ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇന്നാണ് (സെപ്റ്റംബർ 15 തിങ്കളാഴ്ച). ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 6.30 കോടി പേരാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്.
ഇതിൽ 5.34 കോടി റിട്ടേണുകൾ പ്രോസസ് ചെയ്തിട്ടുണ്ട്. 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് 2024–25 സാമ്പത്തിക വർഷത്തിൽ 9.19 കോടിപ്പേർ റിട്ടേൺ സമർപ്പിച്ചിരുന്നു.
ശനി, ഞായർ ദിവസങ്ങളിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ വൻതിരക്ക് കാരണം രാജ്യത്ത് വിവിധയിടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പോർട്ടൽ തകരാറിലായതായി റിപ്പോർട്ടുകളുണ്ട്. ഇനിയുള്ള ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫയലിങ് പൂർത്തിയാക്കാനാകുമോ എന്ന് ആശങ്കയിലാണ് നികുതിദായകരും ടാക്സ് പ്രഫഷനലുകളുമൊക്കെ.
തകരാർ ഏറെ
വിവിധങ്ങളായ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കൽ മുടങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്.
റിട്ടേൺ സമർപ്പിക്കുന്ന പ്ലാറ്റ്ഫോമിലെ സാങ്കേതിക പ്രശ്നങ്ങളും ഐടിആർ ഫോമുകൾ വൈകി അവതരിപ്പിച്ചതും വാർഷിക വിവര സ്റ്റേറ്റ്മെന്റ് കിട്ടാത്തതുമൊക്ക നികുതിദായകർക്കും പ്രഫഷണലുകൾക്കും റിട്ടേൺ സമർപ്പിക്കുന്നത് ദുർഘടമാക്കുന്നുണ്ട്. ഇതൊക്കെ കാരണം റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുമെന്ന് ഒട്ടേറെപ്പേർ കരുതുന്നുണ്ടെങ്കിലും ഇതിനു സാധ്യതയില്ലെന്ന വിലയിരുത്തലുകളുമുണ്ട്.
റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നത് ഒന്നര മാസം നീട്ടി നൽകിയതാണ് ഇന്നവസാനിക്കുന്നത്, അതു കൊണ്ട് ഇനിയും നീട്ടാനുള്ള സാധ്യതയില്ലെന്ന് ടാക്സ് വിദഗ്ധർ പറയുന്നു. പക്ഷേ ഇപ്പോഴും റിട്ടേൺ ഫയൽ ചെയ്യുന്നവർ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്.
തിയതി ഇനിയും നീട്ടുമെന്ന പ്രതീക്ഷയിലിരുന്നവര് ആശങ്കയിലാണ്. അതിനിടയിൽ തിയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി ധനമന്ത്രാലയത്തിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടയിൽ റിട്ടേൺഫയൽ ചെയ്യാനാകാത്തവരെന്ത് ചെയ്യണം?
സമയത്ത് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഡിസംബർ 31 വരെ വരെ സമർപ്പിക്കാനാകും, എന്നാൽ പിഴ നൽകേണ്ടി വരുന്നതിനു പുറമേ ആനുകൂല്യങ്ങൾ നഷ്ടമാകുകയും ചെയ്യും.
ഇത്തരക്കാരിൽ 5 ലക്ഷംരൂപ വരെ വരുമാനമുള്ളവർക്ക് 1000 രൂപയും അതിനു മുകളിൽ വരുമാനമുള്ളവർ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും. പിഴയോടു കൂടി ഈ വർഷം ഡിസംബർ 31 വരെ റിട്ടേൺ നൽകാനാകും.
പക്ഷെ വൈകി റിട്ടേൺ സമർപ്പിക്കുന്നവർക്ക് അവലോകന വർഷത്തെ നഷ്ടം അടുത്ത വർഷത്തെ റിട്ടേണിൽ തട്ടിക്കിഴിക്കാനുള്ള അവസരം ലഭിക്കില്ല. അതിനു നിൽക്കാതെ വ്യക്തിഗത ആദായനികുതി ദായകർക്ക് നേരിട്ട് ഇന്നു തന്നെ റിട്ടേൺ സമർപ്പിക്കാനാകും.
ശമ്പള സ്ലിപ്പ്, ഫോം 16, നിക്ഷേപവിവരങ്ങളുടെ വിശദാംശങ്ങൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയെല്ലാം കൈയിൽ കരുതണം. ഏത് ഫോമാണ് തങ്ങൾക്ക് വേണ്ടതെന്നകാര്യത്തിലും വ്യക്തത വരുത്തണം.
വ്യക്തികൾക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മുൻ വർഷങ്ങളിലെ പോലെ നാലു ഫോമുകളാണുള്ളത്. ഐടിആർ 1, ഐടിആർ 2, ഐടിആർ 3, ഐടിആർ 4 തുടങ്ങിയവയാണ് ഇവ.
തെറ്റായ ഫോമിൽ റിട്ടേൺ സമർപ്പിച്ചാൽ അത് അസാധു ആണ്. അവസാന മണിക്കൂറുകളിൽ ഫയലിങിനൊരുങ്ങുന്നവർ തെറ്റ് കടന്നു കൂടിയാൽ തിരുത്താനുള്ള സാവകാശം കിട്ടില്ലെന്ന ബോധ്യത്തോടെ ആശങ്ക മാറ്റിവച്ച് ശ്രദ്ധാപൂര്വം വിവരങ്ങൾ രേഖപ്പെടുത്തണം എന്ന കാര്യം ശ്രദ്ധിക്കുക. സ്ഥാപനങ്ങൾക്കും മറ്റും നികുതി പ്രഫഷനലുകളുടെ സഹായം തേടാനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

