിലില്ലായ്മയും കുതിക്കുകയാണ്. തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഓഗസ്റ്റിൽ 2.63 ലക്ഷമായി ഉയർന്നിട്ടുണ്ടെന്ന് ലേബർ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഫെഡറൽ റിസർവിന്റെ നിരക്ക് കുറയ്ക്കൽ ഈ പ്രതിസന്ധികൾക്കൊക്കെ പരിഹാരമാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
സമ്പദ്വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും പലിശനിരക്ക് കുറയ്ക്കാത്തത് മാത്രമാണ് നിലവിലെ പ്രശ്നമെന്നുമാണ് ട്രംപിന്റെ അഭിപ്രായം. ട്രംപിന്റെ കടുത്ത സമ്മർദവും പണനയ നിർണയ സമിതിയിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ കൂടുതലുള്ളതിനാലും പലിശനിരക്ക് കുറയാനുള്ള സാധ്യതയാണേറെ.
പലിശനിരക്ക് കഴിഞ്ഞ 9 മാസമായി 4.25- 4.5 % എന്ന നിലയിൽ തുടരുകയാണ്. അമേരിക്കയിൽ വർഷത്തിൽ 8 തവണയാണ് ഫെഡറൽ റിസർവിന്റെ യോഗം ചേരുന്നത്.
സ്വർണവില വീണ്ടും കുതിക്കും
ഫെഡറൽ റിസർവ് പലിശ കുറച്ചാൽ അതിന്റെ തുടർച്ചയായി സ്വർണത്തിന്റെ വില മുന്നേറുമെന്നതാണ് പ്രധാന പ്രത്യാഘാതം.
പലിശ നിരക്ക് കുറയുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്കു നിക്ഷേപം മാറ്റുമെന്നത് തന്നെ കാരണം. ഒപ്പം വെള്ളിയ്ക്കും ആകർഷണീയത ഏറും.
പലിശ കുറയ്ക്കുന്നതോടെ കൂടുതൽ വായ്പ എടുത്ത് വ്യവസായത്തിൽ നിക്ഷേപിക്കുമെന്ന കാഴ്ചപ്പാട് ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇടയില്ല. കാരണം ജനങ്ങളുടെ വാങ്ങൽശേഷി ഉയരാതെ കൂടുതൽ ഉൽപ്പാദനം നടത്തുന്നതു ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്നതുതന്നെ.
നിക്ഷേപകരും പലിശ കുറയുന്ന സാഹചര്യത്തിൽ മറ്റിടങ്ങളില് നിക്ഷേപം നടത്താനുള്ള സാധ്യതയാണുള്ളത്.
ഇത് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണമായേക്കുമെന്ന് ഓഹരി വിദഗ്ധനായ അഭിലാഷ് പുറവൻതുരുത്തിൽ പറയുന്നു. ഫെഡ് പലിശ കുറച്ചാൽ ഇന്ത്യൻ ഓഹരി വിപണിയും ഐടി ഓഹരികളും മുന്നേറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡോളറിനുണ്ടാകുന്ന തകർച്ചയാണ് ഇതിലെല്ലാം അന്തർലീനമാകുന്ന ഘടകമെന്നു ഡോ. മാർട്ടിൻ പാട്രിക് പറയുന്നു.
ഡോളറിലെ ഇടിവ് അമേരിക്കൻ ബോണ്ട് മാർക്കറ്റിനെയും പ്രതികൂലമായി ബാധിക്കും. ഇതിലെല്ലാം ഉപരിയായി വ്യാപാര താരിഫ് ഉയർന്ന് നിൽക്കുന്നതിനാൽ നിരക്ക് കുറയ്ക്കൽ കൊണ്ട് അമേരിക്കയ്ക്ക് മെച്ചമുണ്ടാക്കാനും സാധ്യതയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
വെറും പലിശ കൊണ്ട് പരിഹരിക്കാവുന്ന ഉൽപാദന മേഖലയിലെ പ്രശ്നമല്ല ഇപ്പോൾ അമേരിക്ക അഭിമുഖീകരിക്കുന്നത്.
വിലക്കയറ്റം തൽക്കാലത്തേക്ക് അൽപം പിടിച്ചുനിർത്താമെന്ന് മാത്രം. കടുത്ത പ്രതിസന്ധിയിലാണ് ഉൽപ്പാദന മേഖലയിലും നിക്ഷേപരംഗത്തുമുള്ളവർ.
പലിശ കുറയ്ക്കുന്നതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല എന്ന് ഫെഡിന്റെ ചെയർമാൻ ജെറോം പവലിനും അറിയാം, അതുകൊണ്ടാണ് അദ്ദേഹം പലിശ നിരക്ക് കുറയ്ക്കാൻ മടി കാണിക്കുന്നതും. താരിഫ് നിരക്കും പലിശ നിരക്കും ഒരുമിച്ച് കുറയ്ക്കുന്നതാണ് അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും അഭികാമ്യമായിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

