കുതിരാൻ ∙ കേരളത്തിലെ ആദ്യത്തെ ആറുവരി ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പ് തുടങ്ങിയിട്ട് 20 വർഷം പൂർത്തിയാകുന്നു. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാത 6 വരിയാക്കുന്നതിനു 60 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കുന്നതായിരുന്നു പദ്ധതി. 2005 സെപ്റ്റംബർ 16ന് നടത്തറ, ഒല്ലൂക്കര, വെള്ളാനിക്കര എന്നീ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയത്.
2005 ഒക്ടോബർ 10ന് പീച്ചി, പാണഞ്ചേരി വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കുന്നതിനും വിജ്ഞാപനം ഇറക്കി.
പീച്ചിയിലെ വിജ്ഞാപനം റദ്ദാക്കി 2007 മേയ്16ന് പുനർ വിജ്ഞാപനം ഇറക്കി. 2009ലും 2010ലും സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ട
സ്ഥാനത്ത് 2013ലാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയായത്. 2006ൽ അധികാരത്തിലെത്തിയ സർക്കാർ ബിഒടി റോഡുകൾ എൽഡിഎഫ് നയമല്ലെന്നു പറഞ്ഞ് ഭൂമി ഏറ്റെടുക്കാനനുവദിച്ച ഫണ്ട് വകമാറ്റിയതാണ് സ്ഥലമേറ്റെടുപ്പും ദേശീയപാത നിർമാണവും ആദ്യഘട്ടത്തിൽ വൈകുന്നതിനു കാരണമായത്.
തൃശൂർ എക്സ്പ്രസ് വേ എന്ന കമ്പനിയുമായി 2009 ഓഗസ്റ്റ് 24നാണ് 30 മാസത്തിനുള്ളിൽ ദേശീയപാത നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ ദേശീയപാത അതോറിറ്റി കരാർ ഒപ്പുവച്ചത്.
165 കോടി രൂപ കുതിരാൻ തുരങ്കം നിർമിക്കുന്നിതിനുൾപ്പെടെ 514 കോടി രൂപയാണ് കരാർ സമയത്ത് നിർമാണ ചെലവ്. എന്നാൽ പാതയുടെ നിർമാണം ഏതാണ്ട് പൂർത്തിയായത് 15 വർഷം കഴിഞ്ഞാണ്.
1553 കോടി രൂപയാണ് നിർമാണ ചെലവ്. 2021 ജൂലൈയിലാണ് ഒരു തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
ടോൾ പ്ലാസയിൽ 2032 വരെ ടോൾ പിരിവിന് അനുവാദമുണ്ട്.
അതേസമയം ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു കൊടുത്തവർക്കുൾപ്പെടെ പാത ഉപയോഗിക്കുന്നവർക്ക് 20 വർഷം കഴിഞ്ഞിട്ടും യാത്രാദുരിതത്തിനു പരിഹാരമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുതിരാനിലെ അറ്റകുറ്റപ്പണിയുടെ പേരിലും അടിപ്പാത നിർമാണത്തിന്റെ പേരിലുമായി ഒരു പതിറ്റാണ്ടു മുൻപുള്ള യാത്രാദുരിതം അനുഭവിക്കുകയാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]